കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബഹുമതി സമ്മാനിച്ചു. അച്ഛൻ കെ. കെ. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്ന് ബഹുമതി ഏറ്റുവാങ്ങി.
കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ കൊലപ്പെടുത്തിയത്. മറ്റൊരു കേസിൽ പോലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ.വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിനെതിരെ 1050 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 84 ദിവസത്തിന് ശേഷമാണ് അന്വേഷണം അവസാനിപ്പിച്ച് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം പരിശോധിച്ചതിന് ശേഷമായിരിക്കും വിചാരണ നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് കോടതി തീരുമാനിക്കുക.
പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് നയിച്ചതെന്നാണ് സന്ദീപിന്റെ ജാമ്യാപേക്ഷയിൽ ഉണ്ടായിരുന്നത്. എന്നാൽ അത് തള്ളികളയുന്ന കണ്ടെത്തലുകളാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നെന്നും ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നുമാണ് പ്രധാന കണ്ടെത്തലായി കുറ്റപത്രത്തിലുള്ളത്. കൊല്ലം ക്രൈബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 11-അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 1,050 പേജുകളുള്ള കുറ്റപത്രത്തിൽ 136 സാക്ഷി മൊഴികളാണുള്ളത്. സംഭവ ദിവസം അവിടെയുണ്ടായിരുന്ന ഡോക്ടർമാർ, നേഴ്സുമാർ, സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ സാക്ഷികളായി രേഖപ്പെടുത്തിയിട്ടുണ്ട്.
The post വന്ദനാ ദാസിന് മരണാനന്തര ബഹുമതി; എം.ബി.ബി.എസ് ബിരുദം നൽകി ആദരിച്ച് ഗവർണർ; വേദിയിൽ കരച്ചിലടക്കാനാകാതെ അമ്മ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]