
തിരുവനന്തപുരം ∙ ഏതു ചൂടേറിയ സമരത്തെയും തണുപ്പിക്കാൻ കഴിവുള്ള ഒരാളെ തലസ്ഥാനത്ത് ഇപ്പോൾ ഉള്ളൂ. കേരള പൊലീസിന്റെ ജലപീരങ്കി.
കമ്പും കല്ലുമൊക്കെയായി അക്രമാസക്തരായി വരുന്ന ഏതു സമരക്കാരും വരുൺ എന്നു പേരിട്ടിട്ടുള്ള ജലപീരങ്കിക്കു മുന്നിലെത്തിയാൽ ‘കുളിരുകോരും’. അതിനു കൊടിയുടെ നിറമോ സംഘടനാ ശക്തിയോ ഒന്നും ബാധകമല്ല.
അടുത്ത ദിവസങ്ങളിൽ രാജ്ഭവനും സെക്രട്ടേറിയറ്റിനും സർവകലാശാല ആസ്ഥാനത്തിനും മുന്നിൽ നടത്തുന്ന പ്രതിഷേധങ്ങളെല്ലാം പൊലീസ് അടിച്ചമർത്തിയത് ജല പീരങ്കി പ്രയോഗത്തിലൂടെയാണ്.
സമരക്കാരെ പിരിച്ചുവിടുന്നതിന് ലാത്തിച്ചാർജ് ഒഴിവാക്കാനാണ് പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നതെങ്കിലും സമരക്കാർക്ക് ലാത്തിയടിയെക്കാൾ പേടിയാണ് ജലപീരങ്കിയെ. സൈറൺ മുഴങ്ങുമ്പോഴേ സമരക്കാർ അപകടം തിരിച്ചറിയും.
ഒറ്റയ്ക്കുനിന്നാൽ ദൂരേക്ക് തെറിച്ചു പോകുമെന്നതിനാൽ പരസ്പരം കൈകോർത്ത് നിൽക്കുകയാണ് അടുത്ത ‘സമരരീതി’. വെള്ളം ചീറ്റിയിട്ടും സമരക്കാർ പിരിഞ്ഞു പോയില്ലെങ്കിൽ മാത്രമാണ് പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുക.
ആശങ്ക വേണ്ട,നല്ല വെള്ളം !
വെള്ളത്തിന്റെ ഗുണത്തെക്കുറിച്ചാണു പരാതിയെങ്കിൽ പേടിക്കേണ്ട.
ധൈര്യമായി കുളിച്ചോളൂ എന്നാണ് പൊലീസ് പറയുന്നത്. തോട്ടിലും ആറ്റിലും നിന്നുള്ള വെള്ളമാണ് പീരങ്കിയിൽ ഉപയോഗിക്കുന്നതെന്ന സമരക്കാരുടെ വാദത്തെ തള്ളുകയാണ് പൊലീസ്. ജല അതോറിറ്റിയുടെ വെള്ളയമ്പലത്തെ ചാർജിങ് പോയിന്റിൽ നിന്നാണ് ജലപീരങ്കിയിൽ വെള്ളം നിറയ്ക്കുന്നത്.
സമരത്തിനിടെ ടാങ്ക് കാലിയായാൽ നിറയ്ക്കാൻ ഫയർഫോഴ്സ് സഹായിക്കും.
പീരങ്കിയെക്കാൾ ഭീകരൻ
പുണെ ഡിഫൻസ് റിസർച് ഡവലപ്മെന്റ് അതോറിറ്റിയിൽ നിന്നാണ് ‘വരുണി’ന്റെ വരവ്. ടാങ്കിന്റെ സംഭരണ ശേഷി 12,000 ലീറ്ററാണ്.
ലക്ഷ്യം തെറ്റാതെ 50 മീറ്റർ ദൂരത്തേക്കു വരെ വെള്ളം ചീറ്റാം. ഫയർ എൻജിന്റെ ആകൃതിയിൽ നിർമിച്ച പീരങ്കിയുടെ മുകളിൽ ഘടിപ്പിച്ച രണ്ടു പൈപ്പുകൾ (ഗൺ) വഴിയാണു വെള്ളം ചീറ്റുന്നത്. പ്രതിഷേധക്കാരുടെ തലയ്ക്കു താഴേക്കു മാത്രമേ പീരങ്കി പ്രയോഗിക്കാവൂ എന്നാണു നിർദേശമെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല. വെള്ളത്തിന്റെ ശക്തി കൂട്ടാനും കുറയ്ക്കാനും കഴിയും. മിനിറ്റിൽ 2000 ലീറ്റർ മുതൽ 10,000 ലീറ്റർ വരെ വെള്ളം ചീറ്റിക്കാൻ കഴിയും.
ശരാശരി ശക്തിയിൽ വെള്ളം ചീറ്റിച്ചാൽ 5 മിനിറ്റ് കൊണ്ടു പീരങ്കി കാലിയാവും. അത്രയുംസമയം സമരക്കാർ പിടിച്ചുനിൽക്കില്ല എന്നതാണു പീരങ്കിയുടെ വിജയം.
രക്ഷപ്പെടാനും വഴികൾ
ജലപീരങ്കി പ്രയോഗിക്കാൻ തുടങ്ങിയാൽ അതിൽനിന്ന് അപകടമില്ലാതെ രക്ഷപ്പെടാനും പല രാഷ്ട്രീയക്കാർക്കും അറിയാം. വെള്ളം ചീറ്റുന്നതിനു മുൻപ് സൈറൺ മുഴക്കും.
ഇതു കേൾക്കുമ്പോഴേ സമരക്കാരിൽ പലരും ചെവിയിൽ വിരൽ കയറ്റും. വെള്ളത്തിൽ നിന്നു രക്ഷനേടാൻ പ്രതിഷേധത്തിനു മുൻപുതന്നെ ചെവിയിൽ പഞ്ഞി തിരുകി എത്തുന്നവരുമുണ്ട്.
ചെവിയിൽ വെള്ളം കയറിയാൽ ‘ഇയർ ബാലൻസ്’ തെറ്റുമെന്നാണ് അനുഭവം. വെള്ളത്തിന്റെ ശക്തിയിൽ ദൂരേക്ക് തെറിച്ച് വീണ് പരുക്കേറ്റവരും ഏറെയാണ്.
തീപിടിത്തം നിയന്ത്രിക്കാനാണ് ആദ്യ കാലങ്ങളിൽ ജലപീരങ്കി നിർമിച്ചത്.
1930 ൽ ജർമനിയിലാണു പ്രതിഷേധക്കാർക്കു നേരെ ആദ്യമായി ജലപീരങ്കി പ്രയോഗിച്ചത്. ലോകത്തിലെ എല്ലാ പൊലീസ് സേനയിലും പിൽക്കാലത്തു ജലപീരങ്കി അവിഭാജ്യഘടകമായി.കേരള പൊലീസിന് ആദ്യ കാലത്തു 3 ജലപീരങ്കികൾ മാത്രമാണ് ഉണ്ടായിരുന്നത്. സേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി 2007ൽ 11 എണ്ണം കൂടി എത്തി.
വരുണിനും കിട്ടും അടി
പ്രതിഷേധത്തിനിടെ സമരക്കാർ വരുണിനെ ആക്രമിക്കുന്നതും പതിവ് കാഴ്ച.
മുൻവശത്തെ ഗ്ലാസ് ഇരുമ്പ് നെറ്റ് ഉപയോഗിച്ച് മറച്ചിട്ടുള്ളതിനാൽ ആക്രമണങ്ങൾ വരുൺ ചെറുക്കുകയാണു പതിവ്. പിന്നെ അരിശം തീർക്കുക വെള്ളം ചീറ്റിക്കുന്ന പൊലീസുകാരോടാണ് പുറത്തുനിന്ന് വാഹനത്തിന്റെ ഡോർ തുറക്കാൻ കഴിയുന്ന ഹാൻഡ് ബാർ പൊലീസ് തന്നെ ഇളക്കി മാറ്റിയാണ് പോംവഴി കണ്ടെത്തിയിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]