
മാള ∙ പഞ്ചായത്ത് പരിധിയിൽ വ്യാപക നാശം വിതച്ച് മിന്നൽച്ചുഴലി. വ്യാഴം രാത്രി 10.20നാണ് ശക്തമായ കാറ്റും മഴയും മേഖലയിൽ ആഞ്ഞടിച്ചത്.
ചക്കാംപറമ്പ്, കോട്ടമുറി, കാവനാട് ഭാഗങ്ങളിലാണ് നാശനഷ്ടങ്ങൾ ഏറിയ പങ്കും സംഭവിച്ചിട്ടുള്ളത്. കാർഷിക വിളകൾ വ്യാപകമായി നശിച്ചു.
2 വീടുകൾക്കു മുകളിലേക്ക് മരങ്ങൾ വീണു. 12 ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞും കടപുഴകി വീണും നശിച്ചു.
വൈദ്യുതി വിതരണം ഇന്നലെ വൈകിട്ടോടെയാണ് പലയിടത്തും പുനഃസ്ഥാപിക്കാനായത്. മാള കൊടവത്തുകുന്ന് റോഡിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് പുളിമരം മറിഞ്ഞു വീണു.
ഡ്രൈവർ അടക്കം 4 പേർ ഓട്ടോയിൽ ഉണ്ടായിരുന്നു. ഇവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.കൊടവത്തുകുന്ന് ചാലയ്ക്കൽ ഓമന പ്രഭാകരൻ, കാവനാട് അഡൂപ്പറമ്പിൽ വേണു എന്നിവരുടെ വീടിനു മുകളിലേക്കാണ് മരങ്ങൾ മറിഞ്ഞു വീണത്.
ഇതിൽ അഡൂപ്പറമ്പിൽ വേണുവിന്റെ വീടിനു മുകളിലേക്ക് തെങ്ങും തേക്കും മറിഞ്ഞു വീണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മാള അഗ്നിരക്ഷാ സേനാംഗങ്ങൾ രാത്രിയോടെ റോഡിൽ വീണ മരങ്ങൾ നാട്ടുകാരുടെ സഹായത്തോടെ മുറിച്ചുനീക്കി.
പുലർച്ചയോടെയാണ് ചെറു റോഡുകളിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ചക്കാംപറമ്പ് വാർഡിൽ കളപ്പറമ്പത്ത് ടൈറ്റസിന്റെ 14 ജാതിമരങ്ങളും കോവാട്ടുപറമ്പിൽ ബേബിയുടെ 5 ജാതി മരങ്ങളും വെള്ളാനി വർഗീസിന്റെ 3 ജാതി മരങ്ങളും കോട്ടയ്ക്കൽ സെന്റ് തെരേസാസ് പള്ളിയുടെ പറമ്പിലെ 20 റബർ മരങ്ങളും 20 ജാതി മരങ്ങളും 5 തേക്കുകളും നിലംപൊത്തി. കാവനാട് അഡൂപ്പറമ്പിൽ രാജു, ചക്കാലമറ്റത്ത് തോമസ്, ഞാറക്കാട്ടിൽ സെയ്തു മുഹമ്മദ് എന്നിവരുടെ പറമ്പിലെ ജാതിമരങ്ങളും കടപുഴകി വീണിട്ടുണ്ട്. അറയ്ക്കൽ ജിപ്സണിന്റെ പറമ്പിലെ അൻപതോളം വാഴകളും മാവും നിലംപൊത്തി.
അഡൂപ്പറമ്പിൽ രാമചന്ദ്രന്റെ മതിൽ മാവും പ്ലാവും വീണ് തകർന്നു. കവുങ്ങുകളും ഒടിഞ്ഞു വീണിട്ടുണ്ട്.
മേഖലയിൽ എഴുപതിലേറെ ജാതി മരങ്ങൾ നിലംപൊത്തിയതായാണ് പ്രാഥമിക കണക്ക്. നാൽപതോളം കവുങ്ങുകളും അൻപതോളം വാഴകളും കടപുഴകി വീണതായും പറയപ്പെടുന്നു. നാശനഷ്ടത്തിന്റെ വ്യാപ്തി അടുത്ത ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂവെന്ന് കൃഷി ഓഫിസർ എ.റുബീന അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, പഞ്ചായത്തംഗങ്ങളായ ജിയോ ജോർജ്, ലിസി സേവ്യർ, നിതാ ജോഷി എന്നിവരും റവന്യു, കൃഷി ഭവൻ അധികൃതരും സന്ദർശിച്ചു.
റോഡിലേക്ക് മണ്ണിടിഞ്ഞു വീണു
പുത്തൻചിറ ∙ പിണ്ടാണിയിൽ നിന്ന് ഗോസായ് ഭാഗത്തേക്കുള്ള റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇന്നു പുലർച്ചെയാണ് റോഡരികിലുള്ള ഉയർന്ന ഭൂമിയിൽ നിന്ന് വലിയ പാറക്കല്ലും മണ്ണും ഇടിഞ്ഞു താഴേക്ക് വീണത്. ഒൻപതോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്.
കനത്ത മഴയാണു മണ്ണിടിച്ചിലിനു കാരണമായതെന്നാണ് നിഗമനം. മരം റോഡിലേക്ക് വീണു;ഗതാഗതം തടസ്സപ്പെട്ടു
പൂപ്പത്തി ∙ ഏരിമ്മൽ ക്ഷേത്ര മുറ്റത്തെ വലിയ ആൽമരം കടപുഴകി റോഡിലേക്ക് വീണു.
ഇന്നലെ രാവിലെയാണ് സംഭവം. സമീപത്തുള്ള വൈദ്യുതി ലൈനിലൂടെയാണു മരം വീണത്.4 ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു.
ഇതുവഴിയുള്ള ഗതാഗതം 2 മണിക്കൂറോളം തടസ്സപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]