തിരുവനന്തപുരം∙ തലസ്ഥാനത്തെ വേലിക്കകം വീടുവിട്ട് രാവിലെ അവസാനയാത്രയ്ക്കായി
ഇറങ്ങുമ്പോള്‍ തോരാതെ മഴ പെയ്തു. സങ്കടക്കടൽപോലെ പുറത്ത് ജനക്കൂട്ടം.
ഒരു രാത്രി പ്രിയപ്പെട്ടവര്‍ക്കൊപ്പം കഴിഞ്ഞ ശേഷം, തന്നെ കാവലാളായ് കണ്ട ജനങ്ങള്‍ക്കിടയിലേക്കു വിഎസ് മടങ്ങിയെത്തി.
ജനനായകനായി അഞ്ചു വര്‍ഷം നിറഞ്ഞു നിന്ന സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയ പുഷ്പമഞ്ചത്തില്‍ ചെങ്കൊടി പുതച്ച് വിഎസ് കിടന്നു.
നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് വിഎസിനെ കാണാൻ ജനം ഒഴുകിയെത്തി, പ്രിയനേതാവിനെ ഒരുനോക്ക് കണ്ട് മനസ്സില്‍ സമരസ്മരണകളുടെ കരുത്തുറപ്പിക്കാന്‍. മുഖ്യമന്ത്രി പിണറായി വിജയന് രാവിലെതന്നെ വിഎസിന്റെ വീട്ടിലെത്തിയിരുന്നു.
ബന്ധുക്കളെ കണ്ടതിനു ശേഷം അദ്ദേഹം മടങ്ങിയെത്തി ദര്‍ബാര്‍ ഹാളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. 9 മണിക്കു ശേഷമാണ് വിഎസിന്റെ ഭൗതികശരീരം വിലാപയാത്രയായി ദര്‍ബാര്‍ ഹാളിലേക്കു കൊണ്ടുവന്നത്.
വഴിനീളെ നൂറുകണക്കിനാളുകള്‍ കാത്തുനിന്നു.
വിഎസ് എത്തുമ്പോഴേക്കും, ആയിരങ്ങള്‍ കാത്തുനില്ക്കുന്നെന്ന തിരിച്ചറിവാലെന്നപോലെ മഴ പിന്‍വാങ്ങിയിരുന്നു. സെക്രട്ടേറിയറ്റിന്റെ ഇരുഭാഗത്തുമുള്ള ഗേറ്റിലൂടെയാണ് ജനങ്ങള്‍ക്ക് ഉള്ളില്‍ കടന്ന് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, മന്ത്രി വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ തുടങ്ങിയവര്‍ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്കി. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സിപിഐ നേതാവ് ആനി രാജ, മന്ത്രിമാര്‍, എംപിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സിനിമാ രംഗത്തെ പ്രമുഖര്‍, സമുദായ നേതാക്കള്‍, പുരോഹിതന്മാര് തുടങ്ങി നിരവധി പേരാണ് വിഎസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.
സ്ത്രീകളും കൊച്ചുകുട്ടികളും അടക്കം ആയിരങ്ങള്‍ വരിനിന്നു, വിഎസിനെ അവസാനമായി കാണാന്‍.
സമരപോരാളിയുടെ ഓര്‍മകളില്‍ പലരും വിതുമ്പി. കേരളത്തിന്റെ കാവലാള്‍ നഷ്ടപ്പെടുന്നുവെന്നാണ് പലരും പ്രതികരിച്ചത്.
അനീതിക്കും അസമത്വത്തിനുമെതിരെ പ്രായം മറന്ന് വിഎസ് നടത്തിയ സമരപോരാട്ടങ്ങളെ അവര്‍ അനുസ്മരിച്ചു. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഇതുപോലൊരു നേതാവ് ഇനിയുണ്ടാവില്ലെന്നും, അവസാനമായി കണ്ടു വിടപറയേണ്ടത് തന്റെ ബാധ്യതയായി കരുതുന്നുവെന്നും വീല്‍ ചെയറില്‍ എത്തിയ യുവാവ് പറഞ്ഞു.
സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ വിഎസ് ഉണ്ടായിരുന്നെങ്കില്‍, കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആശിക്കുന്നുവെന്ന് ചിലര്‍ പറഞ്ഞു. എല്ലാ പ്രതികരണങ്ങളിലും ഒരു പോരാളിയുടെ മുഖമായിരുന്നു വിഎസിന്.
ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷം പൊതുദര്‍ശനം അവസാനിച്ചതോടെ പ്രത്യേകം തയാറാക്കിയ പുഷ്പാലംകൃതമായ ബസ് ദര്‍ബാര്‍ ഹാളിനു പുറത്തെത്തി.
വിപ്ലവനായകന്റെ പിറന്ന മണ്ണിലേക്കുള്ള അവസാനയാത്രയ്ക്കായി. ‘കണ്ണേ കരളേ വിഎസേ, ഇല്ലാ നമ്മള് പിരിയുന്നില്ല.’ മുദ്രാവാക്യം മുഴക്കി അനന്തപുരി പ്രിയസഖാവിന് വിടയേകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]