അമ്പലപ്പുഴ ∙ ഭാവിയിൽ നിങ്ങളുടെ ചികിത്സ എങ്ങനെ ആയിരിക്കണം, മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നുണ്ടോ, സംസ്കാര ചടങ്ങുകൾ എങ്ങനെ വേണം, ഇത്തരം കാര്യങ്ങളിൽ അഭിപ്രായങ്ങളും തീരുമാനങ്ങളമുള്ള ആളാണോ നിങ്ങൾ. എങ്കിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിക്കാൻ പോകുന്ന സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ലിവിങ് വിൽ ഇൻഫർമേഷൻ ഡെസ്കിന് നിങ്ങളെ സഹായിക്കാൻ ആകും.
അനസ്തീസിയ വിഭാഗത്തിന് കീഴിൽ ഒരുങ്ങിയ സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കും ലിവിങ് വിൽ ഇൻഫർമേഷൻ ഡെസ്കും 30ന് പാലിയേറ്റീവ് കെയർ സ്ഥാപകൻ എം.ആർ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികൾക്കായി എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഇവിടെ ഒപി സേവനം ലഭ്യമാകും. 10 കിടക്കകൾ ഉൾപ്പെടുത്തി സജ്ജീകരിച്ച വാർഡിൽ മറ്റു വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനങ്ങളും ഉറപ്പാക്കും.
ഫാർമസി, ലിവിങ് വിൽ ഇൻഫർമേഷൻ ഡെസ്ക്, സ്റ്റോർ എന്നീ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ ലിവിങ് വിൽ പൂരിപ്പിക്കുന്നതിന് ഫോമും നിർദേശങ്ങളും ലഭിക്കും.
തിങ്കൾ മുതൽ വെള്ളി വരെയാകും ഡെസ്ക് പ്രവർത്തിക്കുക.
ഒരു വ്യക്തിയുടെ ജീവിതാവസാന സമയത്തോ രോഗാവസ്ഥയിലോ ചികിത്സാ തീരുമാനങ്ങൾ എടുക്കാനാകാത്ത ഘട്ടത്തിൽ ലഭിക്കേണ്ട ചികിത്സ സംബന്ധിച്ച ആഗ്രഹങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തി വയ്ക്കുന്നതാണ് ലിവിങ് വിൽ.
ജീവിതാവസാന സാഹചര്യങ്ങളിലെ ചികിത്സാ രീതികളെക്കുറിച്ച് വ്യക്തിയുടെ നിർദേശങ്ങളാണ് രേഖപ്പെടുത്തുക.
വെന്റിലേഷൻ, ഡയാലിസിസ് പോലെ ജീവൻ നിലനിർത്തുന്ന ചികിത്സകൾ സ്വീകരിക്കണോ വേണ്ടയോ, മരണശേഷമുള്ള അവയവദാനം, സംസ്കാര ചടങ്ങുകൾ തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ മുൻകൂട്ടി തീരുമാനിക്കാം. 18 വയസ്സ് തികഞ്ഞ ആർക്കും ലിവിങ് വിൽ ഒപ്പു വയ്ക്കാം.
ബന്ധുക്കളുമായി ആലോചിച്ചതിനു ശേഷം ഒപ്പുവച്ച ഈ രേഖകൾ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഒപ്പുവയ്ക്കും. ശേഷം ഈ രേഖ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ സൂക്ഷിക്കും.
മെഡിക്കൽ കോളജിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി ‘കാരുണ്യ’ എന്ന പേരിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും സജീവമാണ്.
അരയ്ക്ക് താഴെ തളർന്നവരെ ഒരുമിച്ചു ചേർത്ത് എല്ലാ വർഷവും പാരാപ്ലീജിയ മീറ്റും മെഡിക്കൽ ക്യാംപുകളും സംഘടിപ്പിക്കുന്നു. കിടപ്പുരോഗികൾക്ക് മാനസികവും ശാരീരികവുമായി പിന്തുണ നൽകുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം. ഹൗസ് സർജൻമാരുടെ കരിക്കുലത്തിലും പാലിയേറ്റീവ് കെയർ സ്ഥാനം പിടിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും കിടപ്പുരോഗികളെ ഡോക്ടർമാർ നേരിട്ട് വീടുകളിലെത്തി പരിശോധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]