
ബത്തേരി ∙ കരഭൂമിയിലെ കൃഷി മാത്രമല്ല പാടത്തെ നെല്ലും ടെറസിൽ വിളയിക്കാമെന്ന് കാട്ടിത്തരികയാണ് അധ്യപകനായ ധനേഷ് ചീരാൽ. വീടും മുറ്റവും കഴിഞ്ഞാൽ കൃഷി ചെയ്യാനിടമില്ലാത്തവരോട് വീടിന്റെ മട്ടുപ്പാവിലേക്ക് കയറിക്കോളൂ എന്നു പറയുന്നു ഇദ്ദേഹം. ഇവിടെ നെല്ലും ചേനയും ചെണ്ടുമല്ലിയും കാന്താരിയുമൊക്കെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ വിളയുന്നു.
1300 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള സിമന്റു തറയിലാണ് ഈ വിസ്മയക്കാഴ്ച. 2020 ൽ ആണ് ധനേഷ് വീടിനുമുകളിൽ കൃഷി ആരംഭിക്കുന്നത്.
പ്ലാസ്റ്റിക് ചട്ടികളിൽ ചെളി നിറച്ച് വെള്ളം കെട്ടിനിർത്തി നെൽവിത്ത് പാകിക്കൊണ്ടായിരുന്നു തുടക്കം. രണ്ടാം വർഷം കറുത്ത നെൽവിത്തിനവും പരീക്ഷിച്ചു.
ജലസംഭരണിയിൽ വെള്ളം നിറച്ച് രാവിലെയും വൈകിട്ടും കൃത്യമായ ജലസേചനവും വയലേലകളിൽ നൽകുന്നതു പോലെ വളവും നൽകി. നല്ല വിളവും ലഭിച്ചു.
മൂന്നാം വർഷം ടെറസ് നിറയെ കാന്താരിയാണ് നട്ടത്.
ഓൺലൈൻ വഴി കാന്താരിയും തൈകളും വിറ്റ് അടുത്ത കൃഷി നടത്താനുള്ള തുക സ്വരൂപിക്കാനും ധനേഷിനായി. ഭാര്യ സജിതയുടെയും പ്ലസ് വൺ വിദ്യാർഥിയായ മകൻ അമൃതശങ്കറിന്റെയും ആഗ്രഹപ്രകാരം ചെണ്ടുമല്ലിയായിരുന്നു കഴിഞ്ഞ വർഷത്തെ കൃഷി. 62 ചട്ടികൾ നിരത്തിയായിരുന്നു പൂക്കൃഷി.
ഒരു ചെടിയിൽ 32 പൂക്കൾ വരെ വിരിഞ്ഞതോടെ വീടിന്റെ മേൽക്കൂര പൂങ്കാവനമായി.
ഓണത്തിന് പൂക്കളമിടാൻ പൂക്കൾ തേടി നടന്നവർ ധനേഷിന്റെ വീട്ടിലേക്കെത്തി. വളർന്നുതുടങ്ങിയ ചെടികളുടെ തലപ്പ് ഒടിച്ചെടുത്ത് അതേ ചട്ടിയിൽ നട്ട് കൂടുതൽ പൂക്കൾ ഉൽപാദിപ്പിച്ചു.
ഈ വർഷം ധനേഷിന്റെ മട്ടുപ്പാവിൽ ചേന വിപ്ലവമാണ്. സിമന്റു ചാക്കുകൾ കൊണ്ട് പ്രത്യേകമായുണ്ടാക്കിയ 50 ഗ്രോ ബാഗുകളിലാണ് ചേന കൃഷി.
വളർച്ചയുടെ ഓരോ ഘട്ടത്തിലും അൽപാൽപ്പമായി മണ്ണു ചേർത്തു നൽകിയാണ് ചേനയെ പരിപാലിക്കുന്നത്.
ടെറസിൽ ചോർച്ച വരാതിരിക്കാൻ സെറാമിക് ടൈൽ കഷ്ണങ്ങളാണ് ഉപയോഗിക്കുന്നത്. വിളകൾക്ക് രാസവളം മാത്രമാണ് നൽകുന്നത്.
ചേനയ്ക്കും നെല്ലിനും പൂക്കൾക്കുമെല്ലാം പുറമേ വീട്ടാവശ്യത്തനുള്ള ചീര, തക്കാളി, വെണ്ട, കൂർക്ക, മല്ലിയില, പുതിനയില, വഴുതന, കൊത്തമര, മഞ്ഞൾ, ഇഞ്ചി എന്നിവയും വീടിനു മുകളിലെ 3 സെന്റിൽ ധനേഷും കുടുംബാംഗങ്ങളും ചേർന്ന് ഉത്പാദിപ്പിക്കുന്നു. ചെണ്ടവാദ്യ കലാകാരൻ കൂടിയായ ധനേഷ് മെക്ലോർഡ്സ് ഇംഗ്ലിഷ് സ്കൂളിലെ സീനിയർ കോ– ഓർഡിനേറ്ററാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]