
ലക്കിടി ∙ പാലക്കാട് – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയിൽ റെയിൽവേ മേൽപാലം നിർമിക്കാൻ നടപടി ആവശ്യപ്പെട്ടു കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകി.
ഷൊർണൂർ-പാലക്കാട് റെയിൽവേ ലൈൻ ഭാഗത്ത് ഏകദേശം 44 കിലോമീറ്റർ ദൂരത്തിൽ ബാക്കി നിൽക്കുന്ന ഒരേ ഒരു ലവൽ ക്രോസായ ലക്കിടി രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണെന്ന് എംപി കത്തിൽ പറയുന്നു
ലക്കിടി യാർഡിന് സമീപമുള്ള ഈ ഡിപ്പോസിറ്റ് ലവൽ ക്രോസ് പാലക്കാട് ഡിവിഷനിൽ ഉൾപ്പെടുന്നതാണ്. 2026ൽ ഷൊർണൂർ മുതൽ പാലക്കാട് വരെ ഉള്ള എല്ലാ ലവൽ ക്രോസുകളും ഒഴിവാകുന്ന പശ്ചാത്തലത്തിൽ ബാക്കിയുള്ള ലക്കിടി ലവൽ ക്രോസ് ഒഴിവാക്കുന്നത് അത്യന്തം അനിവാര്യമാണെന്നും അതിനായി ആർഒബി.
നിർമാണം അതിവേഗം ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ഷൊർണൂർ മുതൽ പോത്തനൂർ വരെ ലൈൻ വേഗം 130–160 കിലോമീറ്റർ വരെ ഉയർത്താനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനിടെ, ഈ ലവൽ ക്രോസ് ഓപ്പറേഷനൽ കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളിയാണെന്നും എംപി കത്തിൽ പറയുന്നു.
ദിവസേന ആയിരക്കണക്കിന് ആളുകൾ ഈ വഴിയുപയോഗിക്കുന്നതായും പാമ്പാടി ഐവർമഠം ശ്മശാനത്തിലേക്കുള്ള ആംബുലൻസുകളും മറ്റു വാഹനങ്ങളും പലപ്പോഴും ഗേറ്റ് അടച്ചിരിക്കുന്നതിനാൽ തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ മുഴുവൻ റെയിൽ ക്രോസുകളും ഒഴിവാക്കാനുള്ള ഇടപെടലുകൾ തുടർന്നും നടത്തുമെന്നും ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായും എംപി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]