
ലക്കിടി ∙ വയനാട് ചുരത്തിൽ വാഹന പരിശോധനയ്ക്കിടെ ചുരത്തിൽനിന്നു താഴേക്കു ചാടിയ യുവാവിനെ തിരയുന്നു. ഇയാളുടെ വാഹനത്തിൽനിന്ന് പൊലീസ് എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖ് ആണ് ഇന്നലെ രാവിലെ 11 ഓടെ ചുരം റോഡിൽ വയനാട്ടിലേക്കുള്ള പ്രവേശനകവാടത്തിനടുത്തുനിന്ന് താഴേക്കു ചാടിയത്. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽനടത്തിയെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.
ചുരത്തിലെ ഒൻപതാം വളവിന് സമീപമാണ് യുവാവ് ചാടിയത്. ഗോവിന്ദച്ചാമി ജയിൽചാടിയതിന്റെ ഭാഗമായി ജില്ലയിലും വാഹന പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് യുവാവ് കോഴിക്കോടു ഭാഗത്തു നിന്ന് കാറുമായി എത്തിയത്.
കാറിൽ പൊലീസ് പരിശോധന ആരംഭിച്ചതോടെ യുവാവ് അസ്വസ്ഥനായി. പെട്ടെന്ന് കാറിന്റെ താക്കോലും കൈയിലെടുത്ത് ഒാടുകയായിരുന്നു.
കോഴിക്കോട് ഭാഗത്തേക്കുള്ള ദേശീയപാതയിലൂടെ ഒാടി വ്യൂപോയിന്റിന് സമീപത്തെ കുത്തനെയുള്ള ഇറക്കത്തിലൂടെയാണ് ഇയാൾ താഴേക്ക് ചാടിയത്. കുറെ ദൂരം നിരങ്ങി ഇറങ്ങിയാണ് പോയത്. പിന്നാലെ പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇറങ്ങിയ ഭാഗത്ത് നിന്ന് കുറച്ചകലെയുള്ള നീരൊഴുക്കുള്ള ഭാഗം വരെ ഷഫീഖിന്റേതാണെന്നു കരുതുന്ന കാൽപാടുകൾ കണ്ടെത്തി.
പിന്നാലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ, കാറിൽ നടത്തിയ വിശദമായ പരിശോധനയിൽ പൊലീസ് 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വാഹനത്തിനു താക്കോൽ ഇല്ലാത്തതിനാൽ യന്ത്രസഹായത്തോടെ വലിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഷെഫീഖ് ഫെബ്രുവരിയിൽ ബത്തേരിയിൽ 93 ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നയാളാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസും അഗ്നിരക്ഷാസേനയും ഇന്നും വീണ്ടും തിരച്ചിൽ തുടരും. ഇതിനിടെ താഴെയുള്ള ചുരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നടന്നെത്തി കടന്നു കളയാനോ മുകളിലേക്ക് കയറി കോളജ്, റിസോർട്ടുകളുള്ള ഭാഗത്ത് എത്താനോ ഉള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]