
കഞ്ചിക്കോട് ∙ കണ്ണിനു പരുക്കേറ്റു കാഴ്ചശക്തി കുറഞ്ഞ പി.ടി അഞ്ചാമനെന്ന ചുരുളിക്കൊമ്പൻ (പാലക്കാട് ടസ്കർ 5) കാട്ടാന വീണ്ടും ജനവാസ മേഖലയിലെത്തി. മലമ്പുഴ മാന്തുരുത്തിയിലും കഞ്ചിക്കോട് – മലമ്പുഴ റോഡിലുള്ള കോങ്ങാട്ടുപാടത്തുമാണ് ഒറ്റയാൻ എത്തിയത്.
പാലക്കാട് ഐഐടിക്കു പിൻവശത്തും ആനയെത്തിയിരുന്നു. ആന മരം തള്ളിയിട്ടു വൈദ്യുതി ലൈൻ തകർന്നതിനാൽ ഇവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മലമ്പുഴ വനയോരമേഖലയിൽ നിലയുറപ്പിച്ചിരുന്ന ആന ഇന്നലെ പുലർച്ചെയാണു ജനവാസ മേഖലയിലേക്കു കടന്നത്. വൈകിട്ടോടെ വീണ്ടും മലമ്പുഴ വനമേഖലയിലേക്ക് ആനയെ എത്തിച്ചിട്ടുണ്ടെങ്കിലും വീണ്ടും തിരിച്ചിറങ്ങാൻ സാധ്യതയുണ്ട്.
കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമനെ മയക്കുവെടിവച്ചു പിടികൂടി, ചികിത്സ നൽകുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ദൗത്യസംഘം നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ഇവരുടെ നിരീക്ഷണ വലയത്തിലാണ് ആനയുള്ളത്. നേരത്തെ പൈനാപ്പിളിലും പഴങ്ങളിലും മരുന്നുവച്ച് ആനയ്ക്കു ചികിത്സ നൽകിയിരുന്നു.
ആന കൂടുതൽ മേഖലകളിലേക്കു സഞ്ചരിച്ചെത്തുന്നതിനാൽ ചികിത്സയിൽ നേരിയ പുരോഗതിയുണ്ടെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നുമാണ് ദൗത്യസംഘം പറയുന്നത്. എങ്കിലും മയക്കുവെടി നേരിടുന്നതിനുള്ള ആരോഗ്യം ആനയ്ക്കുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാകും കൂടുതൽ നടപടികളിലേക്കു കടക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]