
ആർപ്പൂക്കര ∙ കരിപ്പൂത്തട്ട് ഗവ. ഹൈസ്കൂളിലെ ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള കെട്ടിടം ‘അൺഫിറ്റ്’ ആയിട്ടും പൊളിച്ചു മാറ്റുന്നില്ല.
തൊട്ടുചേർന്നിരിക്കുന്ന കെട്ടിടത്തിലേക്ക് കുട്ടികൾ പോകുന്നത് വീഴാറായ കെട്ടിടത്തിനരികിൽക്കൂടി. അപകടാവസ്ഥയിലായതിനെത്തുടർന്ന് കുട്ടികളെ 2022 മുതൽ കെട്ടിടത്തിൽ പ്രവേശിപ്പിക്കുന്നില്ല.1925ൽ പണിത കെട്ടിടത്തിന്റെ ഭിത്തിക്ക് ഉറപ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2022 മുതൽ ഫിറ്റ്നസ് നൽകുന്നില്ല.
ആർപ്പൂക്കര പഞ്ചായത്താണ് ഫിറ്റ്നസ് നൽകേണ്ടത്.
അരഭിത്തിക്കെട്ടിടമായാണ് ആദ്യം പണിതത്. 1960ലാണ് ഭിത്തി ഉയർത്തി കെട്ടിയടച്ചത്.
പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല.കെട്ടിടം പൊളിക്കാൻ നടപടി എടുക്കേണ്ടത് ജില്ലാ പഞ്ചായത്താണ്. സ്കൂൾ അധികൃതർ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്തിൽ പൊളിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു.
കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കലക്ടർ ജില്ലാ പഞ്ചായത്തിന് ഉത്തരവ് നൽകിയിരുന്നു. കലക്ടർ നൽകിയ കാലാവധി ഇന്നലെ അവസാനിച്ചു.
പലപ്പോഴായി എസ്റ്റിമേറ്റ് എടുക്കുന്നതല്ലാതെ പൊളിക്കൽ മാത്രം നടക്കുന്നില്ല.
ഭീഷണിയായി കൂറ്റൻ തേക്ക്
എപ്പോൾ വേണമെങ്കിലും വീഴാവുന്ന രീതിയിൽ കേടുപിടിച്ച കൂറ്റൻ തേക്കുമരവും കുട്ടികളുടെ ജീവന് ഭീഷണിയായി നിൽക്കുന്നു. മരം മറിഞ്ഞു വീണാൽ കുട്ടികൾ ഇപ്പോൾ പഠിക്കുന്ന കെട്ടിടം തകരും.
മരം വെട്ടുന്നതിന് 2 വർഷമായി ആലോചനകൾ നടക്കുകയാണ്.വനം വകുപ്പ് 2.5 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 2.5 ലക്ഷം രൂപ അടിസ്ഥാന തുകയാക്കി ലേലം ചെയ്തെങ്കിലും ലേലത്തിൽ വന്ന ഉയർന്ന തുക 1.5 ലക്ഷം രൂപയായിരുന്നു.
വനം വകുപ്പ് തീരുമാനിച്ച വിലയെക്കാൾ കുറവായതിനാൽ ലേലം റദ്ദാക്കുകയായിരുന്നു.
മഴ പെയ്താൽ വെള്ളക്കെട്ട്
മഴ പെയ്താൽ കുട്ടികൾ നടക്കേണ്ടത് വെള്ളത്തിലൂടെ. വെള്ളക്കെട്ടിൽ ഇട്ടിരിക്കുന്ന സിമന്റുകട്ടകളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് കുട്ടികളും അധ്യാപകരും നടക്കുന്നത്.
വിദ്യാർഥികൾ കൈകഴുകാനുപയോഗിക്കുന്ന ടാപ്പുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും സ്കൂൾ പരിസരവും കാടു കയറിക്കിടക്കുന്നു.
2 വർഷം മുൻപ് വരെ സ്കൂൾ വളപ്പിലെ കാടു വെട്ടിത്തെളിക്കാൻ ആർപ്പൂക്കര പഞ്ചായത്തിലെ തൊഴിലുറപ്പുകാരുടെ സഹായം ലഭിച്ചിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളാണിത്.
എന്നാൽ ജില്ലാ പഞ്ചായത്ത് തിരിഞ്ഞു നോക്കാറില്ലെന്ന് സമീപവാസികളും രക്ഷിതാക്കളും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]