
കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റണിൽ തയാറാവുന്ന ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിർമാണം അവസാനഘട്ടത്തിൽ. വീടിന്റെ നിലം ഒരുക്കൽ പൂർത്തീകരിച്ച് ടൈൽസ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
30 ന് പൂർത്തീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ശുചിമുറി, സിറ്റ് ഔട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കൽ പ്രവൃത്തികളാണ് ഇനി ബാക്കി.
കാലാവസ്ഥ അനുകൂലമെങ്കിൽ വീടിന്റെ പെയ്ന്റിങ് ഇന്ന് ആരംഭിക്കുമെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ അറിയിച്ചു. തുടർച്ചയായി പെയ്യുന്ന മഴയിൽ വീടിന്റെ ചുമരുകൾ നനയുന്നത് പെയ്ന്റിങ്ങിനു തടസ്സമാണ്. ഹീറ്റർ ഉപകരണങ്ങൾ ഉപയോഗിച്ച് ചുമർ ചൂടാക്കിയശേഷം ചുമരിൽ പുട്ടിയും പെയിന്റുമടിക്കാനാണ് തീരുമാനം.
1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണി തീരുന്ന വീടിന് ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയത്.
കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് മാതൃകാ വീട്ടിൽ പൂർത്തിയാവുന്നത്. 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ഏപ്രിൽ 16നാണു മാതൃകാവീട് നിർമാണം ആരംഭിച്ചത്.
എന്നാൽ, കനത്ത മഴയുൾപ്പെടെ നിർമാണപ്രവർത്തനങ്ങൾക്കു തടസ്സമായി. 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പണിയെടുത്ത് പരമാവധി വേഗത്തിൽ വീട് നിർമാണം തീർക്കാനാണു തീരുമാനം.
ആദ്യ ക്ലസ്റ്ററുകളിലെ വീടുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. 5 സോണുകളിലായാണു നിർമാണം. ആദ്യ സോണിൽ മാതൃകാവീടുൾപ്പെടെ 99 വീടാണുണ്ടാവുക. 450 വീടുകൾ നിർമിക്കാനുള്ള സൗകര്യമാണു സർക്കാർ ഏറ്റെടുത്ത ഭൂമിയിലുള്ളത്.
1000 ചതുരശ്ര അടിയിൽ, പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന കെട്ടിടങ്ങളാണ് ഉയരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]