
കണ്ണൂർ ∙ കേട്ടവർ ഞെട്ടി. പലരും വിശ്വസിക്കാൻ മടിച്ചു.
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി സെൻട്രൽ ജയിലിൽനിന്നു തടവുചാടിയെന്ന് വാർത്ത പേടിയോടെയാണ് മലയാളികൾ കേട്ടത്. എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരമനസ്സിന്റെ ഉടമയായിരുന്നു ഗോവിന്ദച്ചാമി.
അതുതന്നെയായിരുന്നു ആളുകളുടെ പേടിയും. ഗോവിന്ദച്ചാമിയെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന നാട്ടുകാരുടെ ജാഗ്രതയാണ് പിന്നീടു കണ്ടത്. രാവിലെ 7.30ന് വാർത്ത പുറത്തുവന്നപ്പോഴേക്കും ആളുകൾ ജയിൽ പരിസരത്തു തടിച്ചുകൂടിയിരുന്നു.
ഇയാളെ പിടികൂടാൻ പറ്റിയില്ലെങ്കിൽ എന്താകുമെന്നൊരു ആശങ്ക പലരും പങ്കുവച്ചു.
‘അന്നേ തൂക്കിക്കൊല്ലണമായിരുന്നെന്നു’ ചിലർ രോഷം പ്രകടിപ്പിച്ചു. ഗോവിന്ദച്ചാമിയെ കാണുന്നവർ പൊലീസിൽ വിവരമറിയിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ സന്ദേശം ഉടൻ തന്നെ എല്ലായിടത്തുമെത്തി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധനയാരംഭിച്ചു.
അപ്പോഴേക്കും വിവരം നാടാകെയറിഞ്ഞിരുന്നു. ഗോവിന്ദച്ചാമിയെ കണ്ടെത്താൻ നാട്ടുകാരും തയാറെടുത്തു.
ജയിൽചാട്ടം ഒരുവർഷം മുൻപും
കണ്ണൂർ ∙ ഗോവിന്ദച്ചാമിക്കു മുൻപ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കുറ്റവാളി കടന്നുകളഞ്ഞത് കഴിഞ്ഞ വർഷം ജനുവരി 14ന്.
ലഹരിമരുന്ന് കേസിൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ട കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹർഷാദാണ് ജയിൽചാടിയത്. 40 ദിവസത്തിനു ശേഷം തമിഴ്നാട് ഭാരതീപുരത്തെ വാടകവീട്ടിൽനിന്ന് പൊലീസ് ഇയാളെ പിടികൂടി.
ഇയാൾ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
പത്രമെടുക്കാനായി രാവിലെ പൊലീസ് സുരക്ഷയിലാണ് ഇയാൾ പുറത്തിറങ്ങിയത്. റോഡിൽ കാത്തുനിന്ന സുഹൃത്ത് റിസ്വാന്റെ ബൈക്കിൽ കയറി കടന്നു കളയുകയായിരുന്നു. 2020ൽ കോവിഡ് കാലത്തും സെൻട്രൽ ജയിലിൽ ജയിൽചാട്ടമുണ്ടായി.
കാസർകോട്ടെ ബാങ്ക് കവർച്ചക്കേസ് പ്രതി ഉത്തർപ്രദേശ് ആമിർപൂർ സ്വദേശി അജയ്ബാബു (19) ഐസലേഷൻ സെല്ലിൽനിന്നാണ് രക്ഷപ്പെട്ടത്. അന്നുതന്നെ പിടിയിലായി.
രൂപം മാറി; തിരിച്ചറിഞ്ഞില്ല
പൊലീസ് പുറത്തുവിട്ട
ഗോവിന്ദച്ചാമിയുടെ ഫോട്ടോയിൽ താടിയില്ലായിരുന്നു. തടിച്ച രൂപമായിരുന്നു.
എന്നാൽ താടിനീട്ടി, മെലിഞ്ഞ ശരീരവുമായി തലയിലെ തുണിക്കെട്ടിൽ ഇടതുകൈ ഒളിപ്പിച്ചുവച്ച് ഗോവിന്ദച്ചാമി നടന്നുപോകുന്നത് ആളുകളുടെ ശ്രദ്ധയിൽപെട്ടില്ല. ജയിലിൽനിന്നു രക്ഷപ്പെടുമ്പോൾ കറുത്ത ഷർട്ടും കറുത്ത പാന്റുമാണെന്നായിരുന്നു കമ്മിഷണർ പറഞ്ഞിരുന്നത്. എന്നാൽ പുറത്തിറങ്ങിയ ഗോവിന്ദച്ചാമി കറുത്ത ഷർട്ട് മാറ്റി വെള്ളയാക്കിയിരുന്നു.
അതും ആളെ തിരിച്ചറിയാതിരിക്കാൻ ഇടയായി. ജയിലിൽനിന്നു രക്ഷപ്പെടുന്ന ആൾ ജയിൽവസ്ത്രത്തിലാണെന്നാണു പലരും വിചാരിച്ചത്.
കൈ കാണിക്കാൻ പറഞ്ഞു; ചാമി ഓടി
ഗോവിന്ദച്ചാമിയെ പലരും കണ്ടെങ്കിലും തളാപ്പ് ഭാഗത്തുവച്ച് സ്കൂട്ടർ യാത്രക്കാരനായ വിനോജിനാണു ആദ്യം സംശയം തോന്നുന്നത്. ‘നീ ഗോവിന്ദച്ചാമിയല്ലേ’ എന്ന് ചോദിച്ചപ്പോൾ ഗോവിന്ദച്ചാമി വിരണ്ട് വേഗം നടന്നു. ഒരു ഓട്ടോറിക്ഷ ഡ്രൈവറെ കൂട്ടി വിനോജ് ‘നിന്റെ കൈ കാണിക്ക്’ എന്നു പറഞ്ഞപ്പോൾ ഓടി. വിനോജ് ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു.
പൊലീസും നാട്ടുകാരും ചേർന്നുള്ള പരിശോധനയും ഗോവിന്ദച്ചാമിയെ കണ്ടെത്തലും പിന്നീടു വേഗം നടന്നു. നാട്ടുകാരുടെ ജാഗ്രതയാണ് ഗോവിന്ദച്ചാമിയെ വേഗം പിടികൂടാൻ സഹായിച്ചതെന്നു സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞത് ജനത്തിനുള്ള അംഗീകാരമായി.
പ്രോസിക്യൂട്ടർമാർക്കും സാക്ഷികൾക്കും എന്തു സുരക്ഷ
കോടതിയിൽ വിചാരണയുടെ ഘട്ടത്തിൽതന്നെ ഗോവിന്ദച്ചാമി എനിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. വിചാരണയിൽ തമിഴ് വിവർത്തനത്തിന് ആളെ ആവശ്യമുണ്ടോ എന്ന് ചോദിക്കേണ്ട
സാഹചര്യമുണ്ടായി. അതിനു മറുപടിയായി തെറി വിളിക്കുകയാണ് ചെയ്തത്.
ഇറങ്ങിയ ശേഷം തന്നെ കണ്ടോളാം എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.വിചാരണ ദിവസങ്ങളിലെല്ലാം തമിഴ്നാട് റജിസ്ട്രേഷൻ കാറിൽ ചിലർ കോടതിയിൽ വരുമായിരുന്നു. ജയിലിൽ നിന്ന് ഇയാളെ കൊണ്ടുവരുന്നതിനു പിന്നാലെ വരുന്ന അവർ വിചാരണ സമയത്തെല്ലാം കോടതി പരിസരത്തുതന്നെ ഉണ്ടാകും.
ഒരു കുറ്റവാളി ജയിൽ ചാടി എന്നു പറയുമ്പോൾ പ്രോസിക്യൂട്ടർമാർക്ക് എന്തു സുരക്ഷിതത്വമാണ് ഉള്ളത്? എന്തു ധൈര്യത്തിലാണ് അവർ കേസ് വാദിച്ച് പ്രതിക്ക് ശിക്ഷ വാങ്ങി നൽകുക? സാക്ഷികൾക്ക് സുരക്ഷിതത്വമുണ്ടോ? പ്രതിയെ ജയിലിലാക്കിയാലും സുരക്ഷയില്ല എന്നു വന്നാൽ എത്രപേർ സാക്ഷി പറയാൻ വരും? ഇതെല്ലാം അധികാരികൾ ആലോചിക്കേണ്ടതാണ്.
ഒരു കൈ ഇല്ലാത്ത പ്രതി എങ്ങനെയാണു കുറ്റകൃത്യം ചെയ്യുക എന്നാണ് അന്ന് ചിലർ ചോദിച്ചത്.
ഇപ്പോൾ എങ്ങനെയാണ് കൈ ഇല്ലാത്ത ആൾ ജയിൽ ചാടിയത്. ജയിലുകൾ മനുഷ്യനെ നവീകരിക്കുമെന്നു പറഞ്ഞാണ് തൂക്കുകയർ ഒഴിവാക്കി, ജയിൽവാസം വിധിക്കുന്നത്.
എന്നിട്ട്, കുറ്റവാളികളെ നവീകരിക്കാനുള്ള എന്തെങ്കിലും നമ്മുടെ ജയിലുകളിൽ നടക്കുന്നുണ്ടോ? …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]