സീനിയർ ജീവനക്കാരെ ഉൾപ്പെടെ 12,000 പേരെ ജോലിയിൽ നിന്ന് ഒറ്റയടിക്ക് ഒഴിവാക്കാനുള്ള തീരുമാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്). കമ്പനിയുടെ രാജ്യാന്തരതലത്തിലുള്ള 6.13 ലക്ഷം വരുന്ന ജീവനക്കാരിൽ രണ്ടു ശതമാനം പേർക്കാണ് ജോലി നഷ്ടപ്പെടുന്നത്.
ഇതിൽ സീനിയേഴ്സും മധ്യ-ലെവൽ ജീവനക്കാരും തുടക്കക്കാരുമുണ്ട്.
ഭാവിസജ്ജമായ സ്ഥാപനമായി കമ്പനിയെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും പ്രവർത്തനമികവ് പുലർത്താത്തവരെയാണ് ഒഴിവാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, നിർമിതബുദ്ധിയുടെ (എഐ) സ്വാധീനമാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനു പിന്നിലെന്ന് വിമർശനം ഉയർന്നു.
രാജ്യാന്തര സമ്പദ്രംഗത്തെ അസ്ഥിരത കമ്പനിയുടെ ലാഭ-വരുമാനത്തെ ബാധിക്കുന്നതിനാൽ ചെലവുചുരുക്കലിന്റെ ഭാഗമായാണ് കൂട്ടത്തോടെയുള്ള പിരിച്ചുവിടലെന്നും വിമർശനമുണ്ട്.
എന്നാൽ, എഐ വലിയ മുതൽക്കൂട്ടാണെങ്കിലും ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ കാരണം അതല്ലെന്ന വിശദീകരണവുമായി ടിസിഎസ് സിഇഒ കെ. കൃതിവാസൻ രംഗത്തെത്തി.
തൊഴിൽനൈപുണ്യം കുറഞ്ഞവരെയാണ് ഒഴിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ടിസിഎസിന്റെ നടപടി കേന്ദ്ര ഐടി മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് തൊഴിലവസരങ്ങൾ കൂട്ടാനായി കേന്ദ്രം 99,446 കോടി രൂപയുടെ എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) സ്കീം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി തന്നെ 12,000ഓളം പേരെ പിരിച്ചുവിടുന്നെന്ന റിപ്പോർട്ട് കേന്ദ്രത്തിനും ക്ഷീണമാണ്.
രണ്ടുവർഷത്തിനകം 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിടുന്നതാണ് ഇഎൽഐ സ്കീം. തൊഴിൽദാതാക്കൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് പദ്ധതി.
ഐടി ഓഹരികളാകെ ഇടിഞ്ഞു
ജീവനക്കാരെ പിരിച്ചുവിടാനുള്ള ടിസിഎസിന്റെ തീരുമാനവും അതേച്ചൊല്ലി ഉയർന്ന വിമർശനങ്ങളും ഐടി ഓഹരികളിലാകെ കനത്ത വിൽപനസമ്മർദത്തിനു വഴിവച്ചു.
ടിസിഎസ് 1.09%, വിപ്രോ 3.35%, എച്ച്സിഎൽ ടെക് 1.03%, ടെക് മഹീന്ദ്ര 0.64%. ഇൻഫോസിസ് 0.37% എന്നിങ്ങനെ നഷ്ടത്തിലാണ് ഉച്ചയ്ക്കത്തെ സെഷനിൽ വ്യാപാരം ചെയ്യുന്നത്.
നിഫ്റ്റി ഐടി സൂചിക 1.6 ശതമാനത്തിലധികം ഇടിഞ്ഞെങ്കിലും നഷ്ടം 0.5 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്.
∙ ടിസിഎസ് നേരത്തേ റിസർവ് ബെഞ്ചിൽ ജീവനക്കാർക്കുള്ള സമയം 225ൽ നിന്ന് 35ലേക്ക് കുറച്ചതും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
∙ ജീവനക്കാർക്ക് പ്രത്യേകിച്ച് ചുമതലകളൊന്നും നൽകാതെ മാറ്റുന്നതാണ് റിസർവ് ബെഞ്ച്. ക്രിക്കറ്റ് മത്സരങ്ങളിലും മറ്റും റിസർവ് ബെഞ്ചിൽ ഇരിക്കുന്നത് പോലെയാണിത്.
∙ ഇങ്ങനെ റിസർവ് ബെഞ്ചിൽ നിശ്ചിത ദിവസത്തിനുശേഷം തുടരുന്നവരെ കമ്പനികൾ ചിലപ്പോൾ പിരിച്ചുവിടും.
∙ റിസർവ് ബെഞ്ചിലുൾപ്പെടുന്നവർക്ക് ട്രെയിനിങ്ങും നൽകാറുണ്ട്.
∙ ജീവനക്കാരെ പിരിച്ചുവിടാനുള്ള ടിസിഎസിന്റെ നീക്കം മറ്റു ഐടി കമ്പനികളും പിന്തുടരുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]