
അതിരപ്പിള്ളി ∙ കാർഷിക മേഖലയിൽ ശ്രദ്ധ നേടിയ ആനമല കൂട്ടുകൃഷി സംഘം പ്രതാപകാലം തിരിച്ച് പിടിക്കാൻ ഒരുങ്ങുന്നു. നാടിന്റെ വികസനത്തിനും നാട്ടുകാർക്ക് തൊഴിൽ അവസരങ്ങളും നൽകിയിരുന്ന സംഘത്തിന്റെ കീഴിലെ ‘നല്ലഭൂമി’ ഏറെ നാളായി വന്യമൃഗ ശല്യം മൂലം കാടുപിടിച്ച നിലയിലായിരുന്നു.
165 ഏക്കറിൽ ആദ്യകാലങ്ങളിൽ പരമ്പരാഗത വിളകളാണ് കൃഷി ചെയ്തിരുന്നത്. രണ്ടായിരം തെങ്ങുകളും അയ്യായിരത്തിൽ അധികം കവുങ്ങുകളും ഉണ്ടായിരുന്ന തോട്ടം കാട്ടാനകളുടെ വരവോടെ ഇരുനൂറും, നൂറുമായി ചുരുങ്ങി.
ആദ്യകാലങ്ങളിൽ കൃഷിയിടങ്ങളിൽ കടന്ന് കയറിയിരുന്ന പന്നി, മാൻ എന്നിവയെ ജൈവ വേലി തടഞ്ഞിരുന്നു. എന്നാൽ ആനകളുടെ വരവോടെ കൃഷിയും മറ്റു വരുമാനമാർഗങ്ങളും പൂർണമായും നശിച്ചു.
ഇതോടെ നാൽപതോളം നാട്ടുകാരായ തൊഴിലാളികൾക്ക് ജോലി നഷ്ടമായി.
വർഷങ്ങൾക്ക് മുൻപ് പ്രധാനപ്പെട്ട വരുമാന മാർഗമായിരുന്ന പഞ്ഞിയുടെ കയറ്റുമതിയും ആനകളുടെ വരവോടെ നാമാവശേഷമായി.
വന്യമൃഗശല്യത്തെ അതിജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നല്ലഭൂമി വനത്തിനു സമാനമായി കാട്ടിലെ മൃഗങ്ങളുടെ താവളമായി. കൃഷിയിടത്തിനു ചുറ്റും സോളർ വേലി സ്ഥാപിച്ച് സുരക്ഷിതമാക്കി ദീർഘകാല വിളകൾ വളർത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.
കാർഷിക മേഖലയിൽ വേണ്ടത്ര തൊഴിൽ അവസരങ്ങൾ ഉണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നാട്ടുകാരായ തൊഴിലാളികൾക്ക് മുൻഗണന നൽകിയാണ് സംഘത്തിന്റെ പ്രവർത്തനം.
കാട് തെളിച്ച് കഴിഞ്ഞാൽ ഘട്ടം ഘട്ടമായി കൃഷി ആരംഭിക്കാനാണു തീരുമാനം. അടിക്കാട് നീക്കം ചെയ്തതോടെ കുറ്റിച്ചിറ– വെറ്റിലപ്പാറ റോഡിൽ വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും പരിഹാരമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]