
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ കടുത്ത നിലപാടുകളിൽ നിന്ന് വീണ്ടും മലക്കംമറിഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയ്ക്കുമേൽ രാഷ്ട്രീയ ഭിന്നതകളെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധത്തിൽ വിട്ടുവീഴ്ചയ്ക്ക് ട്രംപ് ഭരണകൂടം തയാറായി.
യുഎസ് കമ്പനിയായ ഷെവ്റോണിന് വെനസ്വേലയിൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതിയും നൽകി. ഇതോടെ, വെനസ്വേലയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്ക് വീണ്ടും ക്രൂഡ് ഓയിൽ വലിയതോതിൽ എത്തുമെന്ന സൂചനകളെ തുടർന്ന് വില ഇടിയുകയും ചെയ്തു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.32% താഴ്ന്ന് 65.16 ഡോളറിലും ബ്രെന്റ് വില 1.07% ഇടിഞ്ഞ് 68.44 ഡോളറിലും എത്തി.
1923 മുതൽ വെനസ്വേലയിൽ സാന്നിധ്യമുള്ള കമ്പനിയാണ് ഷെവ്റോൺ. വെനസ്വേലയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ പിഡിവിഎസ്എയുമായി ചേർന്ന് ഷെവ്റോൺ എണ്ണ പര്യവേക്ഷണവും ഉൽപാദനവും നടത്തിയിരുന്നു.
ഇതിനിടെ രാഷ്ട്രീയഭിന്നതകളെ തുടർന്ന് യുഎസും വെനസ്വേലയും തമ്മിൽ അകന്നു. വെനസ്വേലയ്ക്കുമേൽ യുഎസ് കടുത്ത ഉപരോധങ്ങളും ഏർപ്പെടുത്തുകയായിരുന്നു.
ഇതിന്റെ ഭാഗമായി യുഎസിൽ വെനസ്വേലൻ സർക്കാരിനും പൗരന്മാർക്കുമുള്ള ആസ്തികൾ മരവിപ്പിച്ചു.
യാത്രയ്ക്കും വ്യാപാരത്തിനും ക്രൂഡ് ഓയിലിനും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. രാജ്യത്ത് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താമെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉറപ്പുനൽകിയതിനെ തുടർന്ന് ഉപരോധങ്ങളിൽ പിന്നീട് യുഎസ് ഇളവ് വരുത്തി.
ഷെവ്റോണിന് 2022ൽ ബൈഡൻ ഭരണകൂടം വെനസ്വേലയിൽ പ്രവർത്തിക്കാനുള്ള ലൈസൻസും അനുവദിച്ചിരുന്നു.
വെനസ്വേലയിൽ ഷെവ്റോൺ 1,000 കോടിയോളം രൂപയുടെ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ, വാഗ്ദാനം ചെയ്തതുപോലെ തിരഞ്ഞെടുപ്പ് നടത്താൻ മഡുറോയ്ക്ക് കഴിയാതിരിക്കുകയും അദ്ദേഹം ഭരണത്തിൽ തുടരുകയും ചെയ്തതിനാൽ പിന്നീടുവന്ന ട്രംപ് ഭരണകൂടം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉപരോധം വീണ്ടും കടുപ്പിക്കുകയായിരുന്നു.
ഷെവ്റോണിനോട് ഒരുമാസത്തിനകം പ്രവർത്തനം നിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിൽനിന്ന് മലക്കംമറിഞ്ഞാണ് ഇപ്പോൾ ഷെവ്റോണിന് വീണ്ടും വെനസ്വേലയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയത്.
എന്നാൽ, മഡുറോ ഭരണകൂടത്തിന് സാമ്പത്തികനേട്ടം ലഭിക്കാത്തവിധം പ്രവർത്തിക്കണമെന്ന നിബന്ധനയോടെയാണ് ഷെവ്റോണിന് വീണ്ടും അനുമതി നൽകിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം.
അതേസമയം, വെനസ്വേലയ്ക്കുമേലുള്ള ഉപരോധം ഘട്ടംഘട്ടമായി പിൻവലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.
വെനസ്വേലയിൽ നിന്ന് ഉപരോധഭീഷണിയില്ലാതെ ലോക വിപണിയിലേക്ക് കൂടുതലായി ക്രൂഡ് ഓയിൽ എത്തുമെന്നും കരുതുന്നു. ഇന്ത്യയും നേരത്തേ വെനസ്വേലൻ എണ്ണ വൻതോതിൽ വാങ്ങിയിരുന്നെങ്കിലും യുഎസിന്റെ ഉപരോധത്തെ തുടർന്ന് വാങ്ങൽ കുറച്ചു.
2013ൽ ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 10.3% വെനസ്വേലയിൽ നിന്നായിരുന്നു. 2024ൽ ഇത് 1.2 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ലോകത്ത് ഏറ്റവുംവലിയ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന രാജ്യമാണ് വെനസ്വേല.
ഏകദേശം 303.8 ബില്യൻ ബാരൽ ശേഖരമാണുള്ളത്. ലോകത്തെ മൊത്തം ശേഖരത്തിന്റെ 17.8% വരുമിത്.
നിലവിൽ പ്രതിദിനം 8.92 ലക്ഷം ബാരലാണ് വെനസ്വേലയുടെ ക്രൂഡ് ഓയിൽ ഉൽപാദനം. ഷെവ്റോൺ-പിഡിവിഎസ്എ സഹകരണം വീണ്ടും ശക്തമാകുന്നതോടെ ഈ വർഷം ഇതു പ്രതിദിനം 9 ലക്ഷം ബാരലിന് മുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.
എണ്ണശേഖരത്തിൽ മുൻപന്തിയിലാണെങ്കിലും ഉൽപാദനത്തിൽ ലോകത്ത് വെനസ്വേലയ്ക്ക് 23-ാം സ്ഥാനമാണുള്ളത്.
2010ൽ പ്രതിദിനം 30 ലക്ഷം ബാരൽ എണ്ണ വെനസ്വേല ഉൽപാദിപ്പിച്ചിരുന്നു. അമേരിക്കയുടെ ഉപരോധത്തെ തുടർന്ന് ഉൽപാദനം പിന്നീടുള്ള വർഷങ്ങളിൽ കുത്തനെ ഇടിഞ്ഞു.
2023ൽ ഉൽപാദനം 8.5 ലക്ഷം ബാരൽ വീതമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]