
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയും 30ന് ആഘോഷിക്കും. രാവിലെ 5.30നും 6.30നും ഇടയിൽ നടക്കുന്ന ചടങ്ങിന് മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ടി.ഡി.ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
നിറയും പുത്തരിക്കും ആവശ്യമായ കതിരുകൾ ഇത്തവണ തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇല്ലി, നെല്ലി, ചൂണ്ട, കടലാടി, ആൽ, മാവ്, പ്ലാവ്, ഇലഞ്ഞി, വെള്ളിപ്പാല, കരി കൊടി എന്നീ ഇലകൾക്കൊപ്പം നെൽക്കതിർ ചേർത്ത് ഒരുക്കുന്ന ജോലി ആരംഭിച്ചു.
കിഴക്കേ ആനപ്പന്തലിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി, ജീവനക്കാരായ എൻ.ആർ.അജിത് കുമാർ, ശ്രീജിത് ആർ.നായർ, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് കതിർ കറ്റകൾ തയാറാക്കുന്നത്.
ഒരുക്കിയ കതിരുകൾ 30ന് പുലർച്ചെ 5ന് വ്യാഘ്രപാദ തറയിൽ എത്തിക്കും. ഇവിടെ നടക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം മേൽശാന്തി നിറകതിർ വെള്ളി ഉരുളിയിലാക്കി ശിരസ്സിലേറ്റി മണി കിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീകോവിലിനു മുന്നിലുള്ള മണ്ഡപത്തിൽ എത്തിക്കും.
ഇവിടെ ഇല്ലം നിറ, വല്ലംനിറ മന്ത്രോച്ചാരണങ്ങളും പൂജയും നടത്തും.
വൈക്കത്തപ്പന്റെ ശ്രീകോവിലിലും ഉപദേവതമാരുടെ ശ്രീകോവിലിലും നിറയും പുത്തരിയും സമർപ്പിച്ച ശേഷം ഭക്തർക്കും നൽകും. ഏകദേശം പതിനായിരം കതിരുകളാണ് തയാറാക്കുന്നത്.
പൂജിച്ച കതിരുകൾ ഭക്തർക്ക് 20രൂപ നിരക്കിൽ ദേവസ്വത്തിൽ നിന്നും ലഭിക്കും. നിറപുത്തരി നാളിൽ പുന്നെല്ലു കൊണ്ടുള്ള നിവേദ്യവും ഉണ്ടായിരിക്കും.
നിറയും പുത്തരിയും പ്രമാണിച്ച് ക്ഷേത്ര നട വെളുപ്പിന് 3.30 ന് നടതുറക്കുന്നതും ഉച്ചപൂജക്കും ശേഷം 8ന് നടയടക്കുന്നതുമാണ്.
പ്രാതൽ 9ന് നടക്കും. കാർഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായാണ് നിറയും പുത്തരിയും ആഘോഷിക്കുന്നത്.വൈകിട്ട് 5 ന് പതിവ് രീതിയിൽ നടതുറക്കും .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]