
കോയിപ്രം ∙ നെല്ലിക്കൽ പാടത്ത് വള്ളംമറിഞ്ഞു മുങ്ങിമരിച്ച മാരുപറമ്പിൽ ദേവശങ്കറിന്റെ (38) മൃതദേഹവും കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ തൃക്കണ്ണപുരം പുഞ്ചയിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്.
വള്ളത്തിൽ ഉണ്ടായിരുന്ന നെല്ലിക്കൽ മാരുപറമ്പിൽ മിഥുൻ (29), കിടങ്ങന്നൂർ മണപ്പള്ളി ചാങ്ങച്ചേത്ത് മുകളിൽ രാഹുൽ സി.നാരായണൻ (28) എന്നിവരെ സംഭവംനടന്ന് വൈകാതെ കരയ്ക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ദേവശങ്കറിനു വേണ്ടി അഗ്നിരക്ഷാസേനയും പൊലീസും ഞായറാഴ്ച രാത്രി 9 വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് അവസാനിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 9ന ആണ് തിരച്ചിൽ പുനരാരംഭിച്ചത്.
രണ്ടാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ല് തിരച്ചിലിന് തടസ്സമായിരുന്നു. പുല്ലിനിടയിൽ കുരുങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസിന്റെ നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
സംസ്കാരം പിന്നീട്. ഭാര്യ: രജനി, മക്കൾ: അഞ്ചാം ക്ലാസ് വിദ്യാർഥിനി ദേവനന്ദ (ലക്ഷ്മി), മൂന്നാം ക്ലാസ് വിദ്യാർഥിനി രുദ്രനന്ദ (മീനാക്ഷി).രാഹുൽ സി.നാരായണന്റെ മൃതദേഹം ഇന്നു രാവിലെ 9ന് വീട്ടിൽ എത്തിക്കും.
സംസ്കാരം ഇന്ന് ഉച്ചയ്ക്കു 2ന്.
തിരച്ചിലിന് തടസ്സമായത് പുല്ല് വളർന്നു നിറഞ്ഞ പുഞ്ച
നെല്ലിക്കൽ ∙ പുല്ലു വളർന്നു നിറഞ്ഞ പുഞ്ചയിൽ വളരെ പ്രയാസകരമായാണ് ഇന്നലെ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയത്. രാവിലെ തുടങ്ങിയ തിരച്ചിലിനൊടുവിൽ ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു ശേഷമാണു മൃതദേഹം കണ്ടെത്തിയത്.
പുല്ലിനിടയിലേക്കു കയറി തിരച്ചിൽ നടത്തുക ശ്രമകരമായിരുന്നു. പത്തനംതിട്ട, തിരുവല്ല, ചെങ്ങന്നൂർ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള സ്കൂബ ടീം അംഗങ്ങളും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു.
പത്തനംതിട്ട
ഫയർ സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണു തിരച്ചിൽ ഏകോപിപ്പിച്ചത്.സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ എ.പി.ദില്ലു, കെ.പി.പ്രദീപ്, സുജിത് നായർ, കെ.കെ.ശ്രീനിവാസ് എന്നിവരും ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ ശ്രീകുമാർ, അജിലേഷ്, ജി.കെ.ഷിജു, പി.സണ്ണി, സി.ശ്രീദാസ്, എസ്.സുനിൽശങ്കർ, സി.ശരത് ചന്ദ്രൻ, പ്രദീപ്കുമാർ എന്നിവരാണു തിരച്ചിൽ സംഘത്തിലുണ്ടായിരുന്നത്.
നിലവിളി കേട്ടതോടെ ഓടിച്ചെന്നു; കരയിലേക്ക് എത്തിച്ചെങ്കിലും….
നെല്ലിക്കൽ ∙ രണ്ടു യുവാക്കളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതു വെറുതെയായ വേദനയിലാണു പ്രദേശവാസിയായ തൈക്കൂട്ടത്തിൽ ശ്രീകുമാർ (അനിയൻ). പാടത്തിന്റെ കരയിൽ നിന്ന് ‘വള്ളം മുങ്ങിയേ രക്ഷിക്കണേ’ എന്ന നിലവിളി കേട്ടതോടെ തൊട്ടടുത്ത വീട്ടിലെ വള്ളം ആണോ എന്ന ചിന്തയിലാണ് ഓടിച്ചെല്ലുന്നത്.
വെള്ളത്തിലേക്ക് എടുത്തുചാടി സംഭവസ്ഥലത്തേക്കു നീന്തിച്ചെന്നു. കുട്ടിക്കാലം മുതൽ പമ്പയാറിനു അക്കരെയിക്കരെ നീന്തി പരിചയമുള്ളയാളാണു ശ്രീകുമാർ.
നിലയില്ലാ വെള്ളത്തിൽ മുങ്ങാൻ തുടങ്ങുന്നവർക്ക് അടുത്തേക്കു പോകരുതെന്നും അവർക്ക് പിടിച്ചു നിൽക്കാൻ എന്തെങ്കിലും എറിഞ്ഞു കൊടുക്കുകയാണു വേണ്ടതെന്നും അറിയാവുന്നതിനാൽ ഉടുത്തിരുന്ന കൈലി അഴിച്ച് ഒരു തുമ്പ് അവർക്കു നേരെ എറിഞ്ഞു നൽകി.
മിഥുനും രാഹുലും കൈലിയിൽ പിടിച്ചതോടെ ഇവരെയും വലിച്ചു തിരികെ നീന്തിയെങ്കിലും വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലൂടെയുള്ള നീന്തൽ വളരെ പ്രയാസം സൃഷ്ടിച്ചു. ഒരു തരത്തിൽ കരയ്ക്ക് എത്തിച്ച ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കിയാണ്.
വൈകിട്ട് വീടിന്റെ പൂമുഖത്തിരുന്നു ചായ കുടിക്കുമ്പോഴാണു ദേവശങ്കർ മുന്നിലുള്ള വഴിയിലൂടെ നടന്നു പോകുന്നതു കണ്ടത്.
‘ദേവാ എവിടെ പോകുന്നു, വാ ചായ കുടിച്ചിട്ടു പോകാം’ എന്നു പറഞ്ഞെങ്കിലും കൂട്ടുകാർ അവിടെ ചൂണ്ടയിടുന്നു പോയി വരട്ടെ എന്നു പറഞ്ഞു പോയ യുവാവ് മരണത്തിലേക്കാണു പോയതെന്നു പറയുമ്പോൾ ശ്രീകുമാർ നിശബ്ദനാകുന്നു. മരിച്ച മിഥുൻ, രാഹുൽ എന്നിവർക്ക് ഒപ്പമാണ് ശ്രീകുമാറിന്റെ മകൻ ജിതിൻ ജോലി ചെയ്തിരുന്നത്.ഒരു ദിവസം ജോലി ഇല്ലെങ്കിൽ മിഥുനും രാഹുലും ശ്രീകുമാറിന്റെ വീട്ടിലേക്ക് എത്തും.
അല്ലെങ്കിൽ ജിതിൻ അവരുടെ വീട്ടിലേക്ക് പോകും. അത്തരം ഒരു ബന്ധം കൂടി ഇല്ലാതായ സങ്കടവും ഈ പ്രവാസി പങ്കു വയ്ക്കുന്നു.
തോരാതെ അമ്മക്കണ്ണീർ…
കിടങ്ങന്നൂർ ∙ അമ്മക്കണ്ണീർ ഇനി തോരില്ല.
അകാലത്തിൽ നഷ്ടമായ ഭർത്താവിനെ പോലെ മകനും യാത്രയാകുമ്പോൾ കരയാൻ പോലുമാകാതെ മാതാവ് ലീല. 2 വർഷം മുൻപാണ് ഭർത്താവ് നാരായണൻ മരണപ്പെടുന്നത്.
ഇതിന് ശേഷം കുടുംബത്തിന്റെ നെടുംതൂണായിരുന്നു ഇന്നലെ വള്ളം മറിഞ്ഞ് മരിച്ച രാഹുൽ. മണപ്പള്ളി പ്രദേശത്തെ കുടുംബങ്ങളിലെ സുഖദുഃഖങ്ങളിലും പൊതുകാര്യങ്ങൾക്കും നിറ സാന്നിധ്യമായിരുന്നു ഇൗ യുവാവ്.
സഹോദരിമാരായ രാധിക, രേണുക എന്നിവരുടെ വിവാഹം കഴിഞ്ഞു.
പിതാവിന്റെ മരണത്തിനും ശേഷം അമ്മ തനിച്ചായി. രാവിലെ ജോലിക്ക് ഇറങ്ങുന്ന ഇയാൾ കഴിയുന്നത്ര വേഗം ജോലികൾ തീർത്ത് വീട്ടിലെത്താൻ ശ്രദ്ധ കാണിച്ചിരുന്നു.
രാധികയുടെ ഭർത്താവ് പ്രവാസിയായ സാജൻ നാട്ടിലെത്തി ഇലക്ട്രിക്കൽ– പ്ലമിങ് വർക്കുകൾ കരാർ എടുത്ത് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം 6 വർഷമായി ഇലക്ട്രിക്കൽ പണികൾ ചെയ്തു വരികയായിരുന്നു.
ഒഴിവ് കിട്ടുന്ന ദിവസം സുഹൃത്തുക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം, കൂടെ ജോലി ചെയ്യുന്ന കോയിപ്രം നെല്ലിക്കലുള്ള മിഥുനെ കാണാൻ പോയതാണ് രാഹുൽ. ഇവിടെയെത്തി കൂട്ടുകാരെ കൂട്ടി പാടത്ത് മീൻ പിടിക്കാൻ പോകുമ്പോഴാണു വള്ളം മറിഞ്ഞ് മരണം സംഭവിക്കുന്നത്.
മൃതദേഹം ഇന്ന് രാവിലെ 9നു വീട്ടിൽ കൊണ്ടുവരും സംസ്കാരം 2ന് നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]