
വൈക്കം ∙ വേമ്പനാട്ടു കായലും മൂവാറ്റുപുഴയാറും ചേരുന്ന നദീമുഖത്തിനു സമീപം, 23 പേർ കയറിയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റ് 22 പേരെ സാഹസികമായി രക്ഷപ്പെടുത്തി. ചെമ്പ് മുറിഞ്ഞപുഴയ്ക്കു സമീപം കാട്ടിക്കുന്ന് തുരുത്തിനും നടുത്തുരുത്തിനും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം.
ആലപ്പുഴ പാണാവള്ളിയിൽനിന്നുള്ളവരായിരുന്നു വള്ളത്തിൽ. കാട്ടിക്കുന്ന് തുരുത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. 11 സ്ത്രീകളും 12 പുരുഷന്മാരുമാണു വള്ളത്തിലുണ്ടായിരുന്നത്.
ഇവരിൽ ഭൂരിഭാഗവും ബന്ധുക്കളാണ്. 2 സ്ത്രീകളെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാക്കിയുള്ള 20 പേരെ വൈകിട്ടോടെ ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ പാണാവള്ളിയിൽ എത്തിച്ചു.
പാണാവള്ളി പഞ്ചായത്ത് 9–ാം വാർഡ് വേലംകുന്നത്ത് (കൊറ്റപ്പള്ളി നികർത്ത്) സുമേഷിനെയാണ് (കണ്ണൻ–42) കാണാതായത്. വെള്ളത്തിൽ വീണ സുമേഷ് കരയിലേക്കു നീന്തുന്നതിനിടെയാണു കാണാതായത്.
രാത്രി 7 വരെ അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്നു പുനരാരംഭിക്കും. തടിയിലും ഫൈബറിലുമായി നിർമിച്ച്, എൻജിൻ ഉപയോഗിച്ച് ഓടുന്ന വള്ളമായിരുന്നു.
വള്ളം ഒന്നര കിലോമീറ്റർ അകലെ പെരുമ്പളം ദ്വീപിൽനിന്നു കണ്ടെടുത്തു.
കാറ്റിൽപ്പെട്ട് വള്ളം മുങ്ങി; നാട്ടുകാരുടെ ഇടപെടലിൽഒഴിവായത് വൻദുരന്തം
സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ സംഭവിച്ച അപകടത്തിൽ വൻദുരന്തം ഒഴിവായത് നാട്ടുകാരുടെ ഇടപെടൽ മൂലം.കാട്ടിക്കുന്ന് തുരുത്തിൽ പരപ്പിൽ വീട്ടിൽ മുരളിയുടെ ഭാര്യ സിന്ധു മുരളി (57)യുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണു പാണാവള്ളിയിൽ നിന്നുള്ള 23 അംഗ സംഘം പുറപ്പെട്ടത്. പാണാവള്ളി സ്വദേശിയായ മുരളിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇവർ.
രാവിലെ 10.30നു പാണാവള്ളി ഊടുപുഴ ജെട്ടിയിൽ നിന്നു പുറപ്പെട്ട സംഘം പതിനൊന്നരയോടെ കാട്ടിക്കുന്ന് തുരുത്തിൽ എത്തി.
12.30ന് സംസ്കാരം നടന്നു. 1.25ന് ഇവർ കാട്ടിക്കുന്ന് തുരുത്തിലെ കടവിൽ നിന്ന് തിരികെ വള്ളത്തിൽ പുറപ്പെട്ടു.
പുറപ്പെട്ട
ഉടനെ കനത്ത കാറ്റ് വീശിയതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടമായി. 5 മിനിറ്റിനുള്ളിൽ ശക്തമായ തിരയടിച്ചു വെള്ളം വള്ളത്തിനുള്ളിൽ കയറിയതോടെ മുൻഭാഗം വെള്ളത്തിലേക്കു താഴ്ന്നു.
യാത്രക്കാർ മുങ്ങിയ വള്ളത്തിൽ പിടിച്ചുകിടന്ന് നിലവിളിച്ചു. തീരത്തുനിന്ന് കുറച്ചകലെയാണു വള്ളം മുങ്ങിയത്.ഈസമയം അതുവഴി കക്കാ ഇറച്ചി വിൽക്കാനായി വള്ളത്തിൽ എത്തിയ പാണാവള്ളി സ്വദേശി ശിവൻ ബഹളം കേട്ട് മറിഞ്ഞ വള്ളത്തിന്റെ അരികിലെത്തി.
യാത്രക്കാർ ശിവന്റെ വള്ളത്തിലും മുങ്ങിയ വള്ളത്തിലുമായി പിടിച്ചു കിടന്നു.
ഈ സമയം കരയിൽ നിന്നു മറ്റു വള്ളത്തിൽ എത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. 19 പേരെ നടുത്തുരുത്തിലേക്കും 3 പേരെ കാട്ടിക്കുന്ന് തുരുത്തിലേക്കും ആദ്യം എത്തിച്ചു.
കാട്ടിക്കുന്ന് തുരുത്തിൽ എത്തിച്ച 3 പേരെക്കൂടി പിന്നീട് നടുത്തുരുത്തിലെ ഒരു വീട്ടിലേക്കു മാറ്റി. അപകട
സമയത്ത് നീന്തി കരയിലേക്കു പോകാനുള്ള ശ്രമത്തിനിടയിലാണു സുമേഷിനെ കാണാതായത്.വൈകിട്ട് ആറോടെ 22 പേരെ ജലഗതാഗത വകുപ്പിന്റെ റെസ്ക്യൂ ബോട്ടിൽ പാണാവള്ളിയിലേക്കു കൊണ്ടുപോയി.
ഉണർന്നു പ്രവർത്തിച്ച് നാട്ടുകാർ
അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി എത്തിച്ച നടുത്തുരുത്തിലേക്കു പോകുന്ന നടപ്പു വഴിയിലെ ഒറ്റത്തടി പാലത്തിൽ നിമിഷനേരം കൊണ്ടാണു നാട്ടുകാർ കൈവരികൾ കെട്ടിയുറപ്പിച്ചത്. എത്രപെട്ടെന്ന് ഒരു നാട് ഉണർന്നു പ്രവർത്തിച്ചു എന്നതിന്റെ തെളിവായി ആ കൈവരികൾ.
പുറത്തുനിന്നു വരുന്ന പൊലീസ്, അഗ്നിരക്ഷാസേന അടക്കമുള്ള രക്ഷാപ്രവർത്തകർ തുരുത്തിലേക്ക് എത്തുമ്പോൾ ഒറ്റത്തടിപ്പാലത്തിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ടും എന്നു മനസ്സിലാക്കിയാണു കൈവരികൾ അടക്കം കെട്ടിയുണ്ടാക്കിയത്. അപകടം നടന്നയുടൻ നിലവിളി കേട്ട് നാട്ടുകാർ വള്ളങ്ങളുമായി കുതിച്ചതും അപകട വ്യാപ്തി കുറച്ചു.
ആളുകളെ കരയിൽ എത്തിച്ച് ആവശ്യമായ സഹായങ്ങളും നാട്ടുകാർ നൽകി.
ആറ്റിലായതിനാൽ ദുരന്തവ്യാപ്തി കുറഞ്ഞു
അപകടം നടന്നതു മൂവാറ്റുപുഴയാറും വേമ്പനാട്ടു കായലും ചേരുന്ന നദീമുഖത്തിന് സമീപം. കഴിഞ്ഞ ദിവസത്തെ മഴയിൽ മൂവാറ്റുപുഴയാറ്റിൽ ശക്തമായ ജലപ്രവാഹമാണ്.
കൂടാതെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതു കാരണവും വെള്ളമുയർന്നാണു നിൽക്കുന്നത്. മൂവാറ്റുപുഴയാർ വേമ്പനാട് കായലിൽ ചേരുന്ന ഭാഗത്തിന്റെ മീറ്ററുകൾ മാത്രം മുകളിലാണ് അപകടം നടക്കുന്നത്. വള്ളം കുറച്ചുകൂടി നീങ്ങി വേമ്പനാട്ടു കായലിൽ പ്രവേശിച്ച ശേഷമായിരുന്നു അപകടമെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കൂടിയേനെ.
കച്ചിത്തുരുമ്പായി ചെറുവള്ളം; പറ്റിപ്പിടിച്ച് കുറെ മനുഷ്യർ
ഉയർന്നു മറിയുന്ന മൂവാറ്റുപുഴയാർ. അതിനു നടുവിൽ മറിയാതെ ഒരു ചെറുവള്ളം.
അതിന്റെ ഇരുവശങ്ങളിലുമായി പറ്റിപ്പിടിച്ച് കുറെ മനുഷ്യർ. എല്ലാം അവസാനിച്ചെന്ന് കരുതിയ തങ്ങളുടെ ജീവനിലേക്ക് പാലമിട്ടു കൊടുത്ത ആ തോണിക്കാരനെ എങ്ങനെയെങ്കിലും നേരിൽക്കാണണം എന്ന ആഗ്രഹത്തിലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് വൈക്കം താലൂക്കാശുപത്രിയിൽ കഴിയുന്ന ബിന്ദുവും വള്ളിയും.സംഭവത്തെക്കുറിച്ച് വള്ളി പറയുന്നത് ഇങ്ങനെ: ‘അഞ്ചാറ് ഓളങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി ഉയർന്നു.
അവസാനത്തെ ഓളം അടിച്ചു കയറിയതും വള്ളത്തിൽ വെള്ളം നിറഞ്ഞു. ഞങ്ങളെല്ലാവരും മറിഞ്ഞുവീണു.
മത്സ്യത്തൊഴിലാളിയായ എനിക്കുപോലും നീന്താനായില്ല. മുങ്ങിത്താഴുന്നതിനിടെ, മറിഞ്ഞ വള്ളത്തിന്റെ അരികിൽ പലർക്കും പിടിത്തം കിട്ടി.
എന്നാൽ അത് വീണ്ടും ആടിയുലഞ്ഞു. എല്ലാവരും വെള്ളത്തിലേക്ക് തന്നെ തെറിച്ചുപോയി.
അപ്പോഴാണ് ദൂരെനിന്ന് ആ ചേട്ടൻ വള്ളത്തിൽ ഞങ്ങളുടെ അടുത്തേക്ക് വരാൻ ശ്രമിക്കുന്നത്.
ഓളം ആ വള്ളത്തെ പിന്നോട്ട് ആഞ്ഞു തള്ളുന്നുണ്ടായിരുന്നു. 10 മിനിറ്റോളം സമയം എടുത്താണ് അദ്ദേഹത്തിന് എത്താനായത്.
അതിനിടയിൽ പലതവണ അദ്ദേഹത്തിന്റെ വള്ളവും മറിയാൻപോയി. അടുത്തെത്തിയ ഉടനെ വെള്ളത്തിൽ നിന്നു ഞങ്ങൾക്ക് പിടിച്ചു കിടക്കാനായി അദ്ദേഹം വള്ളത്തെ ബാലൻസ് ചെയ്തു നിർത്തി.
75 വയസ്സിലേറെ പ്രായം അദ്ദേഹത്തിനുണ്ട്. കരയിലേക്കും കായലിലെ മറ്റ് വള്ളങ്ങളിലേക്കും നോക്കി രക്ഷിക്കണേയെന്ന് അദ്ദേഹം പലതവണ അലറിവിളിക്കുന്നുണ്ടായിരുന്നു.
ഭാരംകൂടി വള്ളം മറിയുമെന്നായപ്പോൾ തന്റെ എന്തൊക്കെയോ സാധനങ്ങൾ വള്ളത്തിൽ നിന്ന് അദ്ദേഹം കായലിലേക്ക് എടുത്തെറിഞ്ഞു.
അപ്പോഴേക്കും മറ്റ് വള്ളങ്ങളെത്തി. ഞങ്ങളെ കരയ്ക്കെത്തിച്ചു.
എന്റെ ബന്ധുവാണ് അപകടത്തിൽപ്പെട്ട ബിന്ദു.
അവൾക്കാണെങ്കിൽ നീന്തൽ ഒട്ടുമറിയില്ല. വള്ളത്തിൽ കയറാൻ പോലും പേടിയാണ്.’– വള്ളി പറഞ്ഞു.ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനാലാണ് ബിന്ദുവിനെയും വള്ളിയെയും വൈക്കം താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്.
വെള്ളം ഉള്ളിൽച്ചെന്നതും പേടിയും മൂലമുള്ള ബുദ്ധിമുട്ടുകളാണ് ഇരുവർക്കുമുള്ളത്. ബിന്ദുവിന്റെ മക്കളായ അശ്വിനും ആയുഷും അമ്മയെ നീന്തൽ പഠിപ്പിക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു.
ഓടിയെത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പെട്ടെന്നുള്ള നടപടികളുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും.
കോട്ടയം, വൈക്കം, ചേർത്തല എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിലിനായി എത്തി.സി.കെ.ആശ എംഎൽഎ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ബി.ഷിബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും വൈക്കം തഹസിൽദാർ വിപിൻ ഭാസ്ക്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എസ്.സൂരജിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും സ്ഥലത്ത് എത്തി.
അപകടത്തിൽപ്പെട്ടത് ഇവർ
മുറിഞ്ഞപുഴയ്ക്ക് സമീപം മൂവാറ്റുപുഴയാറിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ടവർ:1.
അനിക്കുട്ടൻ(59) പുന്നത്തുറ പൂച്ചാക്കൽ, 2.സരോജിനി (71) മാതനാടി പാണാവള്ളി, 3.ദേവകി (74) കോരോഴത്ത്തറ പാണാവള്ളി, 4.സരസു (59) കണ്ണ്യേകോണിൽ പൂച്ചാക്കൽ, 5.സന്തോഷ് (37) പഴേച്ചിറ പാണാവള്ളി, 6.വിനീത(30) പഴേച്ചിറ പാണാവള്ളി, 7.ബൈജു( 49) മേടയിൽ പാണാവള്ളി, 8.ബൈജു (44) കുളത്തുരുത്ത് പാണാവള്ളി, 9.ബിന്ദു(52) കളത്തിപ്പറമ്പ് എഴുപുന്ന, 10.വള്ളി (57) കളത്തിപ്പറമ്പ് എഴുപുന്ന, 11.സുരേന്ദ്രൻ (63) മാതനാടി പാണാവള്ളി, 12.മിനി (59) മാതനാടിവെളി പാണാവള്ളി, 13.മിനി (50) പുന്നത്തുറ പാണാവള്ളി, 14. സനിത (44) കുളത്തുരുത്ത് പാണാവള്ളി, 15.നിർമ്മല (52) മേടയിൽ നികർത്ത് പാണാവള്ളി, 16.പുരുഷൻ (66) മാതനാടി പാണാവള്ളി, 17.വിജി (42) മാതനാടി പാണാവള്ളി, 18.അഭിനന്ദ് ബാബു(18) മാതനാടി പാണാവള്ളി, 19.ഷൈജു (47) കോതേഴത്ത്ചിറ പാണാവള്ളി, 20.ഭാസ്ക്കരൻ (62) മാതനാടിവെളി പാണാവള്ളി, 21.ഉദയൻ (47) കൊട്ടാരച്ചിറ പാണാവള്ളി, 22.
അനിക്കുട്ടൻ (54) കൊട്ടരച്ചിറ പാണാവള്ളി, 23. സുമേഷ് (കണ്ണൻ–42) വേലംകുന്നത് പാണാവള്ളി (അപകടത്തിൽ കാണാതായി)
രക്ഷകരായി ചന്ദ്രനും രാമചന്ദ്രനും
ചോറുണ്ടു കൊണ്ടിരുന്നപ്പോഴാണ് അപകട
വിവരം അറിയുന്നത്. ഉടൻ തന്നെ വള്ളവും കൊണ്ട് ഇറങ്ങുകയായിരുന്നു.
ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയ നടുത്തുരുത്ത് വാഴത്തറയിൽ വി.കെ.രാമചന്ദ്രനും പൂക്കൈതയിൽ പി.എ.ചന്ദ്രനും പറഞ്ഞു.
സംസ്കാരച്ചടങ്ങിനുശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് അപകടം അറിയുന്നത്. വള്ളം ഊന്നി എത്തിയപ്പോൾ ശിവന്റെ വള്ളം അവിടെയുണ്ടായിരുന്നു.
അതിൽ പിടിച്ച് കിടന്ന 5 പേരെ വള്ളത്തിലേക്കു വലിച്ചു കയറ്റി.– ഇരുവരും പറയുന്നു.
വള്ളം പുറപ്പെട്ട ഉടൻ ശക്തമായ കാറ്റു വീശി.
വള്ളം മുന്നോട്ട് പോയില്ല. വശത്തേക്ക് തിരിച്ച് കരയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചാൽ വള്ളം മറിയുമെന്നു മനസ്സിലായി.
പുറകോട്ട് കൊണ്ടുപോയി കരയിൽ അടുപ്പിക്കാനാണു ശ്രമിച്ചത്. എന്നാൽ ഓളം വെട്ടി വള്ളത്തിലേക്കു വെള്ളം കയറി.
വള്ളം മുങ്ങിയപ്പോൾ സ്ത്രീകളെ വള്ളത്തിന്റെ വശത്ത് പിടിപ്പിച്ചു. അപ്പോഴേക്കും രക്ഷാപ്രവർത്തകർ എത്തി.
വള്ളമൂന്നിയ പാണാവള്ളി കുളത്തുരുത്ത് കെ.വി.ബൈജു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]