
ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ്ങും അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയും തമ്മിൽ വമ്പൻ കരാറിൽ ഒപ്പുവച്ചതായി സ്ഥിരീകരിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക്. നേരത്തേ ഒരു വമ്പൻ ഉപഭോക്താവുമായി 1,650 കോടി ഡോളറിന്റെ (ഏകദേശം 1.4 ലക്ഷം കോടി രൂപ) കരാറിൽ ഏർപ്പെട്ടുവെന്ന് സാംസങ് വ്യക്തമാക്കിയിരുന്നെങ്കിലും ആരുമായാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ, മസ്ക് ഇതിനുപിന്നാലെ എക്സിൽ കരാർ ഒപ്പുവച്ചെന്ന് അറിയിക്കുകയായിരുന്നു.
ടെസ്ലയ്ക്കായി സാംസങ് വരുംതലമുറ എഐ6 ചിപ്പുകളാണ് നിർമിക്കുകയെന്ന് മസ്ക് പറഞ്ഞു. ടെക്സസിൽ തന്റെ വീടിനടുത്താണ് സാംസങ്ങിന്റെ പ്ലാന്റ് (ഫാബ്).
നിലവിൽ സാംസങ് എഐ4 ചിപ്പുകളാണ് നിർമിക്കുന്നത്. തായ്വാൻ കമ്പനിയായ ടിഎസ്എംസി എഐ5 ചിപ്പുകളും ടെസ്ലയ്ക്കായി നിർമിക്കുന്നുണ്ട്.
തായ്വാനിലും യുഎസിലെ അരിസോനയിലുമായാണ് ടിഎസ്എംസി ചിപ്പുകൾ നിർമിക്കുന്നത്. സാംസങ്ങുമായുള്ള സഹകരണം നിർണായക തീരുമാനമാണെന്നും ടെസ്ലയുടെ ഉൽപാദനം വർധിപ്പിക്കാൻ ഇതു സഹായിക്കുമെന്നും മസ്ക് പറഞ്ഞു.
ഡീൽ പ്രഖ്യാപനത്തിനു പിന്നാലെ സാംസങ്ങിന്റെ ഓഹരിവില 5% ഉയർന്നു.
2033 ഡിസംബർ 31 വരെ നീളുന്നതാണ് ടെസ്ല-സാംസങ് കരാർ. തായ്വാൻ കമ്പനികളുമായി കടുത്ത മത്സരമുള്ള ചിപ് നിർമാണത്തിൽ ലോകത്ത് മുൻനിരയിലാണ് സാംസങ്ങും.
ഈ രംഗത്ത് തായ്വാൻ കമ്പനികൾക്കുള്ള അപ്രമാദിത്തം തകർക്കുക കൂടി ലക്ഷ്യമിട്ടാണ് സാംസങ് വമ്പൻ കരാറുകൾക്കായി ശ്രമിക്കുന്നതും. നിലവിൽ ആപ്പിൾ, എൻവിഡിയ തുടങ്ങിയവയിൽ നിന്ന് കരാർ നേടിയിട്ടുള്ളത് ടിഎസ്എംസിയാണ്.
സാംസങ്-ടെസ്ല സഹകരണം യുഎസ്-ദക്ഷിണ കൊറിയ വ്യാപാരബന്ധവും ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
ചിപ് നിർമാണത്തിനു പുറമെ കപ്പലുകളുടെ നിർമാണക്കരാറുകളും യുഎസിൽ നിന്ന് സ്വന്തമാക്കാൻ ദക്ഷിണ കൊറിയ ശ്രമിക്കുന്നുണ്ട്. ദക്ഷിണ കൊറിയയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ട്രംപ് 25% തീരുവ പ്രഖ്യാപിച്ചിരുന്നു.
ഇതു കുറയ്ക്കാനും സഹകരണം സഹായിക്കുെമന്നാണ് ദക്ഷിണ കൊറിയയുടെ പ്രതീക്ഷ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]