
വടവന്നൂർ ∙ ആംബുലൻസ് ഡ്രൈവർ എം.പ്രസീത, കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ശക്തമായ മഴയെ വകവയ്ക്കാതെ തനിച്ചു ഡ്രൈവ് ചെയ്തു രോഗിയുടെ വീട്ടിലെത്തി ആംബുലൻസിൽ കയറ്റി കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടങ്ങളും അസുഖങ്ങളും ഏത് പാതി രാത്രിയിലും ആർക്കും സംഭവിക്കാമെന്നും വിളിച്ചയുടൻ ആംബുലൻസുമായി എത്തി രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനു സമയം നോക്കാറില്ലെന്നും പ്രസീത പറയുന്നു. വടവന്നൂർ പറശ്ശേരിയിൽ കെ.രാധാകൃഷ്ണന്റെ ഭാര്യയായ പ്രസീത (36) മുൻ എംപി പി.ബാലചന്ദ്രമേനോന്റെ സ്മരണാർഥം സ്ഥാപിച്ച ഫൗണ്ടേഷന്റെ വടവന്നൂരിലെ ആംബുലൻസിലാണു ഡ്രൈവറായി പ്രവർത്തിക്കുന്നത്.
നഴ്സിങ് ഡിപ്ലോമ കഴിഞ്ഞ് എട്ടു വർഷത്തോളം സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റ് ആയി ജോലിചെയ്ത പ്രസീത ഡ്രൈവിങ് ലൈസൻസ് നേടി വാഹനങ്ങൾ ഓടിക്കുമായിരുന്നു.
അങ്ങനെ ഒരു കൗതുകത്തിലാണു പുരുഷന്മാർ കൈകാര്യം ചെയ്യുന്ന ആംബുലൻസ് ഡ്രൈവിങ് മേഖലയിലേക്കു രണ്ടുവർഷം മുൻപ് ഡ്രൈവറായി എത്തുന്നത്. ഈ ആംബുലൻസിനു മറ്റൊരു ഡ്രൈവർ കൂടി ഉണ്ടായിരുന്നെങ്കിലും മുൻപും രാത്രിയിൽ ആംബുലൻസ് എടുക്കേണ്ടി വന്നിട്ടുണ്ട്.
വീടിനു സമീപത്തെ ഒരു സ്ത്രീ വീണു തലയ്ക്കു പരുക്കുപറ്റിയപ്പോൾ കൊണ്ടുപോയത് മനസ്സിനെ നൊമ്പരപ്പെടുത്തിയ അനുഭവമാണെന്നു പ്രസീത പറയുന്നു.
തനിക്ക് അടുപ്പമുള്ള ആളുകളെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ മനസ്സിന്റെ നിയന്ത്രണം അത്യാവശ്യമാണ്. നഴ്സായതിനാൽ രോഗികൾക്കു മൂത്രത്തിന്റെ ട്യൂബ് മാറ്റൽ, മുറിവ് ഡ്രസ് ചെയ്തു കൊടുക്കൽ, ഇഞ്ചക്ഷൻ എന്നിവ നിരന്തരം ചെയ്തിട്ടുള്ളയാളെന്ന നിലയിൽ അപകടങ്ങൾ കാണുമ്പോൾ വലിയ ഭയമില്ല.
ഒരു ജോലി എന്നതിനപ്പുറം ഒരു കർത്തവ്യമായി കണ്ട് ആംബുലൻസ് ഡ്രൈവറായി തുടരണമെന്നാണു താൽപര്യമെന്നും പ്രസീത പറഞ്ഞു. ഭർത്താവ് കെ.രാധാകൃഷ്ണൻ ഷൊർണൂർ ഗവ.പ്രിന്റിങ് പ്രസിൽ ഓഫിസ് അറ്റൻഡൻഡ് ആണ്.
മക്കൾ: അമൃതേഷ്, ജാൻവി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]