
ആലപ്പുഴ ∙ ഒരു മുദ്രാവാക്യത്തിനപ്പുറം ജനസാഗരത്തിന്റെ കണ്ണായും കരളായും മാറി
സ്വന്തം മണ്ണായ ആലപ്പുഴയിലെത്തി. നൂറുചുവപ്പൻ ഓർമകൾ സ്മരണകളിലേക്കെത്തിച്ച ചരിത്രയാത്ര.
കൊല്ലം കടന്ന് ആലപ്പുഴയുടെ മണ്ണിലേക്ക് വിലാപയാത്ര എത്തിയപ്പോൾ എതിരേറ്റത് തൊഴിലാളികൾ അടക്കമുള്ളവരുടെ നീണ്ടനിര. ‘ജീവിക്കുന്നു ഞങ്ങളിലൂടെ..:’ സമരനായകന് അഭിവാദ്യമർപിച്ച് മുദ്രാവാക്യം മുഴങ്ങി.
അതെ, വിഎസ് ഇനി ചിരസ്മരണ!
പുന്നപ്രയുടെ ആകാശം ഇന്നു പല തവണ മേഘാവൃതമായെങ്കിലും തിമിർത്തു പെയ്തില്ല. അവസാനമായി വിഎസിനെ കാണാൻ പറവൂരിലെ വീട്ടിലേക്ക് ജനമൊഴുകിയെത്തി.
ആലപ്പുഴയിലെ സിപിഎം നേതാക്കൾ ഒരുക്കങ്ങൾ വിലയിരുത്തി രാത്രി മുഴുവൻ വീട്ടിലുണ്ടായിരുന്നു. മുഖ്യമന്ത്രി ഇന്നലെ രാത്രി ആലപ്പുഴയിലെത്തിയിരുന്നു.
വീട്ടിലെ പൊതുദർശനത്തിനുശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും. പിന്നീട് ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം.
ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു കൊണ്ടുപോകും.
വേലിക്കകത്ത് വീട്ടിൽ തടിച്ചു കൂടിയ ഓരോരുത്തരും പ്രിയ സഖാവിന്റെ ഓർമകൾ നെഞ്ചോടു ചേർത്തു. വിഎസിനെ കാണാനും പരാതികളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കാനും എത്തിയ വീട്ടിൽ അവർ സഖാവിനെ അവസാനമായി കാണാന് കാത്തുനിന്നു.
വിഎസ് എന്ന സമുദ്രത്തിലേക്ക് ചെറുപുഴകളെപോലെ ജനക്കൂട്ടം ഒഴുകിയെത്തിയപ്പോൾ വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് ഓരോ പോയിന്റും കടന്നത്. രാത്രിയോടെതന്നെ പൊതുദർശനത്തിനുള്ള പ്രത്യേക പന്തൽ വീട്ടിൽ തയാറായി.
പൊലീസും റെഡ് വൊളന്റിയർമാരും ചേർന്നു തിരക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇന്നലെ രാത്രി 10.10ന് വിഎസിന്റെ ഭാര്യ വസുമതി, മകൾ ഡോ.
വി.വി.ആശ, മരുമകൾ ഡോ. രജനി ബാലചന്ദ്രൻ എന്നിവർ വേലിക്കകത്ത് വീട്ടിലെത്തി.
വിഎസ് ഹൃദയത്തോടു ചേർത്തുവച്ച ഇടമായിരുന്നു ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ പി.കൃഷ്ണപിള്ള സ്മാരക മന്ദിരം.
അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ വാങ്ങിയ ഭൂമിയിൽ 4 പതിറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിർമിച്ചതാണ് ഈ ഓഫിസ്. രാഷ്ട്രീയ ഗുരുവായ പി.കൃഷ്ണപിള്ളയുടെ പേരിലുള്ള ആ ഓഫിസിലേക്ക് വിഎസ് ഇന്ന് അവസാനമായി എത്തും.
പുന്നപ്ര– വയലാർ സമരഭടൻമാരുടെ ധീരസ്മരണകൾ ജ്വലിക്കുന്ന വലിയ ചുടുകാട് വിഎസിനെ ഏറ്റുവാങ്ങാൻ തയാറെടുപ്പുകൾ പൂർത്തിയാക്കി.
പുന്നപ്ര– വയലാർ രക്തസാക്ഷികളുടെയും പി.കൃഷ്ണപിള്ള ഉൾപ്പെടെയുള്ള മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയും സ്മൃതികുടീരങ്ങൾക്കരികിലാണ് വി.എസ്.അച്യുതാനന്ദന് അന്ത്യവിശ്രമം. പുന്നപ്ര– വയലാർ സമരനായകനായ വി.എസ്.അച്യുതാനന്ദൻ അവസാനമായി പങ്കെടുത്ത പൊതുപരിപാടി ഈ മണ്ണിലായിരുന്നു.
പി.കൃഷ്ണപിള്ള, എം.എൻ. ഗോവിന്ദൻനായർ, സി.കെ.
ചന്ദ്രപ്പൻ, ആർ.സുഗതൻ, കെ.ആർ. ഗൗരിയമ്മ അടക്കമുള്ള നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്നത് വലിയചുടുകാട്ടിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]