മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സ്കാനിങ് പരിശോധനകൾ വൈകുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു. മാസങ്ങൾ കാത്തിരുന്നാലും പരിശോധനകൾ നടക്കുന്നില്ല.
പരിശോധന ഒരു വിധം പൂർത്തിയായാൽ റിപ്പോർട്ടിന് പിന്നെയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ഒരു വർഷത്തിലേറെയായി രോഗികൾ നേരിടുന്ന ചികിത്സാ പ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. പരിശോധനാഫലം സമയത്ത് ലഭിക്കാത്തതിനാൽ കാൻസർ രോഗികൾ വരെ തുടർചികിത്സയ്ക്കായി വിഷമിക്കുകയാണ്.
എംആർഐ, സിടി, അൾട്രാ സൗണ്ട് സ്കാനിങ് പരിശോധനകളാണ് അനിശ്ചിതമായി വൈകുന്നത്.
ഡോക്ടർമാരുടെ കുറവാണ് പരിശോധന താളം തെറ്റാൻ ഇടയാക്കുന്നത്. 7 ഡോക്ടർമാരുടെ കുറവാണ് ഈ പ്രധാന ചികിത്സാ വിഭാഗം നേരിടുന്നത്.
അനുവദിച്ച തസ്തികകളിൽ പോലും ഡോക്ടർമാരെ നിയമിക്കുന്നില്ല. നിലവിലെ 2 ഡോക്ടർമാരെ കാസർകോട് മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച മാനദണ്ഡമനുസരിച്ച് പ്രഫസർ– ഒന്ന്, അസോഷ്യേറ്റ് പ്രഫസർ–2, അസിസ്റ്റന്റ് പ്രഫസർ –3, സീനിയർ റസിഡന്റ് –4 എന്നീ ക്രമത്തിൽ 10 ഡോക്ടർമാർ റേഡിയോ ഡയഗ്നോസിസ് ചികിത്സാ വിഭാഗത്തിൽ വേണം.
ആശുപത്രിയിൽ ഒന്നുവീതം പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, 8 അസിസ്റ്റന്റ് പ്രഫസർ, 4 സീനിയർ റസിഡന്റ് ഉൾപ്പെടെ 14 ഡോക്ടർമാരുടെ തസ്തികകൾ നിലവിലുണ്ട്.
എന്നാൽ നിലവിൽ ഈ ചികിത്സാ വിഭാഗത്തിൽ ഒരു പ്രഫസറും ഒരു അസോഷ്യേറ്റ് പ്രഫസറും 5 സീനിയർ റസിഡന്റുമാരുമാണ് ജോലി ചെയ്യുന്നത്. 7 ഡോക്ടർമാരുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നു.
പ്രതിദിനം ശരാശരി 405 വിവിധ ഇനം പരിശോധനകൾ ഈ ചികിത്സാ വിഭാഗത്തിൽ നടക്കുന്നുണ്ട്. ഒരു ദിവസം എത്തുന്ന രോഗികളിൽ പകുതിയിലധികം പേർക്ക് പരിശോധനയ്ക്ക് നിലവിൽ ആശുപത്രിയിൽ സൗകര്യമില്ല.ആശുപത്രി വികസന സമിതി അംഗം കെ.എൻ.നാരായണൻ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു.
ആശുപത്രി അധികൃതർ കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് ഡോക്ടർമാരുടെ കുറവ് വ്യക്തമാക്കിയിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]