
പാലക്കാട് ∙ വോട്ടർപട്ടികയിലെ ക്രമക്കേടും വാർഡ് വിഭജനത്തിലെ പ്രശ്നങ്ങളും സംബന്ധിച്ചു നാടാകെ പരാതികൾ ഉയരുമ്പോഴും ഔദ്യോഗിക പരാതികൾ അധികം ഇല്ല. ഓദ്യോഗികമായി പരാതികൾ നൽകിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിന് ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ല.
ഇത്തരം പരാതികൾ ഓൺലൈനായും നേരിട്ടും നൽകാൻ സംവിധാനമുണ്ട്.
കുമരംപുത്തൂരിൽ ഒരാൾക്ക് ഒന്നിലധികം വാർഡുകളിൽ വോട്ട്
∙ കുമരംപുത്തൂർ പഞ്ചായത്തിൽ കരട് വോട്ടർ പട്ടികയിലെ പല വോട്ടർമാർക്കും ഒന്നിലധികം വാർഡുകളിൽ വോട്ട്. നേരത്തെ 18 വാർഡുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 21 ആയിട്ടുണ്ട്.
പുതിയ അതിർത്തി വന്നെങ്കിലും ചില വോട്ടർമാർ പുതിയ വാർഡിലും പഴയതിലും ഉൾപ്പെട്ടു. ഇത് കള്ളവോട്ടിന് ഇടയാക്കുമെന്ന ആരോപണം ഉയരുന്നുണ്ട്.
പുതിയ വാർഡുകളിൽ ഉൾപ്പെട്ടവരെ പഴയ വാർഡിലെ വോട്ടർപട്ടികയിൽ നിന്നു മാറ്റണമെന്നാണ് ആവശ്യം. പഴയ വാർഡിൽ ഉള്ളവരെ പുതിയ വാർഡിലെ വോട്ടർ പട്ടികയിൽ നിന്നും മാറ്റണം.
വോട്ടർ പട്ടിക: അന്വേഷണത്തിന് ഡിസിസി സമിതി
പാലക്കാട് ∙ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചതായി ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ അറിയിച്ചു.
കമ്മുക്കുട്ടി എടത്തോൾ, കെ.എം.ഫെബിൻ, ബാബു നാസർ, കെ.ജി.എൽദോ, സജേഷ് ചന്ദ്രൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഓരോ തദ്ദേശസ്ഥാപനത്തിലും പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി തിരുത്താൻ അപേക്ഷ നൽകും.
പല വോട്ടർമാരുടെയും വോട്ട് സ്വന്തം വാർഡിലെ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ മറ്റു വാർഡുകളിലെ വോട്ടർമാർ അനധികൃതമായി ഇടംപിടിച്ചു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണു ക്രമക്കേട് നടത്തിയതെന്നും അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് 10 ഡിവിഷനുകളിലെ വോട്ടർമാരുടെ എണ്ണം അശാസ്ത്രീയമെന്ന് പരാതി
പാലക്കാട് ∙ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ വിഭജിച്ചത് വളരെ അശാസ്ത്രീയമായാണെന്ന് കോൺഗ്രസിന്റെ പരാതി.
31 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലായി ആകെ 24,51,200 വോട്ടർമാരാണുള്ളത്. ഒരു ഡിവിഷനിൽ ശരാശരി 79,070.9 വോട്ടർമാർ.
എന്നാൽ 31 ഡിവിഷനുകളിൽ 10 ഡിവിഷനുകളിലെ വോട്ടർമാരുടെ എണ്ണം അശാസ്ത്രീയമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കെപിസിസി അംഗം സജേഷ് ചന്ദ്രൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർക്കു നൽകിയ പരാതിയിൽ പറയുന്നു. നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ വട്ടേക്കാട് ഡിവിഷനിൽ 10,029 വോട്ടുകൾ അധികമായി ചേർത്തിട്ടുണ്ടെന്നും ഇത് ആസൂത്രിതമായി ജനവിധി അട്ടിമറിക്കാൻ വേണ്ടിയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പേരു ചേർക്കാനും തിരുത്താനും അവസരം ഓഗസ്റ്റ് 7 വരെ മാത്രം
∙ വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ മാത്രമാണ് അവസരം. പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസിലെ തീയതിയിൽ ആവശ്യമായ രേഖകളുമായി ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ നിന്നു പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി റജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കുകയും വേണം. ഓൺലൈൻ അല്ലാതെയും നിശ്ചിത ഫോമിൽ ഇലക്ഷൻ റജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷ നൽകാം.ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അതതു സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]