വൈക്കം ∙ കഴിഞ്ഞ 2 ദിവസങ്ങളിലായി ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലായി മരം വീണ് അൻപതിലേറെ വീടുകൾ ഭാഗികമായി തകർന്നു.
ഇന്നലെ ഉച്ചയോടെ വീശിയ കാറ്റിൽ മരം വീണ് ചെമ്പ് പഞ്ചായത്തിൽ ഏനാദി മങ്ങാട്ടുകാട്ടിൽ ഇരട്ട സഹോദരങ്ങളായ എം.സി.ദിവാകരൻ, എം.സി.സോമൻ എന്നിവരുടെ വീട് പൂർണമായി തകർന്നു. ഏനാദി വടക്കേപ്പറമ്പിൽ സണ്ണിയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു.
തലയോലപ്പറമ്പ് പഞ്ചായത്തിൽ തലപ്പാറ മുതുകുളത്തിൽ വിനോദ്, കുറ്റിപ്പാലയ്ക്കൽ അശ്വന്ത്, സത്യൻ ചാണയിൽ, ടിവിപുരം പഞ്ചായത്തിൽ മാറാണിയിൽ ഗീത എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
വിവിധ ഗ്രാമീണ റോഡുകളിൽ മരം വീണും വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് റോഡിൽ വീണ മരങ്ങൾ മുറിച്ചുനീക്കിയത്.
വൈക്കം, ചെമ്പ്, തലയാഴം, തലയോലപ്പറമ്പ് കെഎസ്ഇബി സെക്ഷനുകളിലായി 38 പോസ്റ്റുകൾ ഒടിഞ്ഞു.
11 കെവി ലൈനിലെ 10 പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നൂറിലേറെ സ്ഥലങ്ങളിൽ മരം വീണും അല്ലാതെയും വൈദ്യുത കമ്പികൾ പൊട്ടി.
കെഎസ്ഇബി ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിൽ ഇതെല്ലാം പുനഃസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്നലെ വൈകുന്നേരമായിട്ടും പല സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
മഴ വീണ്ടും ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായിരിക്കുകയാണ്.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുന്നത് മൂലം അടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനം. പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് വെള്ളക്കെട്ടിനു പ്രധാന കാരണം. തലയോലപ്പറമ്പ് പഞ്ചായത്തിൽ കോരിക്കൽ, പഴമ്പട്ടി പ്രദേശങ്ങളിൽ ഏതാനും വീടുകൾ മാസങ്ങളായി വെള്ളക്കെട്ടിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]