
കൽപറ്റ∙ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപറ്റ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ നൈജീരിയൻ പൗരനായ ഇക്കെണ്ണ മോസസിന് (28) 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു. കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി എ.ബി.
അനൂപാണ് വിധി പ്രസ്താവിച്ചത്. സൈബർ സാങ്കേതിക തെളിവുകൾ സമർപ്പിച്ചതിലൂടെ ഒരു വിദേശ പൗരൻ സൈബർ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടുവെന്ന അപൂർവതയും ഈ കേസിനുണ്ട്.
പ്രോസിക്യൂഷന് വേണ്ടി ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എം.എ.
നൗഷാദ്, അസിസ്റ്റന്റ് പ്രോസിക്യൂട്ടർമാരായ കെ.ആർ. ശ്യാം കൃഷ്ണ, അനീഷ് ജോസഫ് എന്നിവരാണ് നടപടികൾ മുന്നോട്ടു കൊണ്ടുപോയത്.
അന്വേഷണത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ കെ.എ. അബ്ദുൽ സലാമും സഹായിച്ചു.
മെഡിക്കൽ രംഗത്ത് കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് കൽപറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡ, യുകെ എന്നിവിടങ്ങളിലെ മൊബൈൽ നമ്പറുകളിലൂടെ ബന്ധപ്പെട്ട് 18 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ചതിന് അഞ്ചു വർഷവും കാനഡ എംബസിയുടെ വ്യാജ വീസയുൾപ്പെടെയുള്ള രേഖകൾ നിർമ്മിച്ചതിന് അഞ്ച് വർഷവും വ്യാജരേഖകൾ യഥാർഥമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചുകൊടുത്തതിന് രണ്ട് വർഷവുമാണ് ശിക്ഷ. പിഴയായി വിധിച്ച തുക പരാതിക്കാരിക്കു കൈമാറും.
തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിൽ പറയുന്നു. 2023 ഡിസംബറിൽ വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]