
തിരുവനന്തപുരം∙ തിരുവിതാംകൂറിലെ സ്കൂൾ വിദ്യാർഥിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ വീടിനു ചുറ്റുമുള്ളവരാരും തിരുവനന്തപുരം കണ്ടിട്ടില്ല. പട്ടാളവും പ്രജകളും രാജാവുമൊക്കെ നിറഞ്ഞ തെരുവീഥികളായിരുന്നു കുട്ടിയായ വിഎസിന്റെ മനസ്സിൽ.
പി.കൃഷ്ണപിള്ളയുടെ കൈപിടിച്ചു കമ്യൂണിസ്റ്റായ വിഎസ് പിന്നീട് തിരുവനന്തപുരം കണ്ടു. കുട്ടിയായിരുന്നപ്പോഴുള്ള മോഹമൊക്കെ അസ്തമിച്ചു.
രാജാധികാരത്തിനെതിരായ പോരാട്ടമായിരുന്നു മനസ്സിലെന്നു വിഎസ് പിന്നീടു പറഞ്ഞിട്ടുണ്ട്.
1957 ഏപ്രിൽ 5ന് ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ ശേഷമായിരുന്നു വിഎസ് തിരുവനന്തപുരത്തു കാലുറപ്പിച്ചത്. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു സംസ്ഥാന രാഷ്ട്രീയത്തിലേക്കു വന്നതോടെ തിരുവനന്തപുരത്തെ തന്റെ സ്വന്തം മണ്ണായി വിഎസ് സ്വീകരിച്ചു.
പേട്ട ഭഗത് സിങ് നഗറിലും കുറവൻകോണത്തും വഴുതക്കാട് ഉദാരശിരോമണി റോഡിലുമായി വാടക വീടുകളിലായിരുന്നു താമസം.
1980ൽ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ താമസം എകെജി സെന്ററിൽ.
കോളജ് വിദ്യാർഥിയായ മകൾ വി.വി.ആശയെ ഹോസ്റ്റലിൽ താമസിപ്പിച്ചു. പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ കന്റോൺമെന്റ് ഹൗസിലും മുഖ്യമന്ത്രി ആയപ്പോൾ ക്ലിഫ് ഹൗസിലും താമസിച്ചു.
2016ൽ പിണറായി സർക്കാർ വന്നപ്പോൾ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ ആയിരുന്നു താമസം.
നേതാക്കൾക്കു താമസിക്കാൻ പാർട്ടി ഫ്ലാറ്റ് നിർമിച്ചെങ്കിലും വിഎസ് അവിടെ കുടിയേറിയില്ല.
സെക്രട്ടറിയായിരിക്കെ ഭാര്യയുടെ പേരിൽ വായ്പയെടുത്തു സ്ഥലമോ വീടോ വാങ്ങാൻ വിഎസ് തീരുമാനിച്ചു. വില അന്വേഷിച്ചപ്പോൾ തന്നെക്കൊണ്ട് അതു പറ്റില്ലെന്നു തീരുമാനിച്ചു.
പലരുടെയും മണ്ണു സംരക്ഷിക്കാൻ നിരന്തരം പോരാടിയ വിഎസിനു തലസ്ഥാനത്ത് ഒരുപിടി മണ്ണു സ്വന്തമാക്കാൻ സാധിച്ചില്ല, മരണം വരെ.
വാടക വീടുകളും വിഎസിന്റെ രാഷ്ട്രീയ ചർച്ചകളുടെ താവളമായിരുന്നെന്നു കേരള ഗവ.നഴ്സസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി പി.കെ.തമ്പി പറഞ്ഞു. താൻ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരിക്കെ വിഎസ് വിളിപ്പിച്ചു.
അദ്ദേഹത്തിന്റെ ഭാര്യ വസുമതി അപ്പോൾ അസോസിയേഷൻ ഭാരവാഹിത്വത്തിൽ ഉണ്ട്. സ്വതന്ത്ര സംഘടനയായിരുന്ന അസോസിയേഷനെ സിപിഎമ്മിലേക്കു കൊണ്ടുവരണം.
വിഎസിന്റെ ആ തീരുമാനം വൈകാതെ സാധിച്ചെടുത്തു. അദ്ദേഹത്തിന്റെ ഭാര്യ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായി.
നിയമ പോരാളിയായും
വഞ്ചിയൂർ ബാറിലെ അഭിഭാഷകനായ ചെറുന്നിയൂർ പി.ശശിധരൻനായരുമായുള്ള സൗഹൃദമാണു വിഎസിലെ നിയമ പോരാളിയെ വളർത്തിയത്.
നേരിട്ടു കാണാൻ വരുന്നവരിൽ ഗൗരവത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നരെയും പാർട്ടി കമ്മിറ്റികളിൽ പഠിച്ചു വിഷയങ്ങൾ അവതരിപ്പിക്കുന്നവരെയും വിഎസ് കൂടിക്കാഴ്ചയ്ക്കായി ക്ഷണിക്കാറുണ്ട്. അവർ പറയുന്നതല്ലാം കുറിച്ചെടുക്കും.
കേസിനുള്ള സാധ്യത ഉണ്ടോയെന്നു ശശിധരൻനായരോടു ചോദിക്കാനാണു കുറിപ്പുകൾ. മുല്ലപ്പെരിയാറിൽ തമിഴ്നാടുമായുള്ള കരാറിൽ പറയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ വിഎസിനു താൽപര്യം.
നിയമ വകുപ്പിലെ എ.ജി.ശശിധരൻ നായരെ വിളിച്ചു. ബ്രിട്ടിഷുകാരുടെ കാലത്തെ കരാറിനെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തണം.
ശശിധരൻ അതു തയാറാക്കി നൽകിയെങ്കിലും ആധാര ഭാഷ വിഎസിനു വഴങ്ങുന്നില്ല. പിന്നീടു വിശദമായ കുറിപ്പു നൽകിയതോടെയാണു വിഎസ് തൃപ്തനായത്.
പല കേസുകളിലും കുറിപ്പുകൾ തയാറാക്കാൻ ശശിധരൻ നായരെ വിളിച്ചുവരുത്തും. 2011ൽ പ്രതിപക്ഷ നേതാവായപ്പോൾ ശശിധരൻ നായരെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായ വിഎസ് നിയമിച്ചു.
കുറിപ്പുകളുമായി ചെറുന്നിയൂരിനെ കാണുന്ന വിഎസ്, കേസ് നിലനിൽക്കുമോയെന്നു ചോദിക്കും. ചെറുന്നിയൂർ ശരി വച്ചാൽ പിറ്റേന്ന് വിഎസ് കേസ് ഫയൽ ചെയ്തിരിക്കും.
ഇടനാഴിയും നടവഴി
തിരുവനന്തപുരത്ത് എത്തിയപ്പോൾ വിഎസ് തടിച്ച രൂപമായിരുന്നു.
പൊലീസ് മർദനമേറ്റതിനാൽ ശരീരഭാരം കുറയ്ക്കണമെന്നും ഭക്ഷണത്തിൽ ഉൾപ്പെടെ കൃത്യനിഷ്ഠ വേണമെന്നും പരിചയമുള്ള ഡോക്ടർമാർ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളിലേതു പോലെ ദിനചര്യകളിലും വിഎ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. എത്ര വൈകി കിടന്നാലും രാവിലെ 5നു മുൻപ് ഉണരും.
ആദ്യം ഒരു ഗ്ലാസ് കരിക്കിൻ വെള്ളം. പത്രവായന കഴിഞ്ഞാൽ നടപ്പ്.
വീട്ടിലാണെങ്കിൽ ട്രാക്ക് സ്യൂട്ടും ടീഷർട്ടും ഷൂസും ധരിക്കും. പുറത്താണെങ്കിൽ പതിവ് ലുങ്കി.
ഹോട്ടലുകളിലാണ് താമസമെങ്കിലും അതു മുടക്കില്ല. ഇടനാഴിയാണു നടവഴി.
കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ പ്രത്യേകം തയാറാക്കിയ പാമാന്തകം എണ്ണ തലയിലും കാച്ചിയ വെളിച്ചെണ്ണ ദേഹത്തും തേച്ചു പിടിപ്പിക്കും. ശേഷമാണു യോഗ.
താൻ കണ്ടകാലം മുതൽ വിഎസ് യോഗ അഭ്യസിക്കാറുണ്ടെന്ന് മുൻ സ്പീക്കർ എം.വിജയകുമാർ. താനും അദ്ദേഹത്തോടൊപ്പം യോഗം ചെയ്തിട്ടുണ്ട്.
താൻ അവസാനിപ്പിച്ചാലും അദ്ദേഹം തുടരും. പ്രായമേറെ ആയെങ്കിലും ശീർഷാസനമൊക്കെ അദ്ദേഹത്തിനു നിസ്സാരം.
കുറഞ്ഞത് അര മണിക്കൂറെങ്കിലും യോഗം ചെയ്യണമെന്ന് വിഎസിന് നിർബന്ധമുണ്ടായിരുന്നു. വെളുത്തുള്ളിയും എരിവും അധികം പാടില്ല.
നെയ്മീൻ കറിയാണെങ്കിൽ ഒരു കഷണം കൂടിയാകാം. ചിലപ്പോൾ പപ്പായ ആവശ്യപ്പെടാറുണ്ട്.
പഴുത്തു ചുവന്ന പപ്പായ കിട്ടിയാൽ സന്തോഷം.
മറക്കാത്ത മുഖം, ശംഖുമുഖം
ശംഖുമുഖം കടപ്പുറത്തെ ആ സന്ധ്യ വി.എസ്.അച്യുതാനന്ദൻ ഒരിക്കലും വിസ്മരിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയുടെ സമാപനം 2009 ഫെബ്രുവരി 26നു ശംഖുമുഖത്ത്.
പ്രകാശ് കാരാട്ട് ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം വേദിയിൽ. ലാവ്ലിൻ കേസിൽ ഉൾപ്പെടെ കടുത്ത നിലപാടു സ്വീകരിച്ചിരിക്കുന്ന വിഎസ് വരുമോ? ആശങ്കയ്ക്കു വിരാമമിട്ട് വിഎസും വന്നു കയറി. വിഎസിനെ സാക്ഷിയാക്കി പിണറായി പ്രസംഗിച്ചു: ‘ഒരു കുട്ടി കടൽ കാണാൻ പോയതുമായി ബന്ധപ്പെടുത്തി ഒരു ഉർദു കവിതയുണ്ട്.
കടൽ ആർത്തലയ്ക്കുന്നതു കണ്ട് ആഹ്ലാദിച്ച കുട്ടി ഒരു ബക്കറ്റിൽ കടൽ വെള്ളം കോരി വച്ചെങ്കിലും തിരയടിച്ചില്ല. ഇതു കണ്ടു വിഷമിച്ച കുട്ടിയോട് ബക്കറ്റിലെ വെള്ളം പറഞ്ഞത്, ഞാൻ സമുദ്രത്തിന്റെ മാർത്തട്ടിനോടു ചേർന്നു നിൽക്കുമ്പോഴേ തിരയാകാൻ കഴിയൂ, അപ്പോഴേ എനിക്കു ശക്തിവരികയുള്ളൂ… എന്നാണ്.’ പിണറായി പ്രസംഗിക്കുമ്പോൾ തല ഉയർത്തി വേദിയിൽത്തന്നെ ഉണ്ടായിരുന്നു വിഎസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]