
കായംകുളം∙ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയുടെ സീലിങ്ങിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണതോടെ സ്കൂളിന്റെ സുരക്ഷയിൽ നഗരസഭ എൻജിനീയറിങ് വിഭാഗവും സ്കൂൾ അധികാരികളും വരുത്തിയ വീഴ്ചകൾ പുറത്തായി. 35 ലക്ഷം രൂപ ചെലവഴിച്ച് വിവിധ ഘട്ടങ്ങളിലായി അറ്റകുറ്റപ്പണി നടത്തിയ കെട്ടിടത്തിലാണ് കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നതും ചോർച്ചയുണ്ടായതും.കെട്ടിടത്തിന്റെ ബലക്ഷമത കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം ഉടൻ പരിശോധിക്കും.
പരിശോധനയിൽ പ്രതികൂല റിപ്പോർട്ട് വന്നാൽ ക്ലാസുകൾ നടത്തുന്നതിന് സമാന്തര സംവിധാനം ഒരുക്കേണ്ടിവരും.സ്കൂൾ തുറപ്പ് സമയത്ത് സുരക്ഷയ്ക്കായി സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങളൊന്നും സ്കൂൾ അധികാരികളും നഗരസഭയും പാലിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലും ചില സംഘടനകൾ എത്തിച്ചിട്ടുണ്ട്. നഗരസഭ എൻജിനീയറിങ് വിഭാഗമാണ് സ്കൂളിന് സുരക്ഷയൊരുക്കുന്നിൽ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നത്.
അവരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായതായി ആരോപണമുണ്ട്. അറ്റകുറ്റപ്പണിക്ക് യഥാസമയം തുക ലഭ്യമാക്കി നിർമാണം നടത്തേണ്ടത് ഇവരാണ്.സ്കൂൾ കെട്ടിടം പായൽ പിടിച്ചും വിണ്ടുകീറിയും അപകടനിലയിലാണ്.
അധ്യാപകരുടെ വിശ്രമമുറിയിൽ വരെ സിമന്റിളകി കിടന്നിട്ടും പരിഹരിക്കാൻ ശ്രമമുണ്ടായില്ല.ശുചിമുറികളുടെ സ്ഥിതിയും അതീവ ദയനീയമാണ്. സ്കൂൾ അധികാരികൾ അതിനുള്ള നിർദേശവും വച്ചിട്ടില്ല.
മേൽക്കൂര തകർന്ന് അപകടനിലയിലായ കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് നടപ്പിൽ വരുത്തുന്നതിൽ എൻജിനീയറിങ് വിഭാഗം നടപടി നീക്കിയില്ലെന്നും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]