തിരുവല്ല ∙ റെയിൽവേയുടെ പരീക്ഷണവും പാളി. ഇരുവെള്ളിപ്ര അടിപ്പാതയിൽ വീണ്ടും വെള്ളക്കെട്ട്.
3 ദിവസം മുൻപു പരീക്ഷണാടിസ്ഥാനത്തിൽ റെയിൽവേ ഇവിടുത്തെ വെള്ളം പമ്പ് ചെയ്തു പൂർണമായും ഒഴിവാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ മഴയിൽ ഇവിടെ വെള്ളക്കെട്ട് പഴയതു പോലെയായി. ഇപ്പോൾ ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
അടിപ്പാതയിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി അവസാന പരീക്ഷണം എന്ന നിലയിൽ ഒരാഴ്ച മുൻപ് ഇവിടെ പണികൾ നടത്തിയിരുന്നു. മുൻപും ലക്ഷങ്ങൾ മുടക്കി ഇവിടെ പ്രവൃത്തികൾ നടന്നതാണ്.
എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി.
മണിമലയാറിന്റെ സമീപത്തുള്ള അടിപ്പാതയിൽ ആറ്റിൽ വെള്ളം ഉയരുന്നതനുസരിച്ചു വെള്ളം കയറും. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളം കയറാൻ തുടങ്ങിയതോടെ റെയിൽവേ അധികൃതർ പല പ്രാവശ്യം സന്ദർശിച്ചു പല നടപടികളും ശ്രമിച്ചു.
ഒന്നും ഫലപ്രദമായിരുന്നില്ല.റോഡിലൂടെ ഒഴുകിവരുന്ന വെള്ളം അടിപ്പാതയിലേക്കു കടക്കാതിരിക്കാനായി റോഡിന്റെ ഇരുവശങ്ങളിലുമായി ഓട നിർമിക്കുകയും അതിനു മുകളിലായി ഇരുമ്പു പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. റോഡിൽ ഗതാഗതം കൂടിയതോടെ ഓടയ്ക്കു മുകളിൽ സ്ഥാപിച്ച പൈപ്പുകൾ തകർന്നു തുടങ്ങി.
അടിപ്പാതയിലെ ഓടയുടെ പൈപ്പുകൾ ഒടിഞ്ഞു മാറി.
പൈപ്പുകൾ തകർന്നതോടെ ഇരുചക്ര വാഹന യാത്രക്കാർ വീണു പരുക്കേൽക്കുകയും ചെയ്ത സംഭവം ഉണ്ടായി. ജൂൺ മുതൽ ഏതാണ്ട് 5 മാസക്കാലം ഇവിടെ വെള്ളക്കെട്ടായതിനാൽ ഇരുവെള്ളിപ്ര പ്രദേശം ഫലത്തിൽ ഒറ്റപ്പെടുകയാണ്.
തിരുമൂലപുരം – കറ്റോട് റോഡ് 3 കിലോമീറ്റർ 3 കോടി രൂപ ചെലവാക്കിയാണ് ഉന്നത നിലവാരത്തിൽ നിർമിച്ചത്. എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിലാണ് ഇരുവള്ളിപ്ര അടിപ്പാത. തിരുവല്ല നഗരത്തിലെ തിരക്ക് ഒഴിവാക്കി കുറഞ്ഞ ദൂരത്തിൽ പോകാവുന്ന ഈ 2 റോഡുകളും നൂറുകണക്കിനു യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്.
“ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നു. ഇവിടെ മേൽപ്പാലം പ്രായോഗികം അല്ല.
സമീപത്തു ധാരാളം വീടുകളുണ്ട്. ഇരുവശങ്ങളിലുമായി ഇരുനൂറോളം മീറ്റർ അപ്രോച്ച് റോഡ് വേണ്ടിവരും.റോഡിൽ നിന്ന് 35 അടിയോളം ഉയരത്തിൽ മാത്രമേ പാലം നിർമിക്കാൻ കഴിയൂ.
ഇത് അപ്രായോഗികമാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് എല്ലാം റെയിൽവേയുടെ അനുമതി വേണം.
മഴക്കാലത്ത് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ഇപ്പോൾ ഈ അടിപ്പാതയിലുള്ള നടപ്പാത വീതികൂട്ടുകയാണു വേണ്ടത്. ഇപ്പോൾ ഓട്ടോയും ഇരുചക്ര വാഹനങ്ങളും ഈ പാതയിലൂടെ പോകുന്നുണ്ട്.
വീതികൂട്ടിയാൽ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു പോകാൻ കഴിയും.”
അശോക് നന്ദകുമാർ, അസി.എൻജിനീയർ പിഡബ്ല്യുഡി റോഡ്സ് വിഭാഗം, തിരുവല്ല. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]