
ആലപ്പുഴ ∙ വിശ്രമമില്ലാത്ത പോരാട്ടങ്ങൾ തുടങ്ങിയ ആലപ്പുഴയുടെ മണ്ണിൽ
ഇന്ന് അന്ത്യവിശ്രമം. പുന്നപ്ര – വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം ഇന്നു പടിഞ്ഞാറേ ആകാശം ചുവക്കുമ്പോൾ വിഎസ് രക്തതാരകമായി ഓർമകളിൽ പ്രകാശിച്ചുതുടങ്ങും.
വിഎസിന്റെ ഭൗതികശരീരം ഇന്നു രാവിലെ 9ന് അദ്ദേഹത്തിന്റെ പുന്നപ്ര പറവൂരിലെ വീട്ടിൽനിന്നു പൊതുദർശനത്തിനായി തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും.
പത്തിനുശേഷം ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. ഭൗതികശരീരം ഉച്ചകഴിഞ്ഞു മൂന്നിനു വലിയ ചുടുകാട്ടിലേക്കു കൊണ്ടുപോകും.
നാലിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. തുടർന്നു പാർട്ടിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും.
തിരക്കു കണക്കിലെടുത്ത് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി തിരിച്ചുവിടും. വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ടു പഴയ നടക്കാവ് റോഡിൽ ഇന്നു രാവിലെ 11 വരെ ഗതാഗതം നിരോധിച്ചു.
സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി ആലപ്പുഴയിലെത്തി. പാർട്ടി നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും എത്തുന്നുണ്ട്.
ആലപ്പുഴ ജില്ലയിൽ ഇന്ന് അവധി
തിരുവനന്തപുരം ∙ വിഎസിനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ബാങ്കുകളും പ്രവർത്തിക്കില്ല. സംസ്ഥാന വ്യാപകമായുള്ള ദുഃഖാചരണം നാളെ വരെയാണ്.
പിഎസ്സി ഇന്നത്തെ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എന്നാൽ, ഇന്നു നിശ്ചയിച്ചിട്ടുള്ള അഭിമുഖങ്ങൾക്കു മാറ്റമില്ല. കേരള, എംജി സർവകലാശാലകൾ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി.
പുതുക്കിയ തീയതി പിന്നീട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]