റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ തുടർച്ചയായ മൂന്നാം നാളിലും റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 35 കേന്ദ്രങ്ങളിലായി 50 സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ നിർണായക രേഖഖളും കംപ്യൂട്ടറുകളും പിടിച്ചെടുത്തുവെന്നാണ് സൂചന.
യെസ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി 3,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന ആരോപണത്തിന്മേൽ പണംതിരിമറി തടയൽ നിയമം (പിഎംഎൽഎ) അനുസരിച്ചാണ് ഇ.ഡിയുടെ നടപടികൾ.
അനിൽ അംബാനി നയിച്ചിരുന്ന റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം), റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ) എന്നിവയുമായി ബന്ധപ്പെട്ട വായ്പകളെ ചുറ്റിപ്പറ്റിയാണ് റെയ്ഡ്.
എന്നാൽ, റെയ്ഡിന് ആസ്പദമായ വായ്പകൾ 10 വർഷത്തിനു മുൻപുള്ളതാണെന്നും ആർകോം, ആർഎച്ച്എഫ്എൽ എന്നിവയുമായി റിലയൻസ് ഗ്രൂപ്പിന് ഇപ്പോൾ ബന്ധമില്ലെന്നും ഗ്രൂപ്പിലെ കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇ.ഡിയുടെ റെയ്ഡ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ ബിസിനസ് പ്രവർത്തനത്തെയോ ഓഹരി ഉടമകളെയോ ഉപഭോക്താക്കളെയോ ബാധിക്കില്ലെന്നും റിലയൻസ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. റിലയൻസ് ഇൻഫ്രാ, റിലയൻസ് പവർ എന്നിവയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അനിൽ അംബാനി ഇപ്പോൾ അംഗമല്ലെന്നും ഗ്രൂപ്പ് പറഞ്ഞിരുന്നു.
അതേസമയം, കമ്പനികൾ വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും ഓഹരി വിപണിയിൽ നേരിട്ടത് കനത്ത നഷ്ടമായിരുന്നു.
റിലയൻസ് ഇൻഫ്രയുടെയും റിലയൻസ് പവറിന്റെയും ഓഹരികൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി 10% വീതം കൂപ്പുകുത്തി. അതേസമയം ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി, ബാങ്ക് ഓഫ് ബറോഡ, നാഷനൽ ഹൗസിങ് ബാങ്ക്, നാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെയും സിബിഐ റജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ റെയ്ഡ്.
എസ്ബിഐ അടുത്തിടെ ആർകോമിന്റെ വായ്പാ അക്കൗണ്ടുകളെ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
അനിൽ അംബാനിയുടെ പേര് കൂടി ഉൾപ്പെടുത്തിയാണ് എസ്ബിഐ റിസർവ് ബാങ്കിന് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. കനറാ ബാങ്ക് ഫ്രോഡ് വിഭാഗത്തിൽ നിന്ന് ആർകോമിന്റെ വായ്പാ അക്കൗണ്ടിനെ ഒഴിവാക്കിയെങ്കിലും ബാങ്കിൽ നിന്ന് ആർകോം എടുത്ത 1,050 കോടി രൂപയുടെ വായ്പ തിരിമറി നടത്തിയെന്ന ആരോപണവും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കൂടി ഉൾപ്പെട്ട മറ്റൊരു 10,000 കോടി രൂപയുടെ ഇടപാടും അന്വേഷണ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/Reliance Groupൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]