നെന്മാറ/ഒറ്റപ്പാലം∙ കഴിഞ്ഞദിവസം നെന്മാറ, ഒറ്റപ്പാലം ഭാഗങ്ങളിൽ പുഴകളിൽ ഒഴുക്കിൽപെട്ടു കാണാതായ തൊഴിലാളികളെ കണ്ടെത്താനായില്ല. നെന്മാറ അടിപ്പെരണ്ട മണ്ണാംകുളമ്പിൽ ശനിയാഴ്ച കാണാതായ എ.ഉമ്മർ ഫാറൂഖ് (45) ധരിച്ചിരുന്ന ഷർട്ട് ഇന്നലെ പുഴയോരത്ത് കണ്ടെത്തി.
ഞായറാഴ്ച അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെ ചെരിപ്പുകൾ കണ്ടെത്തിയ പള്ളത്താമടയിൽ പുഴയുടെ എതിർവശത്തായാണു വേലിയിൽ ഷർട്ട് കണ്ടത്.ഇന്നലെ മഴ കുറഞ്ഞതോടെ അടിപ്പെരണ്ട, ഒലിപ്പാറ പുഴകളിലെ ജലനിരപ്പ് താഴ്ന്നു. തുടർന്ന് ഈ ഭാഗത്ത് തിരച്ചിൽ ആരംഭിച്ചു.
ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയ സ്ഥലത്തു നിന്നു 3 കിലോമീറ്ററോളം താഴെ രണ്ടുട്ടി തടയണയിൽ വൈകിട്ട് സ്കൂബ ടീം തിരച്ചിൽ നടത്തി.
നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും വടംകെട്ടിയും വലപിരിച്ചും രണ്ടു മണിക്കൂറിലേറെ തിരച്ചിലിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ മറ്റു തടയണകളിലും അന്വേഷണം തുടരുമെന്ന് അധികൃതർ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് പുഴയിൽ നിന്നു തേങ്ങ പിടിക്കാൻ പോയതായിരുന്നു തൊഴിലാളിയായ ഉമ്മർ ഫാറൂഖ്. ശക്തമായ മഴയുണ്ടായിരുന്നു.
ഉമ്മർ വൈകിട്ടും തിരിച്ചെത്താത്തതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
മീറ്റ്ന തടയണയ്ക്കു സമീപം ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ മത്സ്യത്തൊഴിലാളിയെ രണ്ടാംദിവസവും കണ്ടെത്താനായില്ല. ചുനങ്ങാട്ടു താമസിക്കുന്ന പാലപ്പുറം പാറയ്ക്കൽ യൂസഫിനായി (58) ഇന്നും (29) തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷാസേനയും പൊലീസും അറിയിച്ചു.ഞായറാഴ്ച രാവിലെ പത്തോടെ തടയണയ്ക്കു സമീപം മീൻ പിടിക്കുന്നതിനിടെ തെന്നിവീണായിരുന്നു അപകടം.
ഇന്നലെ മീറ്റ്ന തടയണ പ്രദേശം മുതൽ മാന്നനൂർ തീരം വരെയുള്ള 8 കിലോമീറ്ററോളം ദൂരത്തായിരുന്നു ബോട്ട് ഉപയോഗിച്ചുള്ള തിരച്ചിൽ.
പുഴയിലെ അടിയൊഴുക്കാണു മുങ്ങിത്തിരച്ചിലിനു പ്രതിസന്ധിയെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.മഴ മാറി ഒഴുക്കു കുറയുന്നത് ഇന്നത്തെ തിരച്ചിലിനു സഹായകമാകുമെന്നാണു പ്രതീക്ഷ. നാഷനൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്ത ഉൾനാടൻ മത്സ്യബന്ധന തൊഴിലാളിയായ യൂസഫ് സ്ഥിരമായി മീറ്റ്ന തടയണ തീരത്താണു മീൻപിടിക്കാൻ എത്താറുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]