
ഫാ. തോമസ് ആനിമൂട്ടിൽ(വികാരി ജനറൽ,കോട്ടയം അതിരൂപത)
ക്നായിത്തൊമ്മനിലൂടെ വിശ്വാസദീപം ഊതിക്കത്തിച്ച സമൂഹമാണു ക്നാനായ സഭ.
തങ്ങളുടെ വ്യക്തിത്വത്തിൽ ഉറച്ചുനിൽക്കാൻ സഭയ്ക്കു കരുത്തായതു കോട്ടയം രൂപതയുടെ സ്ഥാപനമാണ്. അതിന്റെ ശിൽപിയാണു മാർ മാത്യു മാക്കീൽ.മെസപ്പൊട്ടോമിയയിലെ എഡേസയിൽനിന്നു കച്ചവടത്തിനായി നൂറ്റാണ്ടുകൾക്കു മുൻപു കേരളക്കരയിലെത്തിയ ക്നായിത്തൊമ്മൻ തങ്ങളുടെ നാട്ടിലേതിനു സമാനമായ രീതിയിൽ ക്രൈസ്തവ വിശ്വാസവും പ്രേഷിത പ്രവർത്തനങ്ങളും നടത്തുന്ന ജനസമൂഹത്തെ കണ്ട് അദ്ഭുതപ്പെട്ടു.
നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം എഡേസയിലെ കാതോലിക്കോസിനെ കണ്ട് ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ക്രൈസ്തവരെ കണ്ടെത്തിയെന്നും എഡേസയിലേതുപോലെ മാർത്തോമ്മാ ശ്ലീഹാ തന്നെയാണ് അതിനു പിന്നിലെന്നും അദ്ദേഹത്തെ അറിയിച്ചു.അവരെ നയിക്കാൻ ശ്രേഷ്ഠരായ ആളുകളുടെ കുറവുണ്ടെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അങ്ങനെ അവരെ സഹായിക്കാനായി ക്നായിത്തൊമ്മന്റെ നേതൃത്വത്തിൽ നാനൂറോളം പേർ എഡി 345ൽ കേരളത്തിലേക്കു പുറപ്പെട്ടു.
ഉറഹ മാർ യൗസേഫ് എന്ന മെത്രാനും വൈദികരും ഡീക്കന്മാരും അടക്കം 72 കുടുംബങ്ങൾ ആ സംഘത്തിലുണ്ടായിരുന്നു.
കൊടുങ്ങല്ലൂരിൽ ഇറങ്ങിയ സംഘം, രാജാവായിരുന്ന ചേരമൻ പെരുമാളിനെ കണ്ടു. ആഗമന ഉദ്ദേശ്യത്തിൽ സന്തുഷ്ടനായ അദ്ദേഹം പട്ടണത്തിൽ സ്ഥലവും 72 പദവികളും അവർക്കു നൽകി.
കടൽതുരുത്ത് എന്നറിയപ്പെട്ടിരുന്ന കടുത്തുരുത്തിയിലേക്കും കല്ലിശേരി, കോട്ടയം, ചുങ്കം, ഉദയംപേരൂർ എന്നിവി ടങ്ങളിലേക്കും ഇവിടെനിന്ന് കുടിയേറ്റമു ണ്ടായി.15–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണു പോർച്ചുഗീസുകാരുടെ വരവ്. ഇവിടെ നിലനിന്നിരുന്ന സുറിയാനി ആരാധനാക്രമം ഉൾക്കൊള്ളാൻ ലത്തീൻ ഭാഷയിൽ ആരാധനാക്രമമുള്ള അവർക്കു കഴിഞ്ഞില്ല.
ഇത് അസ്വാരസ്യങ്ങൾക്കു കാരണമായി. ഗോവയിലെ മെത്രാപ്പൊലീത്ത അലക്സിസ് മെനേസീസ് 1599ൽ ഉദയംപേരൂരിൽ സുന്നഹദോസ് വിളിച്ചുകൂട്ടി ലത്തീൻ ആരാധനാക്രമം അനുസരിച്ചുള്ള മാറ്റങ്ങൾനടപ്പിലാക്കി.ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമായി വിശ്വാസികൾ മാറി.
പതിറ്റാണ്ടുകളോളം ഇരുവിഭാഗങ്ങളും ഒരുമിച്ചുനിന്നെങ്കിലും 1653ലെ കൂനൻകുരിശ് സത്യത്തോടെ ഭിന്നത പ്രകടമായി. പറങ്കി മെത്രാന്മാരെ ഇനി അംഗീകരിക്കില്ലെന്നായിരുന്നു കൂനൻകുരിശ് സത്യത്തിൽ പങ്കെടുത്തവരുടെ തീരുമാനം.
ഇവർ പുത്തൻകൂറ്റുകാരെന്നും മറുവിഭാഗം പഴയകൂറ്റുകാരെന്നും അറിയപ്പെട്ടു. പുനരൈക്യ ശ്രമങ്ങൾ പലവട്ടം നടന്നു.
ഒടുവിൽ, കേരളത്തിലുണ്ടായിരുന്ന സഭാ നേതൃത്വത്തെ പിൻവലിച്ചു തദ്ദേശീയ മെത്രാൻമാരെ വാഴിക്കാൻ റോമിൽനിന്നു ശ്രമം തുടങ്ങി.
1887ൽ തൃശൂർ, കോട്ടയം എന്നീ 2 വികാരിയത്തുകൾ സ്ഥാപിച്ചു. തനതു സംസ്കാരത്തിൽ നിലനിൽക്കാൻ അനുവദിക്കണമെന്നു കോട്ടയം വികാരിയത്തിൽ ഉൾപ്പെട്ട
തെക്കും ഭാഗവും വ്യത്യസ്ത അഭിപ്രായവുമായി വടക്കും ഭാഗവും വന്നതോടെ രണ്ടു വിഭാഗത്തിനുമായി വികാരി ജനറൽമാരെ വികാരി അപ്പസ്തോലിക്കയായ ചാൾസ് ലവീഞ്ഞ് നിയമിച്ചു.വടക്കും ഭാഗത്തിനു നിധീരിക്കൽ മാണിക്കത്തനാരും തെക്കുംഭാഗത്തിന് ഫാ. മാത്യു മാക്കീലുമായിരുന്നു വികാരി ജനറൽമാർ.
1896ൽ കേരളത്തിലെ വികാരിയത്തുകളെ വിപുലമാക്കി. എറണാകുളം പുതിയതായി വന്നതിനൊപ്പം കോട്ടയം ഇല്ലാതായി ചങ്ങനാശേരി വന്നു.
തൃശൂർ നിലനിന്നു.
3 വികാരിയത്തുകളിലേക്കുമായി 3 വികാരി അപ്പസ്തോലിക്കമാരെ നിയമിച്ചു. ചങ്ങനാശേരിയിൽ മാർ മാത്യു മാക്കീൽ നിയമിക്കപ്പെട്ടു.
15 വർഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. തെക്കുംഭാഗത്തിനു മാത്രമായി പുതിയ വികാരിയത്ത് എന്ന ആശയവുമായി മാർ മാക്കീലും സെക്രട്ടറി ഫാ.
അലക്സാണ്ടർ ചൂളപ്പറമ്പിൽ, ഫാ. മാത്യു വട്ടക്കളം എന്നിവരും 1911ൽ റോമിലേക്ക് പുറപ്പെട്ടു.
പത്താം പീയൂസ് മാർപാപ്പയെ കണ്ടു സാഹചര്യങ്ങൾ അറിയിച്ചു. 3 മാസം മാർ മാക്കീലും സംഘവും റോമിൽ തങ്ങി.ഒടുവിൽ 1911 ഓഗസ്റ്റ് 29നു ക്നാനായ സമൂഹം കാത്തിരുന്ന വികാരിയത്ത് കോട്ടയത്ത് മാർപാപ്പ അനുവദിച്ചു.
തൊട്ടടുത്ത ദിവസം മാർ മാത്യു മാക്കീലിനെ പ്രഥമ വികാരി അപ്പസ്തോലിക്കയായും നിയമിച്ചു. അന്നു മാർപാപ്പ മാക്കീൽ പിതാവിനു സമ്മാനിച്ച തൊപ്പിയും കുരിശുമാലയും രൂപതാ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുണ്ട്.
1923ൽ സിറോ മലബാർ ഹയരാർക്കി സ്ഥാപിതമായപ്പോൾ വികാരിയത്തുകൾ രൂപതകളാക്കി ഉയർത്തി.
അങ്ങനെ കോട്ടയം, തൃശൂർ, എറണാകുളം, ചങ്ങനാശേരി രൂപതകൾ നിലവിൽവന്നു.കൂനൻകുരിശ് സത്യത്തിനൊപ്പം വിട്ടുപോയ സമുദായാംഗങ്ങളെ തിരികെയെത്തിക്കാൻ മാർ മാക്കീൽ വലിയ ശ്രമങ്ങളാണു നടത്തിയത്. പലരും പുതിയ ആരാധന രീതികളോട് ഉൾച്ചേർന്നിരുന്നു.
ഇതിനിടെ മാർ മാത്യു മാക്കീൽ (1914) അന്തരിച്ചു.ഫാ. അലക്സാണ്ടർ ചൂളപ്പറമ്പിലാണ് അടുത്ത മെത്രാനായത്.
1921ൽ കുറെയാളുകൾ കത്തോലിക്കാ സഭയിലേക്കു തിരികെയെത്തി. ഏത് ആരാധനാക്രമം വേണമെന്നു തിരിച്ചുവരുന്നവർക്കു തീരുമാനിക്കാമെന്നായിരുന്നു റോമിൽനിന്നുള്ള നിർദേശം.
അങ്ങനെ അവർ ക്നാനായ മലങ്കര എന്നറിയപ്പെട്ടു. കോട്ടയം രൂപതയിൽ സിറോ മലങ്കര, സിറോ മലബാർ ആരാധനാക്രമം ഉപയോഗിക്കാനുള്ള അവകാശവും മാർപാപ്പ അനുവദിച്ചു.
1943ൽ പ്രഫ.
വി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ മലബാർ കുടിയേറ്റം ആരംഭിച്ചു. 72 കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ കാസർകോട്ടെ രാജപുരത്തേക്കു കുടിയേറിയത്. പിന്നീടു കണ്ണൂർ മടമ്പത്തേക്കും കുടിയേറ്റമു ണ്ടായി. 2003ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിലവിലെ സാഹചര്യത്തിൽ കോട്ടയം രൂപത തുടരട്ടെയെന്നു തീരുമാനമെടുത്തു.വർഷങ്ങൾക്കു ശേഷം സിനഡിന്റെ തീരുമാനപ്രകാരം 2005ൽ അതിരൂപതാ പദവിയും കോട്ടയത്തിനു ലഭിച്ചു.2017ൽ വിശ്വാസ, ധാർമിക കാര്യങ്ങളിലെ തീരുമാനം പ്രാദേശിക ബിഷപ്പും പൈതൃകം, പാരമ്പര്യം, വിളിച്ചുകൂട്ടൽ തുടങ്ങിയ കാര്യങ്ങളിൽ കോട്ടയത്തുനിന്നും തീരുമാനമെടുക്കാമെന്നു റോമിൽനിന്ന് അറിയിപ്പുണ്ടായി. മറ്റു രാജ്യങ്ങളിലെ ഇടവക പ്രവർത്തനത്തിന് ഇതു കരുത്തായി.
ക്നാനായ കത്തോലിക്കാ സഭ
∙ കേരളത്തിൽ – 26,832 കുടുംബങ്ങൾ, 14 ഫൊറോനകൾ, 153 പള്ളികൾ, 218 വൈദികർ
∙ വിദേശ രാജ്യങ്ങളിൽ – 13,152 കുടുംബങ്ങൾ
∙ മിഷൻ പ്രവർത്തനങ്ങളിൽ 478 വൈദികർ,116 ബ്രദേഴ്സ്, 1144 സിസ്റ്റർമാർ
∙ സന്യാസിനീ സഭകൾ – സിസ്റ്റേഴ്സ് ഓഫ് ദ് വിസിറ്റേഷൻ ഓഫ് ദ് ബ്ലെസ്ഡ് വെർജിൻ മേരി (546), സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (388), കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് (120), ലിറ്റിൽ ഡോട്ടേഴ്സ് ഓഫ് സെന്റ് ജോൺ ഗിൽബർട്ട് (80)
∙ പുരുഷന്മാർക്കു വേണ്ടിയുള്ള സന്യാസ സമൂഹങ്ങൾ – ഒബ്ലേറ്റ്സ് ഓഫ് സേക്രഡ് ഹാർട്ട്, വല്ലംബ്രോസൻ ബെനഡക്ടൈൻസ് സഭ, എംഎസ്പി മിഷനറി സൊസൈറ്റി
∙ മറ്റു സ്ഥാപനങ്ങൾ – കാരിത്താസ് ആശുപത്രി തെള്ളകം, ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രി കിടങ്ങൂർ, എംയുഎം ഹോസ്പിറ്റൽ മോനിപ്പള്ളി
∙ കോളജുകൾ – ബിസിഎം കോട്ടയം, പികെഎം ബി എഡ് മടമ്പം കണ്ണൂർ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, സെന്റ് പയസ് ടെൻത് രാജപുരം
ദൈവം നടത്തിയ വഴികൾ
മാർ മാത്യു മാക്കീൽജീവിതരേഖ
∙ 1851 മാർച്ച് 27 – നീണ്ടൂർ മാക്കീൽ പുത്തൻപുരയിൽ തൊമ്മൻ – അന്ന ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനനം.
∙ 1865 – സെമിനാരി പ്രവേശനം
∙ 1874 മേയ് 30 – പൗരോഹിത്യം
∙ 1874 ജൂൺ 8 – വരാപ്പുഴ മാനംപാടി പള്ളിയിൽ പുത്തൻ കുർബാന
∙ 1886 ഫെബ്രുവരി 1 – വരാപ്പുഴ സഹായ മെത്രാന്റെ സെക്രട്ടറി
∙ 1887 – ബ്രഹ്മമംഗലം സെമിനാരിയിലെ ലത്തീൻ പ്രഫസർ, ബ്രഹ്മമംഗലം, കടുത്തുരുത്തി പള്ളികളുടെ വികാരി
∙ 1889 – കോട്ടയം വികാരിയത്തിലെ തെക്കുംഭാഗം വികാരി ജനറൽ
∙ 1896 – ചങ്ങനാശേരി വികാരിഅപ്പസ്തോലിക്ക
∙ 1903 – ദെക്രേത്ത് പ്രസിദ്ധീകരണം (ഡിക്രി ഓഫ് ബുക്സ് എന്ന ഈ ഗ്രന്ഥം സിറോ മലബാർ സഭാ നിയമങ്ങൾക്ക് അടിസ്ഥാനമായി)
∙ 1911 – റോം യാത്ര
∙ 1911 ഓഗസ്റ്റ് 29 – കോട്ടയം വികാരിയത്ത് സ്ഥാപനം
∙ 1911 ഓഗസ്റ്റ് 30 – കോട്ടയം വികാരി അപ്പസ്തോലിക്ക
∙ 1914 ജനുവരി 26 – മരണം
∙ 2009 ജനുവരി 26 – ദൈവദാസൻ
∙ 2025 മേയ് 22 – ധന്യൻ
∙ 2025 ജൂലൈ 26 – ധന്യൻ പദവി ഔദ്യോഗിക പ്രഖ്യാപനം
തയാറാക്കിയത്:സിസ്റ്റർ മേഴ്സിലിറ്റ്
(കൗൺസിലർ, സിസ്റ്റേഴ്സ് ഓഫ് ദ് വിസിറ്റേഷൻ ഓഫ് ദ് ബ്ലെസ്ഡ് വെർജിൻ മേരി.മാർ മാക്കീലിനെ ധന്യൻ പദവിയിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ റോമിലെത്തി ഏകോപിപ്പിച്ചതു സിസ്റ്റർ മേഴ്സിലിറ്റാണ്)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]