
മാരാരിക്കുളം നിയമസഭാ മണ്ഡലവും 1996ലെ തിരഞ്ഞെടുപ്പും ഓർമയിലെ മായാത്ത മുറിപ്പാടായിരുന്നു വിഎസിന്. ഒരിക്കലൊഴികെ എല്ലാ തവണയും സിപിഎം പിന്തുണയുള്ളവർ മാത്രം ജയിച്ചിട്ടുള്ള ആ പാർട്ടിക്കോട്ടയിൽ മത്സരിക്കുമ്പോൾ വൻഭൂരിപക്ഷത്തോടെയുള്ള ജയമല്ലാതെയൊന്നും വിഎസിന്റെ മനസ്സിൽ ഉണ്ടായിരിക്കാൻ തരമില്ല.
ഉറച്ച കാൽവയ്പുകളോടെ പോരാട്ടങ്ങളുടെ മുന്നിൽ നടന്ന വിഎസിനു പക്ഷേ, ’96ൽ ചുവടു തെറ്റി. തോൽക്കാനായി മാത്രം മത്സരിക്കുന്നയാൾ എന്നു പേരു പതിഞ്ഞ കോൺഗ്രസുകാരൻ പി.ജെ.ഫ്രാൻസിസിനു മുന്നിൽ വിഎസ് തോറ്റുമടങ്ങി.
1,965 വോട്ടിന്. തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ഇ.കെ.നായനാർ മുഖ്യമന്ത്രിയായി.
ഏറെക്കാലം പാർലമെന്ററി രംഗത്തുനിന്നു മാറിനിന്ന വിഎസ് 1991ൽ വീണ്ടും മത്സരത്തിനിറങ്ങിയപ്പോൾ മാരാരിക്കുളം നൽകിയത് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്.
പക്ഷേ, യുഡിഎഫ് അധികാരം നേടിയതിനാൽ വിഎസിനു പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു. അതിനു പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു 4 വോട്ടിന് ഇ.കെ.നായനാരോടു തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തെ തിരിച്ചടി.
96ൽ എൽഡിഎഫ് അധികാരത്തിലെത്തുമെന്നും മത്സരരംഗത്തുള്ള ഏക പൊളിറ്റ് ബ്യൂറോ അംഗമായ വിഎസ് മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു പാർട്ടിയിലും പുറത്തും ഏറെ പ്രചാരമുള്ള വിശ്വാസം.
പാർട്ടി സംസ്ഥാന സെക്രട്ടറിയായ നായനാർ മത്സരിക്കുന്നുമില്ല. മുഖ്യമന്ത്രിയെ സിപിഎം മുൻകൂർ പ്രഖ്യാപിക്കാറില്ലെന്നു നേതാക്കൾ ചട്ടം പറഞ്ഞെങ്കിലും വിഎസിനെ മുഖ്യമന്ത്രിയായി കണ്ട
ഒട്ടേറെപ്പേരുണ്ടായിരുന്നു. അത്തരം പ്രതീക്ഷകളാണ് അത്തവണ മാരാരിക്കുളത്ത് അട്ടിമറിച്ചത്.
ആ തോൽവിക്കു വിശ്വസനീയമായ കാരണം പാർട്ടി കണ്ടെത്തിയിട്ടില്ല.
പാർട്ടി കണ്ടുപിടിച്ചത് ഒരു തരംഗ സിദ്ധാന്തമാണ് – ചേർത്തലയിൽ എ.കെ.ആന്റണി മത്സരിക്കുന്നതിനാൽ താലൂക്കിലാകെ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായി! വിഎസ് മുഖ്യമന്ത്രിയാകുന്നതു തടയാൻ പാർട്ടിയിലെ എതിർപക്ഷം മാരാരിക്കുളത്തു കാലുവാരിയെന്നു സൂചിപ്പിക്കുന്ന പരാതികൾ പൊളിറ്റ് ബ്യൂറോയ്ക്കു മുന്നിൽ വരെ എത്തിയിരുന്നു.
തോൽക്കുമ്പോൾ വിഎസ് പൊളിറ്റ് ബ്യൂറോ അംഗമാണ്.
ആന്റണി തരംഗത്തിനു പുറമെ ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം, ജെഎസ്എസ് രൂപീകരണം എന്നിവയും തോൽവിക്കു കാരണമായെന്ന് എതിർചേരി വാദിച്ചപ്പോൾ മത്സരിക്കുന്നതു പൊളിറ്റ് ബ്യൂറോ അംഗമാണെന്ന ഗൗരവം പാർട്ടി നേതൃത്വം കാട്ടിയില്ലെന്നു വിഎസ് പക്ഷം ആരോപിച്ചു. മാരാരിക്കുളത്തു പ്രവർത്തനം ഉഴപ്പൻ മട്ടിലാണെന്ന വിവരം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കും കിട്ടിയിരുന്നു.
തോൽവിക്കു മറ്റു കാരണങ്ങൾ പറഞ്ഞ ചില നേതാക്കൾ പിന്നീടു കാലുവാരൽ ആരോപണം ശരിവയ്ക്കുകയും ചെയ്തു. പാർട്ടിക്കാർ തന്നെയാണു വോട്ട് മറിച്ചതെന്നു പിന്നീട് ആലപ്പുഴയിൽ ഇ.കെ.നായനാർ തന്നെ പറഞ്ഞു.
വിഎസ് സുരക്ഷിതനല്ലെന്ന സൂചന നേരത്തെ തന്നെ പാർട്ടിയുടെ ജില്ലാ, നിയോജക മണ്ഡലം കമ്മിറ്റികൾക്കു ലഭിച്ചിരുന്നെന്നാണ് അന്നത്തെ ചർച്ചകളിൽ തെളിഞ്ഞത്.
ബൂത്ത് കമ്മിറ്റികൾ നൽകിയ വിവരം അനുസരിച്ചു വിഎസ് 4,000ൽ ഏറെ വോട്ടിനു തോൽക്കാൻ സാധ്യതയുണ്ടെന്നു നേതാക്കൾ അറിഞ്ഞിരുന്നു. പക്ഷേ, പരിഹാര നടപടിയുണ്ടായില്ല. പല നേതാക്കളെയും പ്രവർത്തകരെയും ചില നേതാക്കൾ ബോധപൂർവം മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളത്തെ കാര്യമായി ശ്രദ്ധിച്ചില്ലെന്നുമൊക്കെ പരാതിയുണ്ടായി.
വിഎസിനെയും ഈ അപകട സാധ്യത അറിയിച്ചിരുന്നില്ല.
10,000 വോട്ടിനു ജയിക്കുമെന്നാണു നേതാക്കൾ വിശദീകരിച്ചിരുന്നത്. നടപടി പിന്നീടുണ്ടായി.
ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു. മാരാരിക്കുളത്തെ ചുമതലക്കാരായ ചില നേതാക്കളെ സ്ഥാനങ്ങളിൽനിന്നു മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]