
എലപ്പുള്ളി ∙ കനത്ത കാറ്റിലും മഴയിലും പാലക്കാട്–പൊള്ളാച്ചി സംസ്ഥാനാന്തരപാതയിൽ 3 ഇടങ്ങളിൽ മരം വീണു ഗതാഗതം പൂർണമായി മുടങ്ങി. ചരക്കു വാഹനങ്ങളും യാത്രാ വാഹനങ്ങളും മണിക്കൂറുകളോളം കുരുക്കിൽപെട്ടു.
വാഹനനിര കൂട്ടുപാതവരെ നീണ്ടു. പൊലീസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം നാട്ടുകാരും ഓട്ടോഡ്രൈവർമാരും കൈകോർത്ത് മണിക്കൂറുകളോളം നീണ്ട
പരിശ്രമത്തിനൊടുവിലാണ് വാഹനങ്ങൾ ചിറ്റൂർ, കൊടുമ്പ് വഴികളിലൂടെ തിരിച്ചുവിട്ടു ഗതാഗത തടസ്സം നീക്കിയത്. മരങ്ങൾ മുറിച്ചു നീക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും തകർന്നു.
ഇതോടെ സംസ്ഥാനാന്തര പാതയോരത്തെ വീടുകളിൽ പൂർണമായി വൈദ്യുതി മുടങ്ങി. എലപ്പുള്ളി പഞ്ചായത്തിലെ 6 വാർഡുകളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുന്നത്.
ഒരിടത്തും ആളപായമുണ്ടായിട്ടില്ലെന്നാണു പ്രാഥമിക വിവരം. പള്ളത്തേരിയിൽ ഇരുചക്രവാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ട് ആറരയോടെ ചേർമ്പക്കാവിലാണ് ആദ്യം മരം വീണത്. പിന്നാലെ പള്ളത്തേരിയിൽ വൻമരം കടപുഴകി റോഡിനു കുറുകെ വീണതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
രാത്രി ഏഴരയോടെ കൂട്ടുപാത ഭാഗത്തും മരം വീണതോടെ പാലക്കാട്–പൊള്ളാച്ചി സംസ്ഥാനാന്തരപാത വഴിയുള്ള ഗതാഗതവും മുടങ്ങി.
സ്റ്റേഷൻ ഓഫിസർ ടി.ആർ.രാകേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റുകൾ ഒരുമിച്ചെത്തിയാണ് മരം മുറിച്ചു നീക്കുന്നത്. ചരക്കു ഗതാഗതം പൂർണമായി മുടങ്ങിയിട്ടുണ്ട്.
കൂട്ടുപാതയിൽനിന്നു തന്നെ വാഹനങ്ങൾ പൊലീസ് വഴി തിരിച്ചു വിടുന്നുണ്ട്. കസബ, വാളയാർ, ഹൈവേ പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തുണ്ട്. കസബ ഇൻസ്പെക്ടർ എം.സുജിത്തിന്റെയും എസ്ഐ എച്ച്.ഹർഷാദിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തു ക്യാംപ് ചെയ്താണ് നടപടികൾ ഏകോപിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]