
തൊടുപുഴ ∙ അപകടങ്ങൾ ആവർത്തിക്കുമ്പോഴും മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ചാത്തൻപാറ വ്യൂ പോയിന്റ്. കാഞ്ഞാർ–വാഗമൺ റോഡിലെ പ്രധാന വ്യൂ പോയിന്റുകളിലൊന്നാണ് പുത്തേടിനു സമീപമുള്ള കുമ്പങ്കാനം ചാത്തൻപാറ വ്യൂ പോയിന്റ്.
മൂലമറ്റം ടൗണിന്റെ ഉൾപ്പെടെ ഇവിടെ നിന്നുള്ള ദൂരക്കാഴ്ചകളാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ഇതുവഴി പോകുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും വാഹനം നിർത്തി വിശ്രമിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യാറുണ്ട്.
എന്നാൽ, സുരക്ഷാ വേലിയോ മുന്നറിയിപ്പ് ബോർഡുകളോ ഒരുക്കാൻ നാളിതുവരെ അധികൃതർ തയാറായിട്ടില്ല.
രാത്രികാലത്ത് ഈ ഭാഗത്ത് വെളിച്ചവുമില്ല. ആളുകളുടെ ചെറിയൊരു അശ്രദ്ധ പോലും അപകടത്തിന് കാരണമാകും.
മഴക്കാലമായതോടെ റോഡരികിൽ പായലും വഴുക്കലും ഉള്ളതിനാൽ സഞ്ചാരികൾ കാൽവഴുതി കൊക്കയിൽ വീഴാനും സാധ്യതയുണ്ട്. ഇതുവരെ നാലുപേർ ഈ ഭാഗത്ത് കൊക്കയിൽ വീണ് മരിച്ചതായി നാട്ടുകാർ പറയുന്നു.
കൊക്കയിൽ വീണിട്ട് അത്ഭുതകരമായി രക്ഷപ്പെട്ടവരുമുണ്ട്. അപകടത്തിൽപെടുന്നവരിൽ ഏറെയും സഞ്ചാരികളാണ്.
300 അടിയിലേറെ താഴ്ചയുള്ള ചെങ്കുത്തായ പാറക്കെട്ടാണ് ഇവിടെയുള്ളത്. അതിനാൽ, അപകടത്തിൽപെടുന്നവർ രക്ഷപ്പെടാൻ സാധ്യത തീരെ കുറവാണ്.
സഞ്ചാരികൾക്ക് ഇവിടെനിന്നുള്ള കാഴ്ച തടസ്സപ്പെടാത്ത വിധം, നാലടിയെങ്കിലും ഉയരത്തിൽ സുരക്ഷാവേലി സ്ഥാപിച്ചാൽ അപകടം ഒഴിവാക്കാനാകുമെന്നു നാട്ടുകാർ പറയുന്നു.
ഇതോടൊപ്പം അപകടസാധ്യത സൂചിപ്പിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം. മതിയായ വെളിച്ച സംവിധാനവും ഒരുക്കണം.
വാഗമൺ ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടാനുള്ള സാധ്യതയുമുണ്ട്. വശത്ത് അഗാധമായ കൊക്കയായിട്ടും, സുരക്ഷയ്ക്ക് ക്രാഷ് ബാരിയർ പോലും പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടില്ല.
വീതികുറഞ്ഞ റോഡിന്റെ വശങ്ങളിൽ കാടുകൾ വളർന്നു നിൽക്കുന്നതും അപകടഭീഷണിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]