
സ്വർണാഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വലിയ ആശ്വാസം സമ്മാനിച്ച് ഇന്നും
വൻ വീഴ്ച. ഗ്രാമിന് 50 രൂപ കുറഞ്ഞ് വില 9,160 രൂപയായി.
400 രൂപ താഴ്ന്ന് 73,280 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ 3 ദിവസത്തിനിടെ ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയും കുറഞ്ഞു.
ജൂലൈ 23ന് സ്വർണവില സർവകാല ഉയരം തൊട്ടിരുന്നു. അന്ന് പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്നു വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച ഔൺസിന് 3,420 ഡോളർ മറികടന്ന രാജ്യാന്തര വില, ഇപ്പോഴുള്ളത് 32 ഡോളർ താഴ്ന്ന് 3,336 ഡോളറിൽ. ഒരുവേള വില 3,326 ഡോളർ വരെ ഇടിയുകയും ചെയ്തിരുന്നു.
∙ യുഎസും ജപ്പാനും തമ്മിൽ വ്യാപാരക്കരാർ പ്രഖ്യാപിച്ചതും യുഎസും യൂറോപ്യൻ യൂണിയനും ഉടൻ കരാർ പ്രഖ്യാപിക്കുമെന്ന സൂചനകളുമാണ് സ്വർണവിലയെ പ്രധാനമായും താഴേക്ക് നയിക്കുന്നത്.
∙ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലാണ് സാധാരണ സ്വർണവില കൂടുക.
ഇത്തരം സാഹചര്യങ്ങൾ ഒഴിയുന്നത് സ്വർണത്തിന് തിരിച്ചടിയാകുന്നു.
∙ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും സ്വർണത്തെ താഴേക്കുനയിച്ചു. ഈ മാസത്തെ പണനയ യോഗത്തിലും ഫെഡറൽ റിസർവ് (അമേരിക്കയുടെ കേന്ദ്രബാങ്ക്) അടിസ്ഥാന പലിശനിരക്ക് 4.25-4.50 ശതമാനത്തിൽ നിലനിർത്തിയേക്കും.
അമേരിക്കൻ പലിശയും സ്വർണവും തമ്മിലെന്ത് ബന്ധം?
അമേരിക്ക പലിശനിരക്ക് കുറച്ചാൽ അങ്ങോട്ടേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്ക് കുറയും.
പലിശനിരക്ക് കുറയുന്നത് ബാങ്ക് നിക്ഷേപം, ഗവൺമെന്റിന്റെ കടപ്പത്രം എന്നിവയെ അനാകർഷകമാക്കും. അവയിൽ നിക്ഷേപിക്കുന്നതിൽ നിന്ന് നിക്ഷേപകർ പിൻവലിയും.
ഇത് ഡോളറിന്റെ മൂല്യത്തെയും ബാധിക്കും. ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടുകയും വില ഉയരുകയും ചെയ്യും.
എന്നാൽ, ഈ സാഹചര്യം അകലുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
∙ പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും താരിഫ് പ്രശ്നങ്ങൾ അകലുന്നതും ഡോളറിനു നേട്ടമായി.
∙ യുഎസ് ഡോളർ ഇൻഡക്സ് അഥവാ യൂറോ, യെൻ, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങി 6 പ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ നിലവാരസൂചിക 0.31% മെച്ചപ്പെട്ട് 97.67ൽ എത്തി. ഇതോടെ സ്വർണവില താഴ്ന്നിറങ്ങി.
∙ യുഎസിൽ തൊഴിലില്ലായ്മ നിരക്ക് മൂന്നുമാസത്തെ താഴ്ചയിലേക്ക് വീണത്, സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയായി.
ഇതു പലിശയിറക്കത്തിന് തിരിച്ചടിയാണ്. അതായത്, സ്വർണത്തിന്റെ വീഴ്ച തൽക്കാലം തുടർന്നേക്കാം.
കുഞ്ഞൻ കാരറ്റുകളും വെള്ളിയും
കേരളത്തിൽ ഇന്നു വെള്ളിവില ചില കടകളിൽ ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 125 രൂപയായി.
മറ്റു ചില കടകളിൽ മാറ്റമില്ലാതെ 123 രൂപ. ‘കുഞ്ഞൻ’ കാരറ്റ് സ്വർണത്തിനും പലവിലയാണുള്ളത്.
∙ 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 40 രൂപ താഴ്ന്ന് 7,550 രൂപ.
മറ്റ് ജ്വല്ലറികളിൽ 40 രൂപ കുറഞ്ഞ് 7,515 രൂപ.
∙ 14 കാരറ്റ് സ്വർണത്തിനു വില 30 രൂപ കുറഞ്ഞ് ഗ്രാമിന് 5,855 രൂപ. 9 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് 3,375 രൂപ.
∙ 22 കാരറ്റ് അഥവാ 916 സ്വർണത്തെ അപേക്ഷിച്ച് വില വൻതോതിൽ കുറവാണെന്നതിനാൽ 18, 14, 9 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങൾക്കും കേരളത്തിൽ ആവശ്യക്കാരുണ്ട്.
∙ ഇവയ്ക്കും ഇപ്പോൾ ഹോൾമാർക്കിങ് ചെയ്യുന്നുണ്ട്.
9 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 3,375 രൂപയേയുള്ളൂ, 22 കാരറ്റ് സ്വർണം ഗ്രാമിന് 9,160 രൂപയാണ്.
∙ അധികപണച്ചെലവ് ഇല്ലാതെ വാങ്ങാമെന്നതിനാൽ സമ്മാനങ്ങൾ നൽകാനും മറ്റും ‘കുഞ്ഞൻ’ കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
∙ 9 കാരറ്റ് സ്വർണത്തിന്റെ വിശദാംശങ്ങൾ
വായിക്കാം.
കേരളവും സ്വർണത്തിന്റെ വാങ്ങൽവിലയും
ഇന്നൊരു പവന്റെ വില 73,280 രൂപയാണ്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഈ തുക മതിയോ? പോരാ.
∙ ഈ വിലയോടൊപ്പം 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം.
∙ പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് 3 മുതൽ 35% വരെയൊക്കെയാകാം.
∙ 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന് നൽകേണ്ടത് 79,307 രൂപ; ഒരു ഗ്രാം സ്വർണാഭരണത്തിന് 9,913 രൂപ.
∙ ഇന്നലെ വാങ്ങൽവില പവന് 79,739 രൂപയും ഗ്രാമിന് 9,967 രൂപയുമായിരുന്നു.
∙ റെക്കോർഡ് തകർത്ത ബുധനാഴ്ച പവനു വാങ്ങൽവില 81,210 രൂപയായിരുന്നു; ഗ്രാമിന് 10,151 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]