
ഓലശ്ശേരി ∙ ‘രാവിലെ തേങ്ങപെറുക്കാൻ ചാക്കും എടുത്ത്, ഒരു ഗ്ലാസ് ചായയും കുടിച്ചാണ് ഈ വീട്ടിൽനിന്ന് മാരിമുത്തു പോയത്. മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല’.
തോട്ടത്തിൽ നിന്നു തേങ്ങ പെറുക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച മാരിമുത്തുവിന്റെ ബന്ധു ചന്ദ്രികയ്ക്ക് (75) ഞെട്ടൽ മാറിയിട്ടില്ല. പാളയത്തെ ചന്ദ്രികയുടെ വീടിനു സമീപമുള്ള കൃഷിയിടത്തിലാണ് മാരിമുത്തു ഷോക്കേറ്റുകിടന്നിരുന്നത്. ഈ വീട്ടിലാണ് തോട്ടത്തിൽനിന്ന് പെറുക്കുന്ന തേങ്ങയെല്ലാം മാരിമുത്തു ശേഖരിച്ചു വയ്ക്കുന്നത്.
പതിവുപോലെ ഇന്നലെ രാവിലെയും ഇവിടേക്കുവന്നു.ഒരു ഗ്ലാസ് ചായയും കുടിച്ച് ആറോടെ ചാക്കുമെടുത്ത് തേങ്ങ പെറുക്കാൻ പോയതാണ്.
7 മണിയോടെ മാരിമുത്തുവിന്റെ സഹോദരി നല്ലിയമ്മ വന്ന് ആങ്ങളയെ കണ്ടോയെന്നു ചോദിച്ചു. കൃഷിയിടത്തിൽ പോയി നോക്കിയപ്പോഴാണ് ഷോക്കേറ്റുകിടക്കുന്നതു കണ്ടത്.
തൊട്ടടുത്ത് വൈദ്യുതക്കമ്പി പൊട്ടിക്കിടക്കുന്നതു കണ്ടതോടെ നാട്ടുകാരെ വിളിച്ചു. പിന്നീട് ട്രാൻസ്ഫോമർ ഓഫാക്കിയാണ് മൃതദേഹം എടുത്തതെന്ന് ചന്ദ്രിക പറയുന്നു.
ആറുമാസം മുൻപ് വരെ ചന്ദ്രനഗറിലെ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന മാരിമുത്തു കണ്ണിന്റെ ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു പൂർണമായി കൃഷിയിൽ ശ്രദ്ധിച്ചു വരികയായിരുന്നു.
പൊട്ടിവീണത് 415 വോൾട്ട് വൈദ്യുതക്കമ്പി
പാടത്തെ മോട്ടർപുരയിലേക്കുള്ള കെഎസ്ഇബി ചിറ്റൂർ സെക്ഷനിലെ 415 വോൾട്ട് വൈദ്യുതക്കമ്പിയാണു പൊട്ടിവീണത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും തെങ്ങിൻപട്ട
വീണ് പൊട്ടിയതാകാമെന്നാണു നിഗമനം. വൈദ്യുതക്കമ്പികൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാൻ കെഎസ്ഇബി കെട്ടിയ സ്പേസർ ഉൾപ്പെടെ പൊട്ടിയിട്ടുണ്ട്.
തോട്ടത്തിലെ ഒരു തെങ്ങിനോട് ചാരിയാണ് ഈ ലൈൻ കടന്നുപോകുന്നത്. ഇതിനു താഴെയുള്ള ഭാഗമാണ് പൊട്ടിയിരിക്കുന്നത്.
മഴപെയ്തതിനാൽ തോട്ടത്തിൽ വെള്ളവും കെട്ടിനിൽക്കുന്നുണ്ട്. വെള്ളത്തിലൂടെ ഷോക്ക് പ്രവഹിച്ചിരിക്കാനും സാധ്യതയുണ്ട്.
ഇവിടെ ചെറിയ തവളയും പാമ്പും ചത്തുകിടന്നിരുന്നു.
സരസ്വതിയെ തനിച്ചാക്കി മാരിമുത്തു മടങ്ങി
മാരിമുത്തു പോയത് ഭാര്യ സരസ്വതിയെ തനിച്ചാക്കി. തൊട്ടപ്പുറത്തു ബന്ധുക്കളുടെ വീടുകളുണ്ടെങ്കിലും മാരിമുത്തുവിന്റെ ഓർമകളുമായി സരസ്വതി ഇനി ഈ വീട്ടിൽ തനിച്ചാകും.
ഇവർക്കു മക്കളില്ല. ചെറുകിട
കർഷകനായ മാരിമുത്തുവിന് എല്ലായ്പ്പോഴും കൂട്ട് സരസ്വതിയായിരുന്നു. പലപ്പോഴും ഇവർ ഒരുമിച്ചാണ് കൃഷിയിടത്തിലേക്കും പോവാറ്.
കവചിത സുരക്ഷാ ലൈനുകളാക്കണം: മന്ത്രി കൃഷ്ണൻകുട്ടി
മരങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകൾ കവചിത സരക്ഷാ ലൈനുകളാക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശിച്ചു.
അപകടാവസ്ഥയിലുള്ള വൈദ്യുത ലൈനുകൾ കണ്ടെത്തി കവചിത സുരക്ഷാ ലൈനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. ജില്ലാ ആശുപത്രിയിൽ മാരിമുത്തുവിന്റെ ബന്ധുക്കളെ മന്ത്രി കെ.കൃഷ്ണൻകുട്ടിയും എ.പ്രഭാകരൻ എംഎൽഎയും സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]