ആലപ്പുഴ∙ മഴ വന്നാൽ കുഴി എന്നതു പൊതുതത്വമാണ്; അതിൽ ദേശീയപാതയെന്ന ഇളവൊന്നുമില്ല, മറ്റു റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. രാജ്യാന്തര നിലവാരത്തിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ പണി പൂർത്തിയാകുന്നതിനു മുൻപേ കുഴികളായി.
കോരിച്ചൊരിയുന്ന മഴയത്തു ദൂരക്കാഴ്ച കുറവാണെന്നതിനാലും വെള്ളം നിറഞ്ഞു കിടക്കുമ്പോൾ ആഴം തിരിച്ചറിയാനാകാതെയും വാഹനങ്ങൾ കുഴിയിൽ ചാടി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ജില്ലയിൽ കൂടുതൽ കുഴികളുള്ളത് ദേശീയപാത 66ലാണ്.
തിരുവനന്തപുരം– കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ് കുഴികളായി അപകടപാതയാകുന്നത്.
ദേശീയപാതയിൽ മഴയെ അവഗണിച്ചും പാറപ്പൊടിയും ടാർ മിശ്രിതവും ഉപയോഗിച്ചു കുഴി മൂടുന്നുണ്ട്. എന്നാൽ മഴയും ഭാരവാഹനങ്ങളും കാരണം ഈ മിശ്രിതം ഇളകി മാറുന്നതോടെ കൂടുതൽ വലുപ്പമുള്ള കുഴി രൂപപ്പെടും.
മണൽ റോഡിൽ നിരക്കുന്നതോടെ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ നിരങ്ങി മാറുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ തെന്നി വീഴാനും ഈ മണൽ കാരണമാകുന്നു.
പരാതിപ്പെട്ടിട്ടും പ്രതിഷേധിച്ചിട്ടും ശാസ്ത്രീയ നടപടിക്കു ദേശീയപാത കരാർ കമ്പനികൾ നടപടിയെടുക്കുന്നുമില്ല.
അമ്പലപ്പുഴ
പുന്നപ്ര കളിത്തട്ട്, പായൽക്കുളങ്ങര, അയ്യൻകോയിക്കൽ എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായ ഭാഗത്തു വലിയ കുഴികൾ രൂപപ്പെട്ടു. പായൽക്കുളങ്ങരയിലെ കുഴിയിൽ വീണു സ്കൂട്ടർ യാത്രികർക്കു പരുക്കേറ്റു.
കരൂർ അയ്യൻകോയിക്കലിനു സമീപം ജല അതോറിറ്റി പൈപ്പ് ചോർന്നു പാത കുളമായി. ഇത് അറിയാതിരിക്കാനും അപകടം ഒഴിവാക്കാനും ഗതാഗതം പൂർണമായും സർവീസ് റോഡ് വഴിയാക്കി.
പുന്നപ്ര കളിത്തട്ട് ഭാഗത്തെ കുഴികൾ താൽക്കാലികമായി അടച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞു മുൻപ് ഉണ്ടായതിനെക്കാൾ വലിയ കുഴികളായി മാറി.
അടിപ്പാത നിർമാണം നടക്കുന്ന എസ്എൽ പുരം, വളവനാട്, കലവൂർ, പാതിരപ്പള്ളി, പൂങ്കാവ് ഭാഗത്തു ചെറുതും വലുതുമായ ഒട്ടേറെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വളവനാട് അടിപ്പാതയ്ക്കു സമീപത്തു രൂപപ്പെട്ട
വലിയ കുഴിയിൽ ഇരുചക്ര വാഹനം വീണു കഴിഞ്ഞ ദിവസം യാത്രക്കാരനു കാലിനും കൈക്കു പരുക്കേറ്റിരുന്നു. അടുത്ത ദിവസം കുഴി പാറപ്പൊടി ഉപയോഗിച്ച് അടച്ചെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴി രൂപപ്പെട്ടു.
കാർത്തികപ്പള്ളി
കായംകുളത്തു പഴയാറ്റ് കാവിനു സമീപം സ്ഥിരമായി അപകടമുണ്ടാക്കുന്ന കുഴി ഇപ്പോഴും നികത്തിയിട്ടില്ല.
ഒരു മാസം മുൻപ് ഈ കുഴിയിൽ വീണ് ഐക്യ ജംക്ഷൻ സ്വദേശിയായ യുവാവിനു ഗുരുതരമായി പരുക്കേറ്റിരുന്നു.ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയിൽ നിറയെ കുഴികളാണ്.
മാധവ ജംക്ഷനു സമീപവും തെക്കേനടയിലും കുഴികളുണ്ട്. കരുവാറ്റ വഴിയമ്പലത്തിൽ സർവീസ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കുഴികളുണ്ട്.
നിർമാണം നടക്കുന്ന ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ കുഴികൾ ഉള്ളതിനാൽ വാഹനങ്ങൾ പെട്ടെന്നു വേഗം കുറയ്ക്കുന്നതോടെ പിന്നാലെ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നുമുണ്ട്.
ചേർത്തല
തങ്കി, എക്സ്റേ ജംക്ഷൻ, വയലാർ കവലയ്ക്ക് സമീപം, 11–ാം മൈൽ, കണിച്ചുകുളങ്ങര ജംക്ഷനു സമീപം, ഒറ്റപ്പുന്ന, അർത്തുങ്കൽ ബൈപാസ് ജംക്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ കുഴിയാണ്. ഡിവൈഡർ നിർമിച്ചതിനാൽ മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുന്നു.
ചില സ്ഥലങ്ങളിൽ വാഹനങ്ങൾക്കു കടന്നു പോകാൻ സർവീസ് റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും സർവീസ് റോഡിലേക്കു പ്രവേശിക്കുന്നയിടങ്ങളിൽ കുഴികൾ രൂപപ്പെട്ടതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്.
ആലപ്പുഴ ബൈപാസിലെ കുഴി
ആലപ്പുഴ ബൈപാസ് മേൽപാലത്തിലും കുഴികൾ രൂപപ്പെട്ടു. പാലത്തിന്റെ കളർകോട് ഭാഗത്താണ് കൂടുതൽ കുഴികളുള്ളത്.
വടക്കുനിന്നെത്തുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങിച്ചെല്ലുമ്പോഴാണു കുഴികളിൽ ചാടുന്നത്. കുഴിയിൽ ചാടാതെ വെട്ടിക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ മറിഞ്ഞും അപകടമുണ്ടാകുന്നുണ്ട്. വാഹനങ്ങൾ വേഗം കുറയ്ക്കുമ്പോൾ പിന്നിലെ വാഹനം ഇടിച്ച സംഭവങ്ങളുമുണ്ട്.
വെള്ളക്കെട്ടും കുഴിയും നിറഞ്ഞ് ഉയരപ്പാത നിർമാണമേഖല
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള പാതയിൽ അരൂർ ക്ഷേത്രം കവല, ചന്തിരൂർ സ്കൂളിനു മുൻവശം, അരൂർ സെന്റ് മേരീസ് പള്ളിക്കു മുന്നിൽ, എരമല്ലൂർ, കോടംതുരുത്ത് എന്നിവിടങ്ങളിൽ കുഴികൾ നിറഞ്ഞു.
അരൂർ ക്ഷേത്രം കവലയിൽ സ്ഥിരമായി വെള്ളക്കെട്ടുള്ള ഭാഗത്തു വൻ കുഴിയാണ്.
ഗതാഗത നിയന്ത്രണം കാരണം കൊച്ചിയിൽ നിന്നു ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അരൂർ ബൈപാസ് കവല മുതൽ ഇഴഞ്ഞു നീങ്ങിയാണു ക്ഷേത്രം കവല വരെയെത്തുന്നത്. അരൂർ ക്ഷേത്രം കവലയിൽ നിന്ന് അരൂക്കുറ്റി റോഡിലേക്കു തിരിയുന്ന ഭാഗത്തു മുട്ടൊപ്പം വെള്ളമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]