തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് എൻ ശക്തന് താൽക്കാലി ചുമതല നൽകിയത്. പാലോട് രവി ഇന്നലെ രാജി വെച്ചെങ്കിലും പകരം ചുമതല ആര്‍ക്കും നൽകിയിരുന്നില്ല.
ഇന്ന് രാവിലെയാണ് എൻ ശക്തന് ചുമതല നൽകിയതായി കെപിസിസി അധ്യക്ഷൻ വാര്‍ത്താക്കുറിപ്പിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാലാണ് പെട്ടെന്ന് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്.
പുതിയ ഡിസിസി അധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. അതുവരെ എൻ ശക്തൻ തന്നെ താൽക്കാലി ചുമതലയിൽ തുടരും.
തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്. അതേസമയം, ഡിസിസി അധ്യക്ഷ സ്ഥാനത്തിനുള്ള രവിയുടെ രാജി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ കർശന നിർദേശത്തെ തുടർന്നാണെന്നാണ് വിവരം.
ഫോൺ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് വിശദീകരണക്കുറിപ്പുകൾ പാലോട് രവി നൽകിയെങ്കിലും രാജിക്കത്ത് നൽകാൻ കെപിസിസി അധ്യക്ഷൻ ആവശ്യപ്പെടുകയായിരുന്നു. എഐസിസി നിർദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്.
എൽഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇന്നലെ പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി.
വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് കുരുക്കായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തല കുത്തി വീഴുമെന്നും പാലോട് രവി പറഞ്ഞത് നേതൃത്വത്തെയും അണികളെയും അമ്പരപ്പിച്ചു.
പുല്ലമ്പാറ പഞ്ചായത്തിൽ താഴെ തട്ടിലെ ഭിന്നത തീര്‍ക്കാൻ കൊടുത്ത സന്ദേശമെന്നാണ് പാലോട് രവി വിശദീകരിച്ചെങ്കിലും നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. എഐസിസിയുമായി സംസ്ഥാന നേതാക്കളുമായും സണ്ണി ജോസഫ് കൂടിയാലോചന നടത്തി.
സംഭാഷണം എഐസിസിയും പരിശോധിച്ചു. ഒടുവിൽ കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങി.
രാജിയില്ലെങ്കിൽ നടപടി എന്ന സന്ദേശം നൽകി. ഗുരുതര സംഘടനാപ്രതിസന്ധിയുള്ള തലസ്ഥാനത്തെ കോൺഗ്രസിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം തിരിച്ചുവരവിനുള്ള പദ്ധതികൾ നടപ്പാക്കുമ്പോഴാണ് ജില്ലാ അധ്യക്ഷന്റെ രാജി.
വിഡി സതീശനുമായി അടുപ്പത്തിലുള്ള നേതാവാണ് രവി. രവിയുടെ ശൈലിക്കെതിരെ ജില്ലയിലെ പാർട്ടിയിൽ നേരത്തെ എതിർപ്പുണ്ട്.
സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിൽ പ്രസിഡന്റ് അടക്കം രാജിവെച്ചതിന് പിന്നാലെ രവി രാജിക്കത്ത് നൽകിയെങ്കിലും നേതൃത്വം തള്ളിയിരുന്നു. രവിയുമായി സംസാരിച്ച ജലീലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]