
കോഴിക്കോട്∙ ഒന്നുകിൽ സ്കൂളിനു മുന്നിലെ മതിൽ ചാടിക്കടക്കണം, അല്ലെങ്കിൽ 4 അടി മാത്രം വീതിയുള്ള വഴിയിലൂടെ തിക്കിത്തിരക്കണം. ഏഴു വർഷം മുൻപ് സ്വകാര്യ വ്യക്തിയിൽ നിന്നു സർക്കാർ ഏറ്റെടുത്തു നവീകരിച്ച മലാപ്പറമ്പ് ഗവ.
എൽപി സ്കൂളിലേക്കു പോകുന്ന 147 കുട്ടികളുടെയും അധ്യാപകരുടെയും അവസ്ഥയാണിത്. നഷ്ടക്കണക്കു നിരത്തി സ്കൂൾ അടച്ചുപൂട്ടാൻ മാനേജ്മെന്റ് ഒരുങ്ങിയപ്പോൾ ജനകീയ പ്രതിഷേധവും ജനപ്രതിനിധികളുടെ ആവശ്യവും കണക്കിലെടുത്താണ് 2018ൽ സർക്കാർ ഏറ്റെടുത്തത്. തുടർന്ന് സ്കൂൾ കെട്ടിടം നവീകരിച്ചപ്പോഴും ഗേറ്റിനു മുൻവശത്തെ ഉയർന്ന മൺതിട്ടയും തകർന്നുവീഴാറായ മതിലും അതേപടി നിലനിന്നു.
ഇതിനിടയിൽ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മതിൽ കുറെ ഭാഗം പൊളിച്ചിരുന്നു.
പിന്നീട് റോഡ് വികസനം മലാപ്പറമ്പ് – മാനാഞ്ചിറ വരെ മാത്രമാക്കി ചുരുക്കിയതോടെ സ്കൂളിനു മുന്നിലെ മതിൽക്കെട്ടും മൺതിട്ടയും ഏറ്റെടുത്തിട്ടില്ല.
സ്കൂളിന്റെ പ്രധാന കവാടം വഴി ഇപ്പോൾ റോഡിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഗേറ്റിനു മുന്നിൽ 2 മീറ്റർ ഉയരത്തിലാണ് മൺതിട്ടയും അതിനു മീതെ കല്ലുകൾ അട്ടിയായി വച്ച നിലയിലുമുള്ളത്.
ഇത് ഏതു നിമിഷവും വീഴാം. ഇതു വഴി കുട്ടികൾ ഓടിക്കളിച്ചാലുള്ള അപകടസാധ്യത കണക്കിലെടുത്ത് അധ്യാപകർ ഗേറ്റ് അടച്ചിട്ടു കാവൽ നിൽക്കുകയാണ്.
താൽക്കാലിക മതിൽ പൊളിച്ചുമാറ്റാൻ സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ കലക്ടർ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിനും പരാതി നൽകിയിട്ടും നടപടിയില്ല. സ്കൂളിനും റോഡിനും ഇടയിൽ ഒരു മതിൽക്കെട്ടിന്റെ വീതിയിലുള്ള സ്ഥലം അവശേഷിച്ചത് സ്വകാര്യ വ്യക്തിയുടേതാണെന്നു പറയുന്നു.
ഇതു സർക്കാർ ഭൂമിയാണോ സ്വകാര്യ വ്യക്തിയുടേതാണോ എന്നു വ്യക്തതയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്തെങ്കിലും ദുരന്തമുണ്ടാകുന്നതു വരെ കാത്തിരിക്കാതെ സ്കൂളിന്റെ പ്രധാന കവാടത്തിനു മുന്നിലെ മതിൽക്കെട്ട് പൊളിച്ചു മാറ്റണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]