
വെള്ളറട ∙ നെയ്യാർ ജലസംഭരണിയിൽ മുങ്ങി മരണങ്ങൾ പതിവാകുന്നു.
അമ്പൂരി, കാട്ടാക്കട സ്വദേശികളായ അർജുൻ, ദുർഗാദാസ് എന്നിവർ അമ്പൂരി പന്തപ്ലാമൂട് കരിമ്പാനിക്ക് സമീപത്തെ പാറക്കൂട്ടത്തിനോടു ചേർന്ന് നെയ്യാർ ജല സംഭരണിയിൽ മരിച്ച സംഭവമാണ് ഒടുവിലത്തേത്.
നെയ്യാർ സംഭരണിയിലേക്ക് തമിഴ്നാട്ടിൽ നിന്നും ഒഴുകിയെത്തുന്ന കരിപ്പയാറ് പതിക്കുന്ന എരപ്പാൻ കുഴിയിൽ വേളി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചത് ഒരു മാസം മുൻപായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാക്കാൻ പോകുന്നുവെന്ന വിവരമറിഞ്ഞും സമൂഹമാധ്യമങ്ങളിലെ വിഡിയോകൾ കണ്ടും വിവിധ മേഖലകളിൽനിന്നും യുവാക്കളുടെ സംഘങ്ങൾ അടുത്തിടെ അമ്പൂരിയിൽ വ്യാപകമായി എത്തുന്നുണ്ട്.
ഇവരിൽ പലരും മദ്യവുമായിട്ടാണ് എത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
മദ്യലഹരിയിലെ ബഹളവും തുടർന്ന് സംഭരണിലെ കുളിയും പതിവാണ്. മുൻപരിചയമില്ലാതെ സംഭരണിയിലിറങ്ങി കുളിക്കുന്നതിനിടെ വെള്ളത്തിലകപ്പെടുന്നവരെ പലവട്ടം നാട്ടുകാർ രക്ഷിച്ചിട്ടുണ്ട്.
മദ്യപ സംഘങ്ങൾ കുപ്പികൾ പാറകളിലെറിഞ്ഞ് പൊട്ടിക്കുന്നതും സ്ഥിരം സംഭവമാണ്. ചില്ലുകൾ കാലിൽ തറച്ചുണ്ടായിട്ടുള്ള അപകടങ്ങളും കുറവല്ല. മദ്യപാനത്തിനു ശേഷം പലരും ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.
ചോദ്യം ചെയ്യുന്ന നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വെള്ളറട, നെയ്യാർഡാം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയാണ് അമ്പൂരി. ഇക്കാരണത്താൽ രണ്ടു സ്റ്റേഷനുകളിലെ പൊലീസും കാര്യമായി സ്ഥലം ശ്രദ്ധിക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പട്രോളിങ് സ്ഥിരമായി നടത്താറില്ലെന്നും നാട്ടുകാർ ആരോപിച്ചു. വിവരങ്ങൾ വിളിച്ചറിയിച്ചാലും ഏറെവൈകിയേ പൊലീസ് എത്താറുള്ളൂവെന്നും, സംഭവസ്ഥലം തങ്ങളുടെ അതിർത്തിക്കുള്ളിലാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ട
ശേഷമേ സ്റ്റേഷനിൽനിന്നും പൊലീസ് ഇറങ്ങാറുള്ളൂവെന്നും നാട്ടുകാർ പറയുന്നു. പ്രശ്നപരിഹാരത്തിനായി അമ്പൂരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]