
കോഴിക്കോട്∙ തോരാതെ പെയ്യുന്ന കർക്കടകമഴ. പാറക്കൂട്ടങ്ങളിൽ തലതല്ലി പതഞ്ഞു പുളഞ്ഞൊഴുകുന്ന ചാലിപ്പുഴ.
അതിലേക്ക് കയാക്കുമായി കുതിച്ചിറങ്ങുന്ന താരങ്ങൾ. ആവേശത്തിന്റെ മലവെള്ളപ്പാച്ചിലുമായി മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ്വാട്ടർ കയാക്കിങ്ങിനു കോടഞ്ചേരി പുലിക്കയത്ത് തുടക്കമായി.ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരമാണ് പുലിക്കയത്തെ ചാലിപ്പുഴയിലും പുല്ലൂരാംപാറയിലെ ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്നത്.
യുഎസ്, യുകെ, ചിലി, ബെൽജിയം, ഇറ്റലി, യുക്രെയ്ൻ, മലേഷ്യ, നേപ്പാൾ, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള 21 വിദേശതാരങ്ങൾ ഇത്തവണ മത്സരിക്കാനുണ്ട്. ആദ്യദിനം ഒളിംപിക്സ് മത്സരത്തിനുള്ള യോഗ്യതാ ഇനമായ എക്സ്ട്രീം സ്ലാലോം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് അധികമായിരുന്നു.
തുടർന്ന് അമച്വർ ബോട്ടർ ക്രോസ് മത്സരമാണ് ഇന്നലെ നടത്തിയത്. റിവർ ഫെസ്റ്റ് ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ഓരോ വർഷവും വിദേശ കയാക്കർമാരുടെ എണ്ണം വർധിക്കുന്നത് മലബാർ റിവർ ഫെസ്റ്റിവൽ ലോകശ്രദ്ധയാകർഷിക്കുന്നതിന്റെ തെളിവാണെന്ന് എംഎൽഎ പറഞ്ഞു.കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായിരുന്നു. അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ടൂറിസംവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, വാർഡ് അംഗം സൂസൻ വർഗീസ് കേഴപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കയാക്കിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, ഡിടിപിസി, പഞ്ചായത്തുകൾ തുടങ്ങിയവരാണ് കയാക്കിങ്ങ് ഫെസ്റ്റ് നടത്തുന്നത്.
ഒളിംപിക്സ് യോഗ്യതാമത്സരം ഇന്ന്
കോഴിക്കോട്∙ മലബാർ റിവർ ഫെസ്റ്റിവലിൽ ഇന്ന് പുലിക്കയത്ത് വനിത, പുരുഷ വിഭാഗം എക്സ്ട്രീം സ്ലാലോം പ്രഫഷനൽ മത്സരവും പ്രഫഷനൽ ബോട്ടർ ക്രോസ് മത്സരവും നടക്കും. ഒളിംപിക്സിനുള്ള ദേശീയ ടീമിലേക്കുള്ള ക്വാളിഫയർ മത്സരമാണ് ഇന്നു നടക്കുന്നത്.
അവസാന ദിനമായ നാളെ പുല്ലൂരാംപാറ ഇലന്തുകടവിൽ ഇരുവഞ്ഞിപ്പുഴയിൽ ഡൗൺ റിവർ മത്സരം നടക്കും. ഈ വർഷത്തെ ചാംപ്യൻഷിപ്പിൽ വേഗമേറിയ റാപ്പിഡ് രാജ, റാപ്പിഡ് റാണി താരങ്ങളെയും നാളെയറിയാം.
സമാപന സമ്മേളനം ഇലന്തുകടവിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]