
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ അഞ്ചുമണിക്കൂറോളം പൊതുദർശനമുണ്ടായിട്ടും എല്ലാവർക്കും കൺനിറയെ കണ്ടുതീർക്കാൻ കിട്ടിയില്ല വിഎസിനെ. പൊതുദർശനം അവസാനിപ്പിച്ചതോടെ, കാണാൻ പുറപ്പെട്ടവർ വഴിയരികിൽ കാത്തുനിന്നു.
സെക്രട്ടേറിയറ്റിനു മുൻവശം മുതലുണ്ടായിരുന്നു ഇങ്ങനെ കാത്തുനിന്നവരുടെ നിര.
ബസ് പുറത്തേക്കെടുത്തപ്പോൾ ഓടിയെത്തിയ സ്ത്രീക്കു പ്രായാധിക്യം കാരണം ആദ്യം ബസിനരികിലേക്ക് എത്താനായില്ല. ഉയരക്കുറവുള്ള ഇവർ ബസിന് അടുത്തെത്തിയപ്പോഴാകട്ടെ വിഎസിന്റെ മുഖം ശരിക്കു കാണാനുമായില്ല.
വിഷമത തിരിച്ചറിഞ്ഞ കണ്ണൂരിൽനിന്നുള്ള പ്രവർത്തകൻ ഇവരുടെ അനുവാദത്തോടെ എടുത്തുയർത്തിയാണു വിഎസിനെ കാണിച്ചുകൊടുത്തത്. പലയിടത്തും പൊലീസുകാരും പ്രവർത്തകരും കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവരെ എടുത്തുയർത്തി വിഎസിനെ കാണാൻ അവസരമുണ്ടാക്കി.
പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം ബസ് എത്തിയപ്പോൾ വെയിറ്റിങ് ഷെൽട്ടറിൽനിന്നൊരു മുദ്രാവാക്യം. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത വ്യക്തിയാണ്.
വിഎസ് കടന്നുപോകുന്നുവെന്നറിഞ്ഞ് നിരങ്ങിയെത്തി അവിടെ ഇരിപ്പുറപ്പിച്ചതാണ്. വിഎസിന്റെ ചിത്രമുള്ള പത്രമുയർത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.
ആലപ്പുഴയിലേക്കുള്ള വഴി നീളെയുണ്ടായിരുന്നു ഇത്തരം കാഴ്ചകൾ.
വഴിയിൽ കാത്തുനിന്നവരിൽ ഏറെപ്പേരും കൊച്ചു കുട്ടികൾ. വിഎസിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒൻപതു വയസ്സുകാരൻ ഇഷാനോട് ഇഷ്ടത്തിന്റെ കാരണം തിരക്കി.
‘ വിഎസ് നാടിനു വേണ്ടി നല്ലതു ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇഷ്ടം’– ഒരു നിമിഷം വൈകാതെ മറുപടി വന്നു.
കാത്തിരിപ്പു തുടങ്ങിയിട്ടു നേരം കുറച്ചായി. മടുപ്പില്ലെന്നു കുട്ടികൾ.
‘കണ്ണേ കരളേ വിഎസ്സേ എന്നു മാത്രമല്ല, ‘ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ എന്നു തുടങ്ങി ഒരുപറ്റം മുദ്രാവാക്യങ്ങൾ വിലാപയാത്രയിലുടനീളം മുഴങ്ങി.
ഏതു മുദ്രാവാക്യത്തോടും ചേർത്തു വിളിക്കാവുന്ന പേരായിരുന്നതിനാൽ എല്ലാം ഇണങ്ങി. ചുവന്ന റോസാപ്പൂക്കളുമായി കാത്തുനിന്നവർക്കെല്ലാം മൃതദേഹത്തിലേക്ക് ഒരു പൂ സമ്മാനിക്കണം.
കഴിയുന്നത്ര അവസരമൊരുക്കി ബസിലുണ്ടായിരുന്ന നേതാക്കൾ.
പ്രിയസഖാക്കൾ, തൊട്ടരികെ
ആലപ്പുഴയിലേക്കുള്ള യാത്രയിൽ വിഎസിനരികിൽനിന്ന് ഒരുപറ്റം നേതാക്കൾ വിട്ടുമാറിയതേയില്ല. ബസിൽ മൃതദേഹത്തിനു പിന്നിലായി പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി തുടക്കം മുതലുണ്ടായിരുന്നു. മന്ത്രി പി.രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി.ജയരാജൻ, പുത്തലത്തു ദിനേശൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് എന്നിവരും വിഎസിനൊപ്പം യാത്ര ചെയ്തു.
ആലപ്പുഴക്കാരൻ കൂടിയായ സിപിഐയുടെ മന്ത്രി പി.പ്രസാദും എച്ച്.സലാം എംഎൽഎയും അനുഗമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ബസിനു മുൻപിൽ കാറിൽ അകമ്പടിയായി.
മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ടത്തെ മാവേലി എക്സ്പ്രസിൽ ആലപ്പുഴയിലെത്തി. ദേശീയ നേതാക്കൾ ഉൾപ്പെടെ നേതൃനിരയാകെ ഇന്ന് ആലപ്പുഴയിലുണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]