
ഒറ്റപ്പാലം ∙ കണ്ണൂരിൽ നിന്നു ജയിൽചാടിയ ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പിടിയിലായപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു 2 വർഷം മുൻപു കടന്നുകളഞ്ഞ തമിഴ്നാട്ടുകാരനായ മറ്റൊരു കൊടും കുറ്റവാളി ഇപ്പോഴും കാണാമറയത്ത്. ഒറ്റപ്പാലം പാലപ്പുറത്തു കവർച്ചയ്ക്കിടെ ദമ്പതികളെ ക്രൂരമായി ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ തടവുചാടിയ കുപ്രസിദ്ധ മോഷ്ടാവും പൊള്ളാച്ചി സ്വദേശിയുമായ ഗോവിന്ദരാജിനെ (പൂച്ചാണ്ടി ഗോവിന്ദരാജ്-53) ആണു പിടികൂടാനാകാത്തത്.
റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു വിചാരണ തുടങ്ങിയതിനു പിന്നാലെ 2023 സെപ്റ്റംബർ 8നാണു ഗോവിന്ദരാജ് ജയിലിൽ നിന്നു രക്ഷപ്പെട്ടത്. 2022 നവംബർ 11നു പുലർച്ചെയാണു വിമുക്തഭടനും എസ്ബിഐ റിട്ട.
ഉദ്യോഗസ്ഥനുമായ പാലപ്പുറം മുണ്ടൻഞാറ ആട്ടീരിയിൽ സുന്ദരേശ്വരനും (77) ഭാര്യ റിട്ട. അധ്യാപിക അംബികാദേവിയും (70) കവർച്ചയ്ക്കിടെ ആക്രമിക്കപ്പെട്ടത്.
വീടിന്റെ മേൽക്കൂരയിലെ ഓടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവിനെ ദമ്പതികൾ കണ്ടതിനു പിന്നാലെയായിരുന്നു കയ്യിൽ കരുതിയിരുന്ന മടവാൾ ഉപയോഗിച്ച് ആക്രമണം.
അൽപനേരം വിലപിടിപ്പുള്ള ഉരുപ്പടികൾ തിരഞ്ഞെങ്കിലും കയ്യിൽ കിട്ടിയ മൊബൈൽ ഫോണുമായി ഗോവിന്ദരാജ് സ്ഥലം വിട്ടു. ഗുരുതര പരുക്കേറ്റ ദമ്പതികൾ ദിവസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗോവിന്ദരാജ് കൈക്കലാക്കിയ മെെബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകൾക്കകം ഇയാളെ പാെലീസ് അറസ്റ്റ് ചെയ്തത്.
സമാനമായ വേഗം തുടരന്വേഷണത്തിലും കുറ്റപത്രം തയാറാക്കലിലും പാെലീസ് പിന്തുടർന്നു. ജാമ്യത്തിനുള്ള പഴുതുപോലും അടച്ച്, സംഭവം നടന്നു മുപ്പത്തിയഞ്ചാം നാൾ ഒറ്റപ്പാലം പൊലീസ് മുൻ ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ആക്രമിക്കപ്പെട്ട ദമ്പതികളുടെ അപേക്ഷ പരിഗണിച്ചു സംസ്ഥാന സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെയും നിയമിച്ചു.
കേസിൽ വിചാരണ തുടങ്ങിയതിനു പിന്നാലെയാണു ഗോവിന്ദരാജ് ജയിലിന്റെ മതിൽ ചാടി രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ ഒട്ടേറെ കേസുകളുള്ള ഗോവിന്ദരാജ് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നു ശിക്ഷാ കാലാവധി പൂർത്തിയായി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു പാലപ്പുറത്തു നാടിനെ നടുക്കിയ കവർച്ച.
ഒട്ടേറെ കേസുകൾ; കൂടുതലും ആക്രമിച്ചുള്ള കവർച്ച
ഒറ്റപ്പാലം ∙ തടവു ചാടി 2 വർഷമായി പുറത്തു വിലസുന്ന ഗോവിന്ദരാജ്, ഗോവിന്ദച്ചാമിയെ പോലെ ഇരകളെ ആക്രമിച്ചു മോഷണം നടത്തുന്ന രീതി പിന്തുടരുന്ന കുറ്റവാളി.
ഇയാളുടെ പേരിലുള്ള കേസുകളേറെയും ആക്രമിച്ചുള്ള കവർച്ച സംബന്ധിച്ചതാണ്. പാലപ്പുറത്തും കവർച്ചയ്ക്കിടെ കയ്യിൽ കരുതിയിരുന്ന മടവാൾ ഉപയോഗിച്ചാണ് ഇയാൾ ദമ്പതികളെ വെട്ടിയത്.
നിലവിളി കേട്ട പ്രദേശവാസിയായ യുവാവ് മറ്റു ചിലരെ കൂടി വിളിച്ചുണർത്തി സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
അപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നെങ്കിലും പരുക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായി.
വയൽപ്രദേശത്തിനരികിലെ ദമ്പതികളുടെ വീട്ടിൽ അയൽക്കാരെത്തുമ്പോൾ ഇരുവരും പരുക്കേറ്റു കിടപ്പായിരുന്നു. മോഷ്ടാവിൽ നിന്നു വെട്ടേറ്റ സുന്ദരേശ്വരൻ രക്തം വാർന്ന നിലയിലാണു കിടന്നിരുന്നത്.
തടവു ചാടിയതിനു പിന്നാലെ ഗോവിന്ദരാജിനെതിരെ വിചാരണ കോടതി വാറന്റ് പുറപ്പെടുവിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഡിഐജിയുടെ നിർദേശപ്രകാരം ഒറ്റപ്പാലം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും സൂചന പോലും ലഭിച്ചിട്ടില്ല.
ഗോവിന്ദച്ചാമിക്കായി ഒറ്റപ്പാലത്തും പരിശോധന
ഒറ്റപ്പാലം ∙ ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെ ഒറ്റപ്പാലത്തും പരിശോധന.
റെയിൽവേ സ്റ്റേഷൻ കേന്ദ്രകരിച്ചായിരുന്നു പരിശോധനകൾ. സ്റ്റേഷൻ എത്തും മുൻപു ചാടാനുള്ള സാധ്യത പരിഗണിച്ചു മാന്നനൂർ പോലുള്ള പ്രദേശങ്ങളിലും പരിശോധിച്ചു.
ഇതിനിടെയാണ് ഇയാൾ പിടിയിലായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]