
കോഴിക്കോട്∙ കോർപറേഷൻ പരിധിയിലെ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് സർവകക്ഷി യോഗം ചേർന്നെങ്കിലും പ്രശ്ന പരിഹാരമായില്ല. വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകളാണുള്ളതെന്നും ഓഗസ്റ്റ് 7ന് അകം പരിഹരിക്കാനാകാത്തവിധം തെറ്റുകൾ പട്ടികയിലുണ്ടെന്നും പ്രതിപക്ഷ കക്ഷി നേതാക്കൾ കുറ്റപ്പെടുത്തി. പല ഡിവിഷനുകളിലും അടുത്ത ഡിവിഷനുകളിൽ നിന്നുള്ള അഞ്ഞൂറിലേറെ വോട്ടുകൾ കയറിക്കിടക്കുന്ന അവസ്ഥയാണ്.
ഒരു ഡിവിഷന്റെ വോട്ടർ പട്ടിക ശരിയാണോയെന്ന് പരിശോധിക്കണമെങ്കിൽ സമീപത്തെ രണ്ടോ മൂന്നോ ഡിവിഷനുകളുടെ വോട്ടർ പട്ടിക പരിശോധിക്കേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷ കക്ഷി നേതാക്കൾ പറഞ്ഞു.
കൂട്ടമായി വോട്ടുകൾ നഷ്ടപ്പെട്ട
കാര്യത്തിൽ പരാതി നൽകിയാൽ പരിഹരിക്കാമെന്നും പരാതികൾ കെ സ്മാർട്ട് വഴി നൽകുന്നപക്ഷം പരിഹരിക്കാനാകുമെന്നുമുള്ള നിലപാടാണ് റിട്ടേണിങ് ഓഫിസർ സ്വീകരിച്ചത്. ഒരു ഡിവിഷനിൽ 8700ൽ അധികം വോട്ടർമാരുണ്ടാകില്ലെന്നാണ് നേരത്തേ ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്.
എന്നാൽ പല ഡിവിഷനുകളിലും 9000ത്തിലധികം വോട്ടർമാരുണ്ടെന്നും അതേസമയം ചില ഡിവിഷനുകളിൽ 4500 വോട്ടർമാർ മാത്രമാണെന്നും പ്രതിപക്ഷ കക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടി. സിപിഎമ്മിൽ നിന്ന് ടി.പി.ദാസനും കോൺഗ്രസിൽ നിന്ന് കെ.സി.ശോഭിതയും എസ്.കെ.അബൂബക്കറും മുസ്ലിം ലീഗിൽ നിന്ന് പി.സെക്കീറും ബിജെപിയിൽ നിന്ന് എം.രാജീവ് കുമാറും പി.സുരേഷും പങ്കെടുത്തു.
കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ച് മുസ്ലിം ലീഗ്
കോഴിക്കോട്∙ കോർപറേഷനിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകളാണെന്നാരോപിച്ച് മുസ്ലിം ലീഗ് സൗത്ത് മണ്ഡലം ഭാരവാഹികൾ കോർപറേഷൻ സെക്രട്ടറി കെ.യു.ബിനിയെ ഉപരോധിച്ചു.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മുസ്ലിം ലീഗ് പ്രവർത്തകർ സെക്രട്ടറിയുടെ ഓഫിസിൽ വോട്ടർ പട്ടികയുടെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കാൻ എത്തിയത്. സൗത്ത് മണ്ഡലത്തിലെ പല വീട്ടിലുള്ള ചിലരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരു വീട്ടിലുള്ളവർ പല ബൂത്തുകളിലായുള്ള കാര്യവുമെല്ലാം ഇവർ ചൂണ്ടിക്കാട്ടി.
തുടർന്നാണ് മുസ്ലിം ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി സെക്രട്ടറിയെ ഉപരോധിച്ചത്.
ഉപരോധത്തിന്റെ വിവരം അറിഞ്ഞ് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് എത്തുകയും മുസ്ലിം ലീഗ് പ്രവർത്തകരുമായി വാക്ക് തർക്കത്തിലാകുകയും ചെയ്തു. ഇതിനിടയിൽ പൊലീസെത്തി സംഘർഷം ഒഴിവാക്കാനായി, ഡപ്യൂട്ടി മേയറെ അവിടെ നിന്നു മാറ്റി.
തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ കോർപറേഷൻ സെക്രട്ടറിയുടെ ഓഫിസിൽ നിന്ന് പുറത്താക്കി. തുടർന്ന് ലീഗ് പ്രവർത്തകർ വരാന്തയിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.
പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി.
മുസ്ലിം ലീഗ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.സക്കീർ, എസ്.വി.അർശുൽ അഹമ്മദ്, എൻ.സി.സമീർ, അഷ്റഫ്, കോയമോൻ, ഷിജിത്ത്ഖാൻ, പി.വി.ഷംസുദ്ദീൻ, കെ.വി.മൻസൂർ, സിറാജ് കിണാശ്ശേരി, ഇർഷാദ് മനു, എം.മുഹമ്മദ് മദനി, ബഷീർ മുഖദാർ, യുനസ് കോതി, സമീർ കല്ലായ്, എൻ.വി.സുൽഫിക്കർ, പി.വി.അബ്ദുമോൻ, ഷഫീഖ് കല്ലായ്, കെ.ഹാരിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.അനാവശ്യമായ ഉപരോധമാണ് മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയതെന്ന് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചിരുന്നെന്നും പ്രശ്നങ്ങൾ അതിൽ അവതരിപ്പിച്ചാൽ പരിഹരിക്കാവുന്നതാണെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]