
വിലങ്ങാട്∙ ഉരുൾപൊട്ടലിൽ വിലങ്ങാട് ഗ്രാമം ഒറ്റപ്പെട്ട് വിറങ്ങലിച്ച് നിന്നുപോയ ആ രാത്രി. നാട്ടുകാരുടെ പ്രിയപ്പെട്ട
മത്തായി മാഷിന്റെ ജീവനെടുത്ത മണ്ണിടിച്ചിൽ. വീടുകളുംറോഡുകളും പാലങ്ങളുമടക്കം ഒരു നാട് ഒന്നടങ്കം ചിന്നിച്ചിതറിപ്പോയിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്.
ഇന്ന്, ഈ മണ്ണിൽ കാലുറപ്പിച്ച് നിൽക്കുമ്പോൾ ഏതൊരാളും ഉള്ളിൽ നെടുവീർപ്പോടെ പറഞ്ഞുപോകും..‘‘ ഒരു ഭരണാധികാരിയും ഇത്രയും കണ്ണിൽച്ചോരയില്ലാതെ ഒരു മനുഷ്യജീവിയോടും പെരുമാറരുത്.’’ വിലങ്ങാട്ടുകാർ അതിജീവിച്ചത് തുടരെത്തുടരെയുണ്ടായ മുപ്പതോളും ഉരുൾപൊട്ടലുകളെ മാത്രമല്ല. അതിനുശേഷം ഒരു വർഷക്കാലമായി തുടരുന്ന കടുത്ത അവഗണനകളെക്കൂടിയാണ്.
അവർ പൊരുതിപ്പൊരുതി പിടഞ്ഞുവീഴുകയാണ്. പ്രതീക്ഷയുടെ ഒരുതിരിയെങ്കിലും കാണാമെന്ന പ്രതീക്ഷയിൽ.
വിലങ്ങാട്∙ ‘‘ആദ്യത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ പാലത്തിലൂടെ ഞാൻ ആ കടയിലേക്ക് ഓടിക്കയറി.
മത്തായിമാഷ് കുരിശടിയിലേക്ക് കയറുന്നതു കണ്ടിരുന്നു. അപ്പോഴേക്ക് രണ്ടാമത്തെ ഉരുൾപൊട്ടി..
പിന്നെ ഒന്നും കാണാനുണ്ടായിരുന്നില്ല’’ ടാപ്പിങ് തൊഴിലാളി ഞാവല്ലിപുത്തൻപുരയിൽ ജിജി പറഞ്ഞു. ഉരുൾപൊട്ടിയ മണ്ണും ചെളിയും വന്നടിഞ്ഞ് ജിജിയുടെ വീട് ഉപയോഗശൂന്യമായി.
ദുരിതാശ്വാസക്യാംപിൽനിന്ന് വിലങ്ങാട് അങ്ങാടിയിൽ മലബാർ ചിക്കൻസ്റ്റാളിനു മുകളിലുള്ള ഒറ്റമുറിയിലേക്കാണ് ജിജിയും കുടുംബവും വാടകയ്ക്കു താമസം മാറിയത്. ദുരിതാശ്വാസ ക്യാംപിൽ 10,000 രൂപയും രണ്ടു മാസത്തെ വീട്ടുവാടകയുമാണ് ജിജിക്കും കിട്ടിയത്.
വിലങ്ങാട്∙ ആ രാത്രിയെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ബിജുവിന് നെഞ്ചിടിക്കും. മലമുകളിലെ വീടിനോടുചേർന്നാണ് ഉരുൾപൊട്ടി മണ്ണുംപാറയുമൊക്കെ വലിയശബ്ദത്തോടെ കടന്നുപോയത്.
അതോടെ ബിജുവിന്റെ വീട് ഒറ്റപ്പെട്ടുപോയി. മറ്റെല്ലാ വീടുകളും ഉരുൾച്ചാലിന്റെ മറുവശത്തായിരുന്നു.
ഉറക്കെ വിളിച്ചിട്ടുപോലും ആരും കേൾക്കുന്നുണ്ടായിരുന്നില്ല.
വീടിന്റെ അടുക്കള തകർന്നു. അരയേക്കർ കൃഷിസ്ഥലത്തിന്റെ ഒരുവശം പോയി.
വീട് വാസയോഗ്യമല്ലെന്ന് അധികൃതർ പറഞ്ഞു. ദുരിതാശ്വാസക്യാംപ് കഴിഞ്ഞ് 3 മാസം വാടകവീട്ടിൽ കഴിഞ്ഞു.
മൂന്നു മാസത്തെ വാടക സർക്കാർ കൊടുത്തു. അതുനിലച്ചതോടെ പോവാനിടമില്ലാതായി.
തകർന്ന വീട്ടിലേക്കു തിരികെവന്നു. കൂലിപ്പണിക്കാരനായ ബിജുവിന് ഇപ്പോൾ ജോലിയില്ല. നാട്ടിലെല്ലാവരും താമസം മാറുകയാണ്.
പണിക്ക് ആരും വിളിക്കാനില്ല.
ഓരോ മഴ പെയ്യുമ്പോഴും പേടിച്ചുവിറച്ച് ഇരിക്കുകയാണ് ബിജുവും ഭാര്യയും. മലമുകളിൽ ഉരുൾപൊട്ടിയ ഭാഗത്ത് ഇപ്പോഴും വിള്ളലുണ്ട്.
ഏതു നിമിഷവും അത് പൊട്ടിയടർന്നുപോരും. മലമുകളിലേക്ക് നോക്കി നെഞ്ചിടിപ്പോടെ ബിജു പറഞ്ഞു: ‘‘രാത്രി ഉറങ്ങിയിട്ട് എത്രയോ കാലമായി.’’
വിലങ്ങാട് അങ്ങാടിയിൽ കച്ചവട
സ്ഥാപനങ്ങളുള്ള ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു. പുഴയോരത്ത് കെട്ടിടങ്ങൾക്കു പിറകിലൂടെ നീളത്തിൽ ഒരു കോൺക്രീറ്റ് മതിൽ പണിയുമെന്നായിരുന്നു വാഗ്ദാനം.
ഇപ്പോൾ മതിലുമില്ല, സുരക്ഷയുമില്ല. ഇവിടെ പാലത്തിനോടുചേർന്ന് റോഡരികിൽ മലവെള്ളപ്പാച്ചിലിൽ തകർന്നുപോയ ബസ് സ്റ്റോപ്പ് ഇപ്പോഴും തകർന്നുതന്നെയാണ് കിടക്കുന്ന്.
ഒരു കല്ലുപോലും മാറ്റിയിട്ടില്ല.
വിനോയ് തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് പ്രസിഡന്റ്
∙
‘‘എന്തിനാണു ഞങ്ങളെ പെരുമഴയത്ത് നിർത്തുന്നത്?’’
ജൂലൈ മുപ്പതിനു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വിലങ്ങാട് മൊത്തം ആടിയുലഞ്ഞു. മഞ്ഞക്കുന്ന് മഞ്ഞച്ചീളിയിൽ രണ്ടു പാലങ്ങളും കടകളും വീടുകളും വായനശാലയുമടക്കം ഒരു നാട് മുഴുവൻ കുതിച്ചെത്തിയ പാറക്കല്ലുകൾക്കൊപ്പം മാഹിപ്പുഴയിൽപോയിപ്പതിച്ചു.
കരയ്ക്കക്കരെ ആ രാത്രി രക്ഷകനായെത്തിയ അധ്യാപകൻ മഞ്ഞക്കുന്ന് കുളത്തിങ്കൽ കെ.എ.മാത്യുവെന്ന മത്തായി മാഷിന്റെ മൃതദേഹം വിലങ്ങാട് പുഴയിൽനിന്നാണ് കണ്ടെടുത്തത്. ഒരു നാടു മുഴുവൻ വിറങ്ങലിച്ചുപോയ രാത്രി.
പിന്നീടിങ്ങോട്ട് നാട്ടുകാർക്ക് ദുരിതങ്ങളുടെ രാപ്പകലുകളായിരുന്നു.
വൻവാഗ്ദാനങ്ങളും വൻആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സർക്കാരും മന്ത്രിമാരും മടങ്ങി. ഇപ്പോഴും ജനങ്ങൾ ഉരുൾപൊട്ടലിൽ തകർന്ന വീടുകളിൽ ജീവിക്കുകയാണ്.
തൊഴിലില്ല, വരുമാനമില്ല. കൂട്ടിന് പട്ടിണി മാത്രം.
ധനസഹായം നാലിലൊന്ന് ദുരിതബാധിതർക്ക് മാത്രം
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാംപിൽ താമസിച്ച 480 പേർക്ക് 10,000 രൂപ വീതം നൽകിയിരുന്നു.
ഓരോ വീട്ടിലും ജീവനോപാധി നഷ്ടപ്പെട്ട രണ്ടുപേർക്കുവീതം സഹായം നൽകുമെന്നു പ്രഖ്യാപിച്ചു.
ഇതുപ്രകാരം ആകെ 77 പേർക്ക് 9000 രൂപ വച്ച് മൂന്നു മാസത്തേക്ക് സഹായം കിട്ടി. ആദ്യം പുറത്തുവിട്ട
പട്ടിക പ്രകാരം ആകെ 93 പേർക്ക് താൽക്കാലികമായി വാടകവീടിനു നൽകാനുള്ള വാടക കിട്ടി. ചിലർക്ക് ഒരു മാസത്തെ വാടക കിട്ടി.
ചിലർക്ക് രണ്ടു മാസവും ചിലർക്ക് മൂന്നു മാസവും കിട്ടി. ഇതിനുപുറമേ, കൃഷിയും കൃഷിയിടവും നഷ്ടമായവർക്ക് കൃഷി വകുപ്പ് നാമമാത്രമായ സഹായങ്ങൾ നൽകി.
ഉരുൾപൊട്ടലിൽ പൂർണമായും വീട് നഷ്ടപ്പെട്ടു പോയ 31 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. വിലങ്ങാട്ടെ ജനകീയ സമിതിയുടെ കണക്കുപ്രകാരം 150 കുടുംബങ്ങളാണ് ഉരുൾപൊട്ടലിന്റെ ഇരകളായത്.
പൂർണമായും വീട് നഷ്ടപ്പെട്ടവർ, ഉരുൾപൊട്ടലിൽ ഭാഗികമായി വീട് നഷ്ടപ്പെട്ടവർ. ഉരുൾപൊട്ടിയ ചാലിന്റെ കരയിൽ തകർന്നുപോയ വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്നവർ എന്നിങ്ങനെയുള്ള 150 പേരിൽ ആകെ 31 പേർക്കേ ധനസഹായം കിട്ടിയിട്ടുള്ളൂ.
പ്രദേശത്തെ ബാക്കിയുള്ള 120 കുടുംബങ്ങളും തുല്യമായ നഷ്ടപരിഹാരത്തിന് അർഹരാണ്. ഇവരെല്ലാവരും പുതിയ വീട് വച്ച് മാറേണ്ടത്.
വിലങ്ങാടിനു സ്പെഷൽ പാക്കേജാണ് തയാറാക്കേണ്ടതെന്ന് എത്രയോതവണ ഞങ്ങൾ ആവശ്യപ്പെട്ടതാണ്..
വിലങ്ങാടിനായി നൂറോ നൂറ്റമ്പതോ കോടി രൂപ മാറ്റിവച്ച് നവീകരണം നടത്തിയാലേ പ്രശ്നങ്ങൾ പരിഹരിക്കൂ. എന്നാൽ പാവം മനുഷ്യരെ പൂർണമായും ദുരിതത്തിലാക്കി അവഗണിക്കുകയാണ് ചെയ്യുന്നത്.
ഒരു വർഷം കഴിഞ്ഞിട്ടും ഞങ്ങൾ ദുരിതത്തിലാണ്. ശക്തമായ സമരവുമായി മുന്നോട്ട് പോവാനാണ് യുഡിഎഫിന്റെ തീരുമാനം.
ഷെബി സെബാസ്റ്റ്യൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി
∙
ആ പട്ടികയെവിടെ?
സർക്കാർ തിരിഞ്ഞുനോക്കാതായതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
തുടർന്ന് കലക്ടർ യോഗം വിളിച്ചു ചേർത്തു. എന്നാൽ എത്തിച്ചേർന്ന മുഴുവൻപേരോടും സംസാരിക്കാൻ കലക്ടർ തയാറാവാതിരുന്നത് പ്രതിഷേധമുയർത്തി.
35 പേരെയാണ് രണ്ടാംപട്ടിക പ്രകാരംം പഞ്ചായത്ത് ഓഫിസിൽ വിളിച്ചുവരുത്തിയത്. എന്നാൽ ഈ യോഗത്തിനുശേഷം രണ്ടാംപട്ടിക അപ്രത്യക്ഷമായി.
ആരും പിന്നീട് ഈ പട്ടിക കണ്ടില്ല. പട്ടിക എവിടെപ്പോയെന്ന് റവന്യൂ അധികൃതർക്കും അറിവില്ല.
∙
മഴ വരുമ്പോൾ നെട്ടോട്ടം, സുരക്ഷിത മേൽക്കൂര തേടി
ഉരുൾപൊട്ടലിനുശേഷം വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലെ പ്രധാന തീരുമാം 100 കുടുംബങ്ങളെ മാറ്റിത്താമസിക്കാവുന്ന ഒരു ഷെൽടർ നിർമിക്കാമെന്നതായിരുന്നു.
ഒരു വർഷമായിട്ടും ഈ വാഗ്ദാനം എങ്ങുമെത്തിയില്ല. ഈ മഴക്കാലത്തും ആളുകൾ ഭീതിയോടെ സ്വന്തം ചെലവിൽ വാടകവീടുകൾ തേടിക്കണ്ടുപിടിച്ച് മാറിത്താമസിക്കുകയാണ്. എന്നാൽ ഇവർക്ക് സർക്കാർ വാടക കൊടുക്കുന്നില്ല.
ദുരിതാശ്വാസത്തിന് അപേക്ഷ സ്വീകരിക്കുന്നുമില്ല. എല്ലാ സഹായവും ജനുവരിയോടെ പൂർണമായും നിലച്ചു. ഉരുൾപൊട്ടിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഈ മഴക്കാലത്തും മൂന്നു മാസത്തേക്ക് താൽക്കാലിക സഹായം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
∙
തകർന്നത് 12 കട, ധനസഹായം 6 കടയ്ക്ക് !
വിലങ്ങാട് അങ്ങാടിയിൽ വ്യാപാരമേഖലയിൽ 12 കടകൾ പൂർണമായും ഒലിച്ചുപോയി.
എന്നാൽ ഇതിൽ ആറു കടകൾക്കാണ് ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള സഹായം കിട്ടിയത്. ഓരോ കടയിലും രണ്ടുപേർക്ക് 9000 രൂപ വീതം ആറു കടയിലെ 12 ആളുകൾക്കാണ് ഇതു ലഭിച്ചത്.
ബാക്കിയുള്ള ആറു കടക്കാരെ തിരിഞ്ഞുനോക്കിയില്ല. വിലങ്ങാട് അങ്ങാടിയിൽ 35 കടകളിൽ വെള്ളംകയറി.
സർക്കാർ ഒരു തരത്തിലുള്ള അന്വേഷണവും ഇവിടെ നടത്തിയില്ല. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് മറ്റൊരു ധനസാഹയവും കിട്ടിയിട്ടുമില്ല.
∙
6 പാലങ്ങൾ, അനേകം റോഡുകൾ അനക്കമില്ലാത്ത ഒരു വർഷം
കഴിഞ്ഞ ജൂലൈ മൂപ്പതിന് ഉരുൾപൊട്ടലിൽ വിലങ്ങാട് മേഖലയിൽ ആറു പാലങ്ങൾ തകർന്നു തരിപ്പണമായി.
വിലങ്ങാട് അങ്ങാടിയിലെ പ്രധാന പാലമായ ഉരുട്ടിപ്പാലത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത് ഒരു മാസം മുൻപായിരുന്നു. ഇതിന്റെ അപ്രോച്ച് റോഡ് തകർന്നു.
വിലങ്ങാട് അങ്ങാടിയിലെ വാളൂക്ക് പാലം തകർന്നു. മഞ്ഞച്ചീളിയിൽ ഉരുൾ പൊട്ടലിൽ ഒഴുകിവന്ന പാറയും മണ്ണും മരങ്ങളും തുടച്ചുനീക്കിയത് രണ്ടു പാലങ്ങളെയാണ്. ആദിവാസി ഉന്നതിയിലേക്കുള്ള വായാട് പാലം തകർന്നത് ഒന്നരമാസം മുൻപാണ് നാട്ടുകാർ അറ്റകുറ്റപ്പണി നടത്തിയത്.
ഇതിനു കൈവരിയില്ല. രണ്ടാഴ്ച മുൻപ് വെള്ളം കയറിപ്പോൾ പുഴയും പാലവും തിരിച്ചറിയാത്ത അവസ്ഥയായിരുന്നു.
പാലൂർ മുച്ചങ്കയം പാലവും മലയങ്ങാട് പാലവും തകർന്നു. ഇതൊന്നും നന്നാക്കാനുള്ള ഒരു നടപടിയും ഒരു വർഷത്തിനിപ്പുറവും നടപ്പായിട്ടില്ല.
∙
റോഡെവിടെ മക്കളേ ?
വയനാട് അഅതിർത്തിയോടു ചേർന്ന് പുല്ലുവ മുതൽ ഉരുട്ടി വാണിമേൽ വരെയുള്ള മലയോരഹൈവേ പൂർണമായും തകർന്നു കിടക്കുകയാണ്.
നാട്ടിലെ എല്ലാ ഗ്രാമീണ റോഡുകളും പൂർണമായും തകർന്നു കിടക്കുകയാണ്. പലയിടങ്ങളിലും കുട്ടികൾ കിലോമീറ്ററുകളോളം നടന്നാണ്് സ്കൂളിൽ പോവുന്നത്. വിലങ്ങാട് അങ്ങാടിക്കു സമീപം പള്ളിയുടെ മുൻവശത്ത് പ്രധാന റോഡിന്റെ പകുതിഭാഗം ഇടിഞ്ഞ് പുഴയിൽവീണു.
ഇത് ഒരു വർഷമായിട്ടും നന്നാക്കിയിട്ടില്ല. മഞ്ഞച്ചീളി ഭാഗത്തുനിന്നും മറ്റും വിലങ്ങാട് സ്കൂളിലേക്ക് നടന്നു വരുന്ന കുട്ടികൾ ജീവനുംകയ്യിൽപ്പിടിച്ചാണ് ഇതിലെ കടന്നുപോവുന്നത്.
∙
വെള്ളത്തിൽ കലക്കിയൊഴുക്കിയ കോടികൾ !
വിലങ്ങാട് പുഴയിൽ വലിയ പാറക്കല്ലുകളും മരങ്ങളും ചെളിയും വന്നടിഞ്ഞ് നിരപ്പായിപ്പോയിരുന്നു.
പുല്ലുവ മുതൽ ഉരുട്ടി വരെയുള്ള ഭാഗത്ത് പുഴ വൃത്തിയാക്കി മാലിന്യവും കല്ലും നീക്കാൻ രണ്ടരക്കോടി രോപയാണ് ഇറിഗേഷൻ വകുപ്പ് അനുവദിച്ചത്. ഹിറ്റാച്ചി കൊണ്ടുവന്ന് പുഴയിലെ പാറക്കല്ലുകൾ രണ്ടു വശത്തേക്കും നീക്കിയിട്ടതോടെ രണ്ടരക്കോടി സ്വാഹ !
ഓരോ തവണ വീണ്ടും മഴ പെയ്യുമ്പോൾ വശങ്ങളിൽനിന്ന് കല്ലുകൾ പുഴയിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]