
മൈലാട്ടി ∙ കനത്ത കാറ്റിൽ മരങ്ങളും വാഴകളും ഉൾപ്പെടെ കടപുഴകി വീണു നാശം വിതച്ചു. അടുക്കത്ത് വയൽ നാരായണിയമ്മയുടെ പറമ്പിൽ കൂറ്റൻ തെങ്ങ് അടി ഭാഗത്തു നിന്നു പൊട്ടി വീഴുകയായിരുന്നു.പത്തോളം നേന്ത്രൻ വാഴകളും നശിച്ചു.
സമീപം ദേശീയപാതയോരത്ത് ആനന്ദയുടെ പറമ്പിൽ മരങ്ങളും ഏതാനും വാഴകളും കടപുഴകി വീണു.ചെർക്കള ∙ ശക്തമായ കാറ്റിൽ ചെർക്കളയിലും പരക്കെ നാശം. ചെർക്കള സെൻട്രൽ ഗവ.ഹയർസെക്കൻഡറി കെട്ടിടത്തിന്റെ ഓടുകൾ കാറ്റിൽ തകർന്നു.
50 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഏഴാം ക്ലാസ് പ്രവർത്തിക്കുന്ന മുറിയുടെ 10 മൂല ഓടുകളാണ് തകർന്നത്.
ഇന്നലെ ഉച്ചയോടെ ഇതേ സ്കൂളിന്റെ തന്നെ ആൽമരം മറിഞ്ഞുവീണു. കിഴക്കു ഭാഗത്തെ മതിലിടിഞ്ഞു.
സമീപത്തെ ഫർണിച്ചർ കടയുടെ ഗ്ലാസുകൾ തകർന്നു. തെക്കിലിൽ ഷമീറിന്റെ പണിതു കൊണ്ടിരിക്കുന്ന വീടിന്റെ ഓടുകൾ കാറ്റിൽ പറന്നു.
കുറ്റിക്കോൽ∙ മലയോരത്തു കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഒട്ടേറെ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
വൈദ്യുതി വിതരണവും താറുമാറായി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുത്തു.
തെക്കിൽ അലട്ടി റോഡിൽ കുറ്റിക്കോൽ സൺഡേ തിയറ്ററിന്റെ മുൻവശത്തെ മരം ഒടിഞ്ഞു വീണു. കുറ്റിക്കോൽ കൊട്ടോടി റോഡിൽ അത്തിയടുക്കത്തു വൈദ്യുതി പോസ്റ്റ് വീണു ഗതാഗതം സ്തംഭിച്ചു.
കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നാശം
മുള്ളേരിയ ∙ പേമാരിക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ കെഎസ്ഇബി മുള്ളേരിയ സെക്ഷനിൽ ലക്ഷങ്ങളുടെ നാശം.
37 എൽടി തൂണുകളും 2 എച്ച്ടി തൂണുകളുമാണ് 2 ദിവസം കൊണ്ട് മരം വീണ് തകർന്നത്. ഒട്ടേറെ സ്ഥലങ്ങളിൽ കമ്പി പൊട്ടി.
ബെള്ളൂർ പഞ്ചായത്തിലെ പനയാല കരോടിയിലാണ് ഏറ്റവും വലിയ നാശമുണ്ടായത്. 10 തൂണുകളാണ് ഇവിടെ നിരനിരയായി മരം വീണ് തകർന്നത്.
ദേലംപാടി പഞ്ചായത്തിലെ നൂജിബെട്ടുവിൽ 5 തൂണുകൾ തകർന്നു. ദേലംപാടി വില്ലേജിലെ 15 ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടു കിടക്കുകയാണ്. കാറഡുക്ക പതിമൂന്നാംമൈലിൽ അക്കേഷ്യ മരം വീണ് എരിഞ്ഞിപ്പുഴ ഫീഡറിൽ ഇന്നലെ പുലർച്ചെ 1 മണി മുതൽ ഉച്ചവരെ വൈദ്യുതി വിതരണം മുടങ്ങി.
ചെർക്കള ∙ പാടി ബെള്ളൂർനഗറിൽ മരം പൊട്ടിവീണ് വൈദ്യുത ലൈൻ തകർന്നു.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് ശക്തമായ കാറ്റിൽ പ്ലാവ് പൊട്ടി വൈദ്യുതി കമ്പിയിൽ വീണത്.റോഡിനു കുറുകെയാണ് മരം വീണത്. 3 വൈദ്യുതി തൂണുകൾക്കിടയിലെ കമ്പിയാണ് പൊട്ടിയത്. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി വൈദ്യുതി പുന:സ്ഥാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]