
നടുവണ്ണൂർ∙ നവീകരണ പ്രവൃത്തി നടക്കുന്ന പാലോളി മുക്ക്– വാകയാട് ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ ആളുകൾ വഴി നടക്കാൻ പോലും ഭയക്കുന്നു. പ്രധാനമന്ത്രി സഡക് യോജനയിൽ ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന റോഡാണ് ഇരുചക്രവാഹനക്കാർക്കും വഴിയാത്രക്കാർക്കും കടുത്ത ഭീഷണിയാകുന്നത്.
ഉറവ എടുക്കുന്നത് തടയാൻ ടാറിങ്ങിനു മുൻപ് വിരിച്ച ഷീറ്റ് മഴയിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഷീറ്റ് വിരിച്ചെങ്കിലും ടാറിങ് പൂർത്തീകരിച്ചിട്ടില്ല.
ചെളിയിൽ പൊട്ടിക്കിടക്കുന്ന ഷീറ്റിൽ തടഞ്ഞ് ജനവും വാഹനങ്ങളും വീഴുന്നത് പതിവു കാഴ്ചയാണ്. കഴിഞ്ഞ ദിവസം നടന്നുപോകുന്നതിനിടെ ഷീറ്റിൽ തട്ടി വീണ് തെക്കേ അമ്മിച്ചാലിൽ മജീദിനു നട്ടെല്ലിനു ക്ഷതമുണ്ടായി.
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ യുവാവിനു പരുക്കേറ്റിരുന്നു.
ഓവുചാൽ പണി പൂർത്തീകരിക്കാത്തതിനാൽ റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. മലക്കാരി മുക്ക്, അങ്ങീച്ചി മീത്തൽ, കോട്ടേൻകണ്ടി മുക്ക് എന്നിവിടങ്ങളിൽ റോഡിൽ ചെളി വെള്ളം കെട്ടിനിൽക്കുകയാണ്.
വാകയാട് എച്ച്എസ്എസ് റോഡ് കയറ്റം, ചുള്ളിക്കാം കുഴിയിൽ മുക്ക് എന്നിവിടങ്ങളിൽ വിരിച്ച ഷീറ്റ് പൂർണമായും കീറിയ നിലയിലാണ്. പൊട്ടിക്കിടക്കുന്ന ഷീറ്റ് ചെളി വെള്ളം നിറഞ്ഞ് വഴുക്കലുമാണ്.
സ്കൂൾ പരിസരത്തു നിന്നുള്ള ഇറക്കത്തിൽ വാഹനങ്ങൾ വഴുതി പോകുന്നുണ്ട്. ഷീറ്റ് ഇട്ടിട്ട് ആറുമാസത്തിലേറെയായി.
ഇത് വിരിച്ച ഉടൻ ടാറിങ് നടത്തുമെന്നായിരുന്നു നാട്ടുകാരെ അറിയിച്ചിരുന്നത്. വേനൽ മഴയിൽ തന്നെ ഇവ തകർന്നിരുന്നു.പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 3.68 കോടി രൂപ ചെലവിലാണ് 3 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നത്.
പാലോളി മുക്കിൽ നിന്ന് 600 മീറ്റർ മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളൂ ശേഷിച്ച ദൂരത്ത് പിന്നീട് പണി നടന്നിട്ടില്ല. പ്രവൃത്തി തുടങ്ങിയിട്ട് രണ്ടു വർഷത്തിന് അടുത്തായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]