
പത്തനംതിട്ട ∙ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ മഴയിലും ശക്തമായ കാറ്റിലും ഷെഡ് തകർന്നു കോട്ടാങ്ങൽ സ്വദേശി ബേബി ജോസഫ് (62) മരിച്ചു.
ജില്ലയുടെ വിവിധ മേഖലകളിൽ വ്യാപക നാശനഷ്ടം. പത്തനംതിട്ട, കോന്നി, സീതത്തോട്, റാന്നി, അടൂർ തുടങ്ങിയ സ്ഥലങ്ങളിലായി നൂറോളം മരങ്ങൾ കടപുഴകി വീണു.
റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിൽ മരം വീണ് 66 വീടുകൾക്ക് ഭാഗികമായ കേടുപാടുകളുണ്ടായി. 38 വില്ലേജുകളെ കാറ്റും മഴയും ബാധിച്ചു പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉൾപ്പെടെ മരം വീണു ഭാഗികമായി ഗതാഗത തടസ്സമുണ്ടായി.
തിരുവല്ല കുറ്റപ്പുഴ വില്ലേജിൽ 2 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി.
ഇന്നലെ ജില്ലയിൽ ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഓറഞ്ച് ജാഗ്രതാ നിർദേശം നിലവിലുണ്ടായിരുന്നു. മണിമലയാറ്റിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകളും സ്വീകരിച്ചിരുന്നു.
ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് മരം വീണും വൈദ്യുതത്തൂണുകൾ ഒടിഞ്ഞും വൈദ്യുതബന്ധവും തകരാറിലായി. ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ സാധ്യതയെ തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു.
കാറ്റിൽ ഉലഞ്ഞ് റാന്നി
ളാഹയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കാറ്റ് വീശിയത് 65 കിലോമീറ്റർ വേഗത്തിൽ. റാന്നി നഗര മേഖലയിൽ കാറ്റു വീശിയത് 48 കിലോമീറ്റർ വേഗത്തിലും.
കാറ്റിലും മഴയിലും റാന്നി മേഖലയിൽ വ്യാപക നാശം.
മരം വീണ് ഗൃഹനാഥൻ മരിച്ചു
കോട്ടാങ്ങൽ∙ കനത്ത കാറ്റിലും മഴയിലും മരംവീണു ഷെഡ് തകർന്നാണു കോട്ടാങ്ങൽ വെള്ളിക്കര ബേബി ജോസഫ് (60) മരിച്ച സംഭവം ഇന്നലെ വൈകിട്ട് ഏഴിനാണു പുറത്തറിയുന്നത്.ടാക്സി ഡ്രൈവറായ ബേബിയും ഭാര്യ ജ്യോതിയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സഹോദരിയുടെ വീട്ടിലായിരുന്ന ഭാര്യ ജ്യോതി, ബേബിയെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു.
അവർ പോയി നോക്കിയപ്പോഴാണ് വീടിനു ചേർന്നുള്ള ഷെഡിനു സമീപം ബേബി മരിച്ചു കിടക്കുന്നതായി കണ്ടെത്തുന്നത്.കാറ്റടിച്ചു മരം മുകളിലേക്ക് വീണു ഷെഡ് തകർന്നതാകാം കാരണമെന്നാണു പൊലീസ് നിഗമനം.
മല്ലപ്പള്ളി സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: മിലൻ, മെർലിൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]