
തിരുവനന്തപുരം∙ 2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വി.എസ്.അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ കന്റോൺമെന്റ് ഹൗസിൽ നിന്ന് എകെജി സെന്ററിലേക്ക് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ജാഥ നടന്നു. ആരും വിളിച്ചുകൂട്ടാതെയെത്തിയ ആ പിന്തുണയായിരുന്നു വിഎസും തിരുവനന്തപുരവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം.
ആലപ്പുഴയാണു ജന്മദേശമെങ്കിലും വിഎസിന്റെ രാഷ്ട്രീയ തട്ടകം തിരുവനന്തപുരമായിരുന്നു. വിഎസ് നിശ്ചയദാർഢ്യമുള്ള പോരാളിയാകുന്നതും പിന്നീട് നിരായുധനായ നേതാവാകുന്നതും ഈ നഗരം കണ്ടു.
എല്ലാ ഘട്ടത്തിലും തലസ്ഥാന ജനത അദ്ദേഹത്തെയും അദ്ദേഹം തിരിച്ചും ചേർത്തുപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു.സിപിഎമ്മിൽ സിഐടിയു ലോബി പിടിമുറുക്കിയതോടെയാണ് വിഎസിന്റെ വീറ് ഉണരുന്നത്. മുസ്ലിം ലീഗുമായി യോജിക്കാമെന്ന ആ ലോബിയുടെ തീരുമാനത്തിന് എതിരായിരുന്നു വിഎസ്.
വിഎസിന്റെ പിന്നിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ… യുവനേതാക്കൾ തിളച്ചു നിൽക്കുന്ന കാലം. പാർട്ടിയുടെ പിറവി മുതൽ ഒപ്പം നടന്ന വിഎസ്, പിളർപ്പിന്റെ മുറിവുകൾ അനുഭവിച്ച സഖാവാണ്.
അദ്ദേഹത്തിനറിയാം, പാർട്ടി ഒപ്പം വേണമെങ്കിൽ അതിന്റെ ആസ്ഥാനം കൈപ്പിടിയിലായിരിക്കണം. അങ്ങനെയാണു വിഎസ് ബോധപൂർവം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ തന്റെ സ്വന്തം കമ്മിറ്റിയാക്കി മാറ്റുന്നത്.
പിരപ്പൻകോട് മുരളി, എം.വിജയകുമാർ, എസ്.സുശീലൻ, ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, സി.ജയൻ ബാബു, വി.ശിവൻകുട്ടി… നേതൃനിരയിൽ ശ്രദ്ധേയരായ ജില്ലാ നേതാക്കളെല്ലാം വിഎസിനൊപ്പം നിന്നു. അപ്പോഴാണു തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാർട്ടി പെട്ടുപോകുന്നത്.
ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടു. അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചപ്പോൾ ചടയൻ ഗോവിന്ദനെ അതിന്റെ കൺവീനറാക്കണമെന്ന് വിഎസ് നിഷ്കർഷിച്ചു.
തനിക്കൊപ്പം നിൽക്കുന്നവർക്കൊരു പോറൽ പോലും ഏൽക്കാതിരിക്കാനുള്ള വിഎസിന്റെ കരുതൽ. സിഐടിയു പക്ഷത്ത് ആനത്തലവട്ടം ആനന്ദൻ, കെ.അനിരുദ്ധൻ, ചാല മോഹനൻ എന്നിവർ.
എറണാകുളത്ത് സിഐടിയു ലോബി കരുത്താർജിച്ചെങ്കിലും തലസ്ഥാനത്ത് അതിനുള്ള ഇടം വിഎസ് നൽകിയില്ല.
തുടർന്നുള്ള ജില്ലാ സമ്മേളനത്തിൽ എം.സത്യനേശനെ സെക്രട്ടേറിയാക്കി പ്രശ്നങ്ങളെല്ലാം വിഎസ് അവസാനിപ്പിച്ചു.പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ബഹുഭൂരിപക്ഷം നേതാക്കളെയും സ്വന്തം വശത്തു നിർത്തിയ വിഎസ് സംസ്ഥാനത്താകെ വിമത ശബ്ദങ്ങൾക്കു ഭയമായി മാറി. മലപ്പുറം സംസ്ഥാന സമ്മേളനത്തോടെയാണു തിരുവനന്തപുരത്തെ ചില നേതാക്കൾ വിഎസിനെ കൈവിടുന്നത്.
വിഎസ് ഗ്രൂപ്പിൽ തന്നെ ഭിന്നിപ്പുണ്ടായി. വിഎസ് പക്ഷം ജയിച്ചാൽ തിരുവനന്തപുരത്ത് പാർട്ടിയെ ഭരിക്കുന്നതു സുശീലനായിരിക്കുമെന്ന് വിഎസ് പക്ഷത്തുള്ളവർ സംശയിച്ചു.
അതു സമ്മതിച്ചുകൊടുക്കാൻ തയാറാകാത്ത വിഎസ് പക്ഷക്കാരെ വല വീശാൻ എതിർപക്ഷത്ത് ആളുകളും ഉണ്ടായിരുന്നു. ആ ഉന്നം പിഴച്ചില്ല.
മലപ്പുറത്ത് വിഎസ്സിനെതിരെ ആദ്യം ഉയർന്നതു തിരുവനന്തപുരത്തു നിന്നുള്ള ശബ്ദമായിരുന്നു. 2001ൽ പ്രതിപക്ഷ നേതാവായപ്പോഴും വിഎസ് തിരുവനന്തപുരത്തു തന്നെ കേന്ദ്രീകരിച്ചു.
ആസൂത്രണങ്ങളെല്ലാം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ. വിഎസിനെ തേടി നേതാക്കളുടെയും പരാതിക്കാരുടെയും പ്രവാഹമായിരുന്നു.
കോവളം കൊട്ടാരം ഉൾപ്പെടെ കയ്യേറ്റങ്ങൾക്കെതിരെ വിഎസ് ഉച്ചത്തിൽ ശബ്ദിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിന് സീറ്റ് നിരസിച്ചു.
നിർണായക നിമിഷത്തിൽ ഒപ്പം നിന്നതും തിരുവനന്തപുരത്തെ സാധാരണക്കാരായ പാർട്ടിക്കാരായിരുന്നു.
കന്റോൺമെന്റ് ഹൗസിൽ നിന്ന് എകെജി സെന്ററിലേക്ക് പ്രകടനം നടത്തിയ പാർട്ടി അംഗങ്ങളിൽ പലരും പിന്നീടു പുറത്തായി. അന്നു കെ.ചന്ദ്രൻ പിള്ള, എസ്.ശർമ, സി.എസ്.സുജാത എന്നിവരൊക്കെ കന്റോൺമെന്റ് ഹൗസിന് അകത്തായിരുന്നു.
സീറ്റ് ലഭിച്ചപ്പോഴും ജയിച്ചു മുഖ്യമന്ത്രിയായപ്പോഴും പിന്നീടു പ്രതിപക്ഷത്തായിരുന്നപ്പോഴും വിഎസ് തലസ്ഥാനത്തിന്റെ പ്രിയപ്പെട്ടവൻ. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിലും പീന്നീട് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായിരിക്കെ കവടിയാർ ഹൗസിലുമായിരുന്നു വിഎസിന്റെ താമസം.
ഒടുവിൽ മകൻ വി.എ.അരുൺകുമാറിന്റെ ബാർട്ടൺ ഹില്ലിലെ വസതിയിലും. തലസ്ഥാനത്തെ എത്രയോ വേദികളിൽ വിഎസിന്റെ ആ ശബ്ദം ജ്വലിച്ച് ഉയർന്നിരിക്കുന്നു.
എത്രയോ പൊതു പരിപാടികളിൽ വിഎസ് ഉണ്ടായിരുന്നു. എകെജി സെന്ററിലും സെക്രട്ടേറിയറ്റിലും നിയമസഭയിലും എല്ലാമായി വിഎസ് ഇവിടെ നിറഞ്ഞുനിന്നു.
വിഎസിനോടുളള ആ സ്നേഹവായ്പാണ് ഇന്നലെ മുതൽ തലസ്ഥാനം പ്രകടിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]